Women’s World Cup 2025: വിട്ടുവീഴ്ചയില്ലാതെ പാകിസ്താൻ; ലോകകപ്പിനായി വനിതാ ടീം ഇന്ത്യയിലെത്തില്ല
Pakistan Team Wont Travel To India: വനിതാ ലോകകപ്പിനായി പാകിസ്താൻ ടീം ഇന്ത്യയിലെത്തില്ല. ഇക്കാര്യം പിസിബി തന്നെ അറിയിച്ചു. ന്യൂട്രൽ വേദി ഏതായാലും കളിക്കുമെന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യില്ലെന്നും പിസിബി പറഞ്ഞു.
ഇന്ത്യ ആതിഥ്യം വഹിക്കുന്ന വനിതാ ക്രിക്കറ്റ് ലോകകപ്പിൽ പങ്കെടുക്കാനായി പാകിസ്താൻ വനിതാ ടീം എത്തില്ല. ഈ വർഷം സെപ്തംബർ – ഒക്ടോബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന ലോകകപ്പിനായി ഇന്ത്യയിലേക്ക് ടീമിനെ അയക്കില്ലെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്‌വി തന്നെ അറിയിച്ചു. മുൻ ധാരണാപ്രകാരം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഐസിസി, എസിസി ഇവൻ്റുകളിൽ പാകിസ്താനോ പാകിസ്താൻ ആതിഥേയരാവുന്ന ഇവൻ്റുകളിൽ ഇന്ത്യയോ ആതിഥേയ രാജ്യത്തിലെത്തില്ല. ഇത് വനിതാ ഏകദിനത്തിൻ്റെ കാര്യത്തിലും തുടരുമെന്ന് മൊഹ്സിൻ നഖ്‌വി പറഞ്ഞു.
പാകിസ്താൻ ആതിഥേയരായ 2025 ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കാൻ ടീം ഇന്ത്യ പാകിസ്താനിലേക്ക് യാത്ര ചെയ്തിരുന്നില്ല. ആദ്യ ഘട്ടത്തിൽ ഹൈബ്രിഡ് വേദിയോട് മുഖം തിരിച്ച പിസിബി പിന്നീട് ഇതിന് വഴങ്ങി. ഐസിസിയും ബിസിസിഐയുമായി നടത്തിയ ചർച്ചയിൽ ദുബായ് ആണ് ന്യൂട്രൽ വേദിയായി തീരുമാനിച്ചത്. ഈ സമയത്ത് തന്നെ അടുത്ത ഐസിസി, എസിസി ഇവൻ്റുകളിൽ പരസ്പരം ടീമുകളെ അയക്കില്ലെന്നും ഇരു ബോർഡുകളും തമ്മിൽ ധാരണയായി. ഈ ധാരണയിൽ വിട്ടുവീഴ്ചയില്ലെന്നാണ് പിസിബി അറിയിച്ചത്. ന്യൂട്രൽ വേദി ഏതാണെങ്കിലും കളിക്കാൻ തയ്യാറാണെന്നും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പറഞ്ഞു.
യോഗ്യതാമത്സരങ്ങൾ അഞ്ചിലും വിജയിച്ചാണ് പാകിസ്താൻ ലോകകപ്പ് യോഗ്യത നേടിയത്. അയർലൻഡ്, സ്കോട്ട്ലൻഡ്, വെസ്റ്റ് ഇൻഡീസ്, തായ്‌ലൻഡ്, ബംഗ്ലാദേശ് എന്നിവരെയൊക്കെ ഫാത്തിമ സനയുടെ നേതൃത്വത്തിലുള്ള പാകിസ്താൻ ടീം തോല്പിച്ചു. ആതിഥേയരായ ഇന്ത്യക്കൊപ്പം ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകളാണ് ടൂർണമെൻ്റിൽ കളിക്കുക. ഇന്ത്യക്ക് ഇതുവരെ ലോകകപ്പ് നേടാൻ കഴിഞ്ഞിട്ടില്ല.
റൗണ്ട് റോബിൻ, നോക്കൗട്ട് മാതൃകയിലാണ് മത്സരങ്ങൾ. പരസ്പരം മത്സരിച്ച് ആദ്യ നാല് സ്ഥാനത്തെത്തുന്നവർ സെമിയിലെത്തും. തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലടക്കം മത്സരങ്ങൾ നടക്കും. മുള്ളൻപൂർ, ഇൻഡോർ, റായ്പൂർ, വിശാഖപട്ടണം എന്നീ വേദികളിലും മത്സരങ്ങൾ തീരുമാനിച്ചിട്ടുണ്ട്. ഏതൊക്കെ വേദിയിൽ ഏതൊക്കെ മത്സരങ്ങളാണ് നടക്കുക എന്നതിൽ വ്യക്തത വന്നിട്ടില്ല.