Sports Demises 2024 : ഫുട്ബോൾ ഇതിഹാസം ബെക്കൻബോവർ മുതൽ മഴനിയമത്തിലെ ഡക്ക്‌വർത്ത് വരെ; 2024ൽ കായികലോകത്തുണ്ടായ നഷ്ടങ്ങൾ
Year Ender 2024 Sports Demises : കായികലോകത്ത് ചില സുപ്രധാന മരണങ്ങളുണ്ടായ വർഷമാണ് 2024. ക്രിക്കറ്റ്, ഫുട്ബോൾ, ബാസ്കറ്റ് ബോൾ തുടങ്ങി വിവിധ മേഖലകളിലെ പ്രശസ്തരായ താരങ്ങൾ ഇക്കൊല്ലം മരണപ്പെട്ടു. ഇവരിൽ ചിലർ ആരൊക്കെയെന്ന് നോക്കാം.

Year Ender 2024 Sports Demises
കായികലോകത്തെ ചില പ്രധാന പേരുകൾ മരണപ്പെട്ട വർഷമാണ് 2024. ബാസ്കറ്റ് ബോൾ, ക്രിക്കറ്റ്, ഫുട്ബോൾ തുടങ്ങി വിവിധ കായിക ഇനങ്ങളിലെ ഇതിഹാസങ്ങൾ ഉൾപ്പെടെ പലരും ഇക്കൊല്ലം മരണമടഞ്ഞു. ഫുട്ബോൾ ഇതിഹാസം ഫ്രാൻസ് ബെക്കൻബോവർ, മഴനിയമത്തിൻ്റെ ഉപജ്ഞാതാക്കളിൽ ഒരാളായ ഫ്രാങ്ക് ഡക്ക്‌വർത്ത് തുടങ്ങിയവരൊക്കെ ഈ വർഷം മരണപ്പെട്ടവരിൽ പെടുന്നു. അവരിൽ വളരെ പ്രധാനപ്പെട്ട ചില പേരുകൾ പരിശോധിക്കാം.
ഫ്രാൻസ് ബെക്കൻബോവർ
ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാൾ. ജർമ്മനിയുടെയും ബയേൺ മ്യൂണിക്കിൻ്റെയും ഫുട്ബോൾ ചരിത്രങ്ങളിൽ പേര് കൊത്തിയിട്ട അതുല്യ പ്രതിഭ. മാഴ്സ, ബയേൺ മ്യൂണിക്ക് തുടങ്ങിയ ക്ലബുകളിലായി പരന്നുകിടക്കുന്ന കോച്ചിംഗ് കരിയറും അദ്ദേഹത്തിൻ്റെ മഹത്വത്തെ അടയാളപ്പെടുത്തുന്നു.
ദി എംപറർ എന്ന അപരനാമത്തിലറിയപ്പെട്ട ബെക്കൻബോവർ 1945 ജനുവരി ഏഴിന് മ്യൂണിക്കിലാണ് ജനിച്ചത്. പ്രതിരോധതാരമായി കളിച്ച അദ്ദേഹം ലോകകപ്പ്, യൂറോപ്യൻ ചാമ്പ്യൻസ് കപ്പ്, ബാലൻ ദി ഓർ എന്നീ നേട്ടങ്ങൾ സ്വന്തമാക്കിയ അപൂർവം താരങ്ങളിൽ ഒരാളാണ്. താരമായും പരിശീലകനായും ലോകകപ്പ് നേടി. 2024 ജനുവരി ഏഴിന്, 78ആം വയസിൽ അദ്ദേഹം മരണമടഞ്ഞു.
ഗ്രഹാം തോർപ്
ഇംഗ്ലണ്ടിനായി ക്രിക്കറ്റ് കളിച്ച ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായിരുന്നു ഗ്രഹാം തോർപ്. ആഷസ് പരമ്പരയിലെ താരമായും വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദി ഇയർ ആയും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കളിക്കാരനായുള്ള കരിയറിന് ശേഷം പരിശീലകനായും അദ്ദേഹം തിളങ്ങിയിരുന്നു. ഇടങ്കയ്യൻ മധ്യനിര ബാറ്ററായിരുന്ന ഗ്രഹാം തോർപ് 90കളുടെ അവസാനം മുതൽ 2000 തുടക്കം വരെയുള്ള സമയത്താണ് ഏറ്റവുമധികം മികച്ച പ്രകടനങ്ങൾ നടത്തിയത്.
ന്യൂ സൗത്ത് വെയിൽസ്, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കൊപ്പം പരിശീലകനായി പ്രവർത്തിച്ചു. 1969 ഓഗസ്റ്റ് ഒന്നിന് ജനിച്ച അദ്ദേഹം 55ആം വയസിൽ 2024 ഓഗസ്റ്റ് നാലിനാണ് മരണപ്പെട്ടത്. അഫ്ഗാനിസ്ഥാൻ പരിശീലകനായി നിയമിക്കപ്പെട്ടെങ്കിലും ജോലി ഏറ്റെടുക്കും മുൻപ് അദ്ദേഹം അസുഖബാധിതനാവുകയായിരുന്നു.
വില്ലി മയ്സ്
അമേരിക്കൻ ബേസ്ബോൾ ഇതിഹാസമായിരുന്നു വില്ലി മയ്സ്. ബേസ്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായാണ് അദ്ദേഹത്തെ കണക്കാക്കുന്നത്. മേജർ ലീഗ് ബേസ്ബോളിൽ 23 സീസണുകൾ കളിച്ച അദ്ദേഹം അമേരിക്കൻ ബേസ്ബോൾ ചരിത്രം കൂടിയാണ്.
നാല് എംഎൽബി ഹോം ടൈറ്റിലുകളും നാല് സ്റ്റോളൻ ബേസ് ടൈറ്റിലുകളും ഒരു ബാറ്റിംഗ് ടൈറ്റിലുമാണ് അദ്ദേഹത്തിൻ്റെ കരിയറിലെ ഏറ്റവും മഹത്തായ നേട്ടങ്ങൾ. 1976ൽ താരങ്ങൾക്ക് ഫ്രീ ഏജൻസി അനുവദിക്കുന്നതിലേക്ക് നയിച്ച പോരാട്ടത്തിലും വില്ലി മയ്സ് ഉണ്ടായിരുന്നു. 1931 മെയ് ആറിന് ജനിച്ച അദ്ദേഹം 93ആം വയസിൽ 2024 ജൂൺ 18ന് മരണപ്പെട്ടു.
Also Read : Year Ender 2024 : ടി20യിലെ അഞ്ച് ഉയർന്ന സ്‌കോറുകളിൽ നാലും സമ്മാനിച്ചത് 2024
ഫ്രാങ്ക് ഡക്ക്‌വർത്ത്
ക്രിക്കറ്റ് മഴനിയമമായ ഡക്ക്‌വർത്ത് – ലൂയിസ് ഉപജ്ഞാതാക്കളിൽ ഒരാളായിരുന്നു ഫ്രാങ്ക് ഡക്ക്‌വർത്ത്. ഇംഗ്ലീഷ് സ്റ്റാറ്റിസ്റ്റീഷ്യനായിരുന്ന അദ്ദേഹം ഇംഗ്ലണ്ടിലെ ആണവമേഖലയിൽ മാതേമാറ്റിക്കൽ സയൻ്റിസ്റ്റായിരുന്നു. വിവിധ മാഗസിനുകളുടെ എഡിറ്ററായും അദ്ദേഹം പ്രവർത്തിച്ചു.
ഇംഗ്ലീഷ് സ്റ്റാറ്റിസ്റ്റീഷ്യനായ ടോണി ലൂയിസുമായിച്ചേർന്ന് 1997ലാണ് ഡക്ക്‌വർത്ത് – ലൂയിസ് നിയമം അവതരിപ്പിക്കുന്നത്. പിന്നീട് ഇത് ഐസിസി ഔദ്യോഗിക മഴനിയമമായി അംഗീകരിച്ചു. ഡക്ക്‌വർത്ത് – ലൂയിസ് നിയമത്തിനൊപ്പം റിസ്ക് പെർസപ്ഷൻ എന്ന ചിന്തയും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. 1939 ഡിസംബർ 26ന് ലഭിച്ച അദ്ദേഹം 2024 ജൂൺ 21നാണ് മരണപ്പെട്ടത്. 84 വയസായിരുന്നു.
കെൽവിൻ കിപ്റ്റം
കെനിയൻ ദീർഘദൂര ഓട്ടക്കാരനായിരുന്ന കെൽവിൻ കിപ്റ്റം അകാലത്തിൽ മരണപ്പെട്ട അത്‌ലീറ്റാണ്. നിലവിലെ മാരത്തൺ ലോകറെക്കോർഡ് കിപ്റ്റത്തിൻ്റെ പേരിലാണ്. മാരത്തൺ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഏഴ് ദൂരങ്ങളിൽ മൂന്നും ഇദ്ദേഹത്തിൻ്റെ പേരിലാണ്. പങ്കെടുത്ത മൂന്ന് മാരത്തണുകളും അദ്ദേഹം വിജയിച്ചു.
2022ലാണ് കിപ്റ്റൺ ആദ്യമായി മാരത്തൺ ഓടുന്നത്. വലൻസിയ മാരത്തണിലൂടെ കരിയർ ആരംഭിച്ച അദ്ദേഹം 2023 ലണ്ടൻ മാരത്തൺ, 2023 ഷിക്കാഗോ മാരത്തൺ എന്നിവയിലും മത്സരിച്ച് വിജയിച്ചു. 1999 ഡിസംബർ രണ്ടിന് ജനിച്ച അദ്ദേഹം 24ആം വയസിൽ 2024 ഫെബ്രുവരി 11ന് ഒരു വാഹനാപകടത്തിൽ മരണപ്പെടുകയായിരുന്നു.
ഒജെ സിംപ്സൺ
അമേരിക്കൻ റഗ്ബി താരമായ ഒജെ സിംപ്സൺ, റഗ്ബി ചരിത്രത്തിലെ തന്നെ ഏറ്റവും മഹത്തായ താരങ്ങളിൽ ഒരാളാണ്. എൻഎഫ്എലിൽ 11 സീസൺ കളിച്ച അദ്ദേഹം ചരിത്രത്തിലെ ഏറ്റവും മികച്ച റണ്ണിംഗ് ബാക്കുകളിൽ ഒരാളായാണ് അറിയപ്പെടുന്നത്. എന്നാൽ, വ്യക്തിജീവിതത്തിൽ അദ്ദേഹം ഒരു നല്ല മാതൃകയല്ല.
കളിക്കാരനായും പ്രസൻ്ററായും തിളങ്ങിയ അദ്ദേഹം പിന്നീട് ചില സിനിമകളിലും അഭിനയിച്ചു. 1994ൽ മുൻ ഭാര്യ നിക്കോൾ ബ്രൗണിനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസിൽ അദ്ദേഹം അറസ്റ്റിലായി. 33 വർഷമായിരുന്നു തടവ്. 1947 ജൂലായ് 9ന് ജനിച്ച അദ്ദേഹം 2024 ഏപ്രിൽ 10ന് 78ആം വയസിൽ മരണപ്പെട്ടു.