Amazon: ആമസോൺ ഡെലിവറിയ്ക്കായി റോബോട്ടുകളും; നിർമ്മാണം പുരോഗമിക്കുന്നതായി റിപ്പോർട്ട്
Amazon Humanoid Robots For Deliveris: ഡെലിവറി ഏജൻ്റുമാർക്ക് പകരം ഉപയോഗിക്കാവുന്ന ഹ്യൂമനോയ്ഡ് റോബോട്ടുകൾ ആമസോണിൻ്റെ പരിഗണനയിലെന്ന് റിപ്പോർട്ട്. ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല.

ഡെലിവറിയ്ക്കായി റോബോട്ടുകളെ ഉപയോഗിക്കാൻ ഇ കൊമേഴ്സ് വമ്പന്മാരായ ആമസോണിൻ്റെ നീക്കം. ഡെലിവറി പാർട്ണർമാർക്ക് പകരം ഈ ജോലി ചെയ്യുന്ന ഹ്യൂമനോയ്ഡ് റോബോട്ടുകളുടെ നിർമ്മാണം പുരോഗമിക്കുന്നതായാണ് റിപ്പോർട്ട്. എന്നാണ് ഈ റൊബോട്ട് പുറത്തുവരിക എന്നോ എപ്പോഴാണ് റൊബോട്ട് ഡെലിവറി ആരംഭിക്കുക എന്നോ വ്യക്തമല്ല.
ആമസോണിൻ്റെ സാൻഫ്രാൻസിസ്കോയിലുള്ള ഓഫീസുകളിലൊന്നിൽ ഇത്തരം റോബോട്ടുകളെ ടെസ്റ്റ് ചെയ്യാനുള്ള സൗകര്യമൊരുങ്ങുകയാണ്. ഹ്യൂമനോയ്ഡ് പാർക്കിൻ്റെ നിർമ്മാണമാണ് ഇവിടെ പുരോഗമിക്കുന്നത്. ഇത്തരം റോബോട്ടുകളെ നിയന്ത്രിക്കാൻ കഴിയുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സോഫ്റ്റ്‌വെയറിൻ്റെ നിർമ്മാണവും ഇവിടെ നടക്കുന്നുണ്ട്. മറ്റ് കമ്പനികളിൽ നിന്നുള്ള ഹാർഡ്‌വെയറുകളാണ് ഇപ്പോൾ ആമസോൺ ഡെലിവറി റോബോട്ടുകൾക്കായി പരിശോധിക്കുന്നത്.
ഇപ്പോൾ പല ചില കമ്പനികൾ ഡെലിവറിയ്ക്കായി റൊബോട്ടുകൾ ഉപയോഗിക്കുന്നുണ്ട്. ദുബായിലെ റോബോട്ട് ഡെലിവറി സിസ്റ്റം വൻ വിജയമാണ്. ഇതോടെ സിസ്റ്റം മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു. മാർച്ച് മാസത്തിൽ എമിറേറ്റിലെ ശോഭ ഹാർട്ട്ലൻഡിലാണ് റോബോട്ട് ഡെലിവറി സിസ്റ്റം പരീക്ഷണാടിസ്ഥാനത്തിൽ ആദ്യമായി അവതരിപ്പിച്ചത്. ഭക്ഷണവും പലചരക്ക് സാധനങ്ങളും മാത്രമേ ഇപ്പോൾ റൊബോട്ട് ഡെലിവറി സിസ്റ്റം വഴി വിതരണം ചെയ്യുന്നുള്ളൂ. ഇത് ഏറെ വൈകാതെ തന്നെ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നാണ് ഡെലിവറി സിസ്റ്റം വികസിപ്പിച്ച യാങ്കോ ടെക് ഓട്ടോണമി പറഞ്ഞത്.
സാധനങ്ങൾ ഓർഡർ ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് ഹ്യൂമൻ ഡെലിവറിയും റോബോട്ട് ഡെലിവറിയും തിരഞ്ഞെടുക്കാം. 40 ശതമാനത്തിലധികം ആളുകൾ റോബോട്ട് ഡെലിവറിയാണ് തിരഞ്ഞെടുക്കാറുള്ളത് എന്ന് യാങ്കോ ടെക്ക് ഓട്ടോണമി മിഡിൽ ഈസ്റ്റ് റീജിയണൽ ഹെഡ് നികിത ഗവ്റിലോവ് പറഞ്ഞിരുന്നു. വളരെ വേഗത്തിൽ, കൃത്യമായിത്തന്നെ സാധനങ്ങൾ എത്തിക്കാൻ റോബോട്ട് ഡെലിവറി ഏജൻ്റുമാർക്ക് സാധിക്കുന്നുണ്ട്. റോബോട്ടുകൾ എല്ലാ ഷിഫ്റ്റിലും എപ്പോഴും പ്രവർത്തിക്കുമെന്നതിനാൽ തൊഴിൽ തടസമുണ്ടാവില്ല എന്നും അവർ വ്യക്തമാക്കിയിരുന്നു.