India Post DIGIPIN: പിന്‍കോഡുകള്‍ ഇനിയില്ല, ഡിജിറ്റല്‍ പിൻ അവതരിപ്പിച്ച് ഇന്ത്യ പോസ്റ്റ്
India Post DIGIPIN: ഡിജിപിൻ ലഭിക്കുന്നതിന്, പ്രത്യേക വെബ്‌സൈറ്റ് സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. ഇതിലൂടെ നിങ്ങളുടെ വീട് ഉൾപ്പെടുന്ന സ്ഥലം കണ്ടെത്തി ഡിജിപിൻ സൃഷ്ടിക്കാനും കഴിയും.

പുതിയ ഡിജിറ്റൽ വിലാസം സംവിധാനം അവതരിപ്പിച്ച് തപാൽ വകുപ്പ്. പരമ്പരാഗത പിൻകോഡുകൾ ഒരു വലിയൊരു പ്രദേശത്തെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാൽ ഡിജിപിൻ എന്ന പുതിയ സംവിധാനം പിൻ കോഡുകളിൽ നിന്ന് വ്യത്യസ്തമായി, വിലാസങ്ങളുടെ കൃത്യമായ സ്ഥാനം കണ്ടെത്താൻ സഹായിക്കുന്നു.
ഡിജിപിൻ ലഭിക്കുന്നതിന്, പ്രത്യേക വെബ്‌സൈറ്റ് സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. ഇതിലൂടെ നിങ്ങളുടെ വീട് ഉൾപ്പെടുന്ന സ്ഥലം കണ്ടെത്തി ഡിജിപിൻ സൃഷ്ടിക്കാനും കഴിയും. വിദൂര പ്രദേശങ്ങളിൽ ഡെലിവറികൾ കാര്യക്ഷമമാക്കാനും, ആംബുലൻസ്, ഫയർ റെസ്ക്യൂ പ്രവർത്തനങ്ങൾ പോലുള്ള അടിയന്തര സേവനങ്ങൾ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം.
കൂടാതെ ഓൺലൈൻ ഷോപ്പർമാർ, ലോജിസ്റ്റിക്സ് ദാതാക്കൾ തുടങ്ങിയവർക്കും ഡിജിപിൻ സംവിധാനം പ്രയോജനപ്പെടും. കൃത്യവും വേഗത്തിലുള്ളതുമായ ഡെലിവറികൾ ഉറപ്പാക്കാൻ ഉപയോക്താക്കൾക്ക് ഫ്ലിപ്കാർട്ട്, ആമസോൺ പോലുള്ള ഓൺലൈൻ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുമായി അവരുടെ ഡിജിപിൻ നൽകാവുന്നതാണ്. ഡിജിപിന്‍ ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്താല്‍ ഗൂഗിള്‍ മാപ്പ് വഴി ലൊക്കേഷന്‍ കണ്ടെത്താനും നാവിഗേറ്റ് ചെയ്യാനും സാധിക്കും.
ഡിജിപിൻ ലഭിക്കാൻ
https://dac.indiapost.gov.in/mydigipin/home എന്ന പേജ് സന്ദര്‍ശിച്ച് ഡിജിപിൻ നേടാവുന്നതാണ്. വെബ്സൈറ്റിൽ നിന്ന് നിങ്ങളുടെ ലൊക്കേഷന്‍ കണ്ടു പിടിച്ച് അതിന് മുകളില്‍ ക്ലിക്ക് ചെയ്താല്‍ വലത് ഭാഗത്ത് താഴെയായി ആ സ്ഥാനത്തിന്റെ ഡിജിപിന്‍ ലഭിക്കും.
എന്താണ് ഡിജിപിൻ?
ഐഐടി ഹൈദരാബാദ്, ഐഎസ്ആർഒ എന്നിവയുടെ സഹകരണത്തോടെ തപാൽ വകുപ്പ് വികസിപ്പിച്ചെടുത്ത ഒരു ഓപ്പൺ സോഴ്‌സ് ജിയോകോഡഡ് അഡ്രസിംഗ് സിസ്റ്റമാണ് ഡിജിപിൻ. ഇത് ഇന്ത്യയെ ഏകദേശം 4 മീറ്റർ x 4 മീറ്റർ ഗ്രിഡുകളായി (വീടുകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ മുതലായവ) വിഭജിക്കുകയും ഓരോ ഗ്രിഡിനും 10 അക്കങ്ങളുള്ള ഒരു സവിശേഷ കോഡ് നൽകുകയും ചെയ്യുന്നു.