Android 16: ആൻഡ്രോയ്ഡ് 16 ഉടനെത്തും; സാംസങ് ഗ്യാലക്സി ഉപഭോതാക്കൾക്ക് സന്തോഷവാർത്ത
Android 16 Will Soon Arrive On Samsung: ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേറ്റ് ആൻഡ്രോയ്ഡ് 16 ഉടൻ പുറത്തിറങ്ങും. ഗൂഗിൾ പിക്സൽ ഫോണുകൾക്ക് ശേഷം സാംസങ് ഗ്യാലക്സി ഡിവൈസുകളിലാവും അപ്ഡേറ്റ് എത്തുക.

ആൻഡ്രോയ്ഡ് 16
സാംസങ് ഗ്യാലക്സി ഡിവൈസുകളിൽ ആൻഡ്രോയ്ഡ് 16 ഉടനെത്തും. കൃത്യമായ തീയതി അറിയിച്ചിട്ടില്ലെങ്കിലും മെയ്, ജൂൺ മാസങ്ങളിൽ ആൻഡ്രോയ്ഡ് 16 ഓപ്പറേറ്റിങ് സിസ്റ്റം സാംസങ് ഗ്യാലക്സി ഡിവൈസുകളിൽ എത്തുമെന്ന് കമ്പനി വക്താവ് അറിയിച്ചു. ഗൂഗിൾ പിക്സൽ ഫോണിന് ശേഷം ആദ്യം ആൻഡ്രോയ്ഡ് 16 ലഭിക്കുന്നത് സാംസങ് ഗ്യാലക്സി ഡിവൈസുകളിലാവും.
ആൻഡ്രോയ്ഡ് 16 ആദ്യമെത്തിക ഗൂഗിൾ പിക്സൽ ഡിവൈസുകളിൽ തന്നെയാവും. പിക്സൽ മൊബൈൽ ഫോണുകളിലും സ്മാർട്ട് വാച്ചുകളിലും ടാബ്‌ലറ്റുകളിലും പുതിയ അപ്ഡേറ്റ് എത്തും. പിന്നീട് സാംസങ് ഡിവൈസുകളിൽ ആൻഡ്രോയ്ഡ് 16 എത്തുമെന്നാണ് വിവരം. നിലവിൽ ഗ്യാലക്സി ഫോണുകൾ പ്രവർത്തിക്കുന്നത് ആൻഡ്രോയ്ഡ് 15 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ്.
കഴിഞ്ഞ മാർച്ചിൽ ബാഴ്സലോണയിൽ വച്ച് നടന്ന മൊബൈൽ വേൾഡ് കോൺഗ്രസ് 2025ലാണ് ആൻഡ്രോയ്ഡ് 16ൻ്റെ റിലീസിനെപ്പറ്റി ആദ്യ സൂചനകൾ ലഭിച്ചത്. ഏറെ വൈകാതെ തന്നെ ആൻഡ്രോയ്ഡ് 16 അടക്കമുള്ള ഒഎസ് അപ്ഡേറ്റുകൾ പുറത്തിറങ്ങുമെന്ന് ഗൂഗിൾ ആൻഡ്രോയ്ഡ് ഇക്കോസിസ്റ്റം പ്രസിഡൻ്റ് സമീർ സമത് ആണ് അറിയിച്ചത്. ഇതിന് പിന്നാലെ മെയ്, ജൂൺ മാസങ്ങളിലായ അപ്ഡേറ്റ് പുറത്തുവന്നേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. നിലവിൽ ജൂൺ മാസത്തിൽ ആൻഡ്രോയ്ഡ് 16 പുറത്തുവന്നേക്കുമെന്നാണ് വിവരം.