Apple: ഇന്ത്യയിൽ കൂടുതൽ റീട്ടെയിൽ സ്റ്റോറുകൾ തുറക്കാനൊരുങ്ങി ആപ്പിൾ; യുഎഇയിലും പുതിയ സ്റ്റോറുകൾ
Apple Offline Store In India: ഇന്ത്യയിലും യുഎഇയിലും യുഎഇയിൽ കൂടുതൽ റീട്ടെയിൽ സ്റ്റോറുകൾ തുറക്കാനുള്ള തീരുമാനവുമായി ആപ്പിൾ. കൃത്യമായ ലൊക്കേഷൻ വ്യക്തമല്ല.
ഇന്ത്യയിൽ കൂടുതൽ റീട്ടെയിൽ സ്റ്റോറുകൾ തുറക്കാനൊരുങ്ങി ആപ്പിൾ. യുഎഇയിലും പുതിയ സ്റ്റോറുകൾ തുറക്കുമെന്ന് ആപ്പിൾ സിഇഒ ടിം കുക്ക് പറഞ്ഞു. കമ്പനിയുടെ പുതിയ ഏണിങ്സ് കോളിലാണ് ടിം കുക്കിൻ്റെ പ്രഖ്യാപനം. ഓഫ്‌ലൈൻ വില്പനകൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎഇയിലും ഇന്ത്യയിലും കൂടുതൽ റീട്ടെയിൽ സ്റ്റോറുകൾ തുറക്കാൻ ആപ്പിൾ തീരുമാനിച്ചത്.
തങ്ങളുടെ ഉത്പന്നങ്ങളുടെ പൂർണമായ അനുഭവം ഉപഭോക്താക്കൾക്ക് അറിയാനായാണ് റീട്ടെയിൽ സ്റ്റോറുകൾ തുറക്കുന്നത്. ഇക്കഴിഞ്ഞ മൂന്ന് മാസം കൊണ്ട് ഐഫോൺ ലാഭം 13 ശതമാനം വർധിച്ചിരുന്നു. റീട്ടെയിൽ സ്റ്റോറുകളിലൂടെ ലാഭം വീണ്ടും വർധിപ്പിക്കാനാവുമെന്നും കൂടുതൽ ആളുകളിലേക്ക് ഉത്പന്നങ്ങൾ എത്തുമെന്നും ആപ്പിൾ കരുതുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച നടന്ന ഏണിങ്സ് കോളിൽ ആപ്പിൾ സിഇഒ ടിം കുക്ക് ഇക്കാര്യം അറിയിച്ചത്. ഈ വർഷം അവസാനിക്കുന്നതിന് മുൻപ് തന്നെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പുതിയ റീട്ടെയിൽ സ്റ്റോറുകൾ തുറക്കും.
Also Read: BSNL: ഒരു രൂപയ്ക്ക് ദിവസേന രണ്ട് ജിബി ഡേറ്റ, അൺലിമിറ്റഡ് കോളിങ്; ബിഎസ്എൻഎൽ വക ഞെട്ടിക്കുന്ന ഓഫർ




റീട്ടെയിൽ സ്റ്റോറുകളിലൂടെ ഉപഭോക്താക്കളിലേക്ക് കൂടുതൽ എത്താൻ കഴിയുമെന്ന് ടിം കുക്ക് പറഞ്ഞു. “ഞങ്ങൾ ഈയിടെ സൗദി അറേബ്യയിൽ ആപ്പിൾ സ്റ്റോർ ആരംഭിച്ചിരുന്നു. ഈ വർഷാവസനത്തോടെ ഇന്ത്യയിലും യുഎയിലും കൂടുതൽ സ്റ്റോറുകൾ തുറക്കുകയാണ്. ജപ്പാനിലെ ഒസാക്കയുടെ ഹൃദയഭാഗത്ത് തുറന്ന പുതിയ സ്റ്റോറിലേക്ക് ഉപഭോക്താക്കളെ ക്ഷണിക്കുകയാണ്.”- ടിം കുക്ക് തുടർന്നു.
റീട്ടെയിൽ സ്റ്റോറുകളുടെ ലൊക്കേഷൻ എവിടെയാണെന്നോ എപ്പോഴാണ് സ്റ്റോറുകൾ തുറക്കുകയെന്നോ ആപ്പിൾ അറിയിച്ചിട്ടില്ല. മുംബൈ, ബെംഗളൂരു, പൂനെ, നോയ്ഡ എന്നീ ഇടങ്ങളിൽ സ്റ്റോറുകളുണ്ടാവുമെന്ന റിപ്പോർട്ടുകളുണ്ട്.