AI Breast Cancer Diagnosis: സ്തനാർബുദം കണ്ടെത്താൻ ഇനി എഐ; ഏറ്റവും വലിയ പരീക്ഷണത്തിനൊരുങ്ങി യുകെ
AI Faster Breast Cancer Screening: യുകെയിൽ ഏഴ് ലക്ഷത്തോളം വനിതകളാണ് ഇതിന്റെ ആദ്യ പരീക്ഷണത്തിൽ ഭാഗമാകുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്തനാർബുദം തിരിച്ചറിയാനുള്ള ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എഐ) ബ്രെസ്റ്റ് കാൻസർ സ്ക്രീനിംഗ് പരീക്ഷണം ആരോഗ്യ രംഗത്തെ തന്നെ ഏറ്റവും വലിയ വഴിത്തിരിവായിരിക്കും.

ലണ്ടൻ: ആരോഗ്യ മേഖലയിൽ പുതിയ ചരിത്രമെഴുതാൻ എഐ. സ്തനാർബുദ ചികിൽസാ രംഗത്ത് വലിയ വഴിത്തിരിവുമായാണ് എഐ കടന്നുകയറ്റം. എഐ അധിഷ്ഠിത സ്തനാർബുദ സ്ക്രീനിംഗിനാണ് തുടക്കമാകുന്നത്. യുകെയാണ് ഈ പരീക്ഷണത്തിന് തയ്യാറെടുക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ എഐ അധിഷ്ഠിത സ്തനാർബുദ സ്ക്രീനിംഗായിരിക്കും ഇതെന്നാണ് ഗവേഷകർ പറയുന്നത്. എഐ ടൂളുകൾ ഉപയോഗിച്ച് തുടക്കത്തിൽ തന്നെ സ്താനാർബുദം കണ്ടെത്താൻ സഹായിക്കുന്നതാണ് ഈ സാങ്കേതിക വിദ്യയുടെ പ്രത്യേകത.
യുകെയിൽ ഏഴ് ലക്ഷത്തോളം വനിതകളാണ് ഇതിന്റെ ആദ്യ പരീക്ഷണത്തിൽ ഭാഗമാകുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്തനാർബുദം തിരിച്ചറിയാനുള്ള ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എഐ) ബ്രെസ്റ്റ് കാൻസർ സ്ക്രീനിംഗ് പരീക്ഷണം ആരോഗ്യ രംഗത്തെ തന്നെ ഏറ്റവും വലിയ വഴിത്തിരിവായിരിക്കും. യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) ഇതിൻ്റെ പരീക്ഷണത്തിന് 700,000ത്തോളം സ്ത്രീകളെ കണ്ടെത്തി കഴിഞ്ഞു.
ഈ വർഷം ഏപ്രിൽ മുതൽ യുകെയിലെ 30 ഇടങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട് പരിശോധന നടത്താൻ തീരുമാനിച്ചിരിക്കുന്നത്. സ്ത്രീകളിലെ സ്താനാർബുദം വേഗത്തിലും കൃത്യതയിലും ഈ എഐ ടൂൾ ഉപയോഗിച്ച് കണ്ടെത്താൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. എൻഎച്ച്എസ് ആണ് എഐ ഉപയോഗിച്ച് പരിശോധനാ പരീക്ഷണം നടത്തുന്നത്. ഈ വർഷാവസാനം കാൻസർ പ്രതിരോധ പദ്ധതി യുകെയിൽ ആരംഭിക്കാനിരിക്കേ പുതിയ പദ്ധതിയുമായി ശാസ്ത്രം രംഗത്തെത്തുന്നത്.
ഇതിനോടകം എഐ ഉപയോഗിച്ച് പല പരീക്ഷണങ്ങളും നടത്തി വരുന്നതായി അരോഗ്യ വിദഗ്ധർ അറിയിച്ചു. എഐ ഉപയോഗിച്ച് വെയ്റ്റിംഗ് ലിസ്റ്റുകളും സ്കാൻ റിപ്പോർട്ടുകളും പരിശോധിക്കുന്നതിനും തുടക്കമായിട്ടുണ്ട്. എഐ ഉപയോഗിച്ചുള്ള പരീക്ഷണത്തിന് 50നും 53നും ഇടയിൽ പ്രായമുള്ളവരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഓരോ മൂന്ന് വർഷം കൂടുമ്പോഴും ഇവരിൽ സ്തനാർബുദ സ്ക്രീനിംഗ് നടത്തും. 71 വയസുവരെ ഈ പരിശോധനകൾ തുടരും.