BSNL 5G: 3ജിയിൽ നിന്ന് ബിഎസ്എൻഎൽ 5ജി സിമ്മിലേക്ക് ഓൺലൈനായി എങ്ങനെ അപ്ഗ്രേഡ് ചെയ്യാം; നടപടിക്രമങ്ങൾ ഇങ്ങനെ
Upgrade to BSNL 5G Online: ഇപ്പോൾ ബിഎസ്എൻഎൽ 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള അവസരമുണ്ട്. ഓണലൈനായി എങ്ങനെ അപ്ഗ്രേഡ് ചെയ്യാമെന്ന് നോക്കാം.

ബിഎസ്എൻഎൽ
അടുത്തിടെയാണ് ബിഎസ്എൻഎൽ തങ്ങളുടെ 5ജി സേവനങ്ങൾ അവതരിപ്പിച്ചത്. നിലവിലെ ഉപഭോക്താക്കൾക്ക് ബിഎസ്എൻഎലിൻ്റെ 4ജി/5ജി സിമ്മിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ ഇപ്പോൾ കമ്പനി അവസരമൊരുക്കുന്നുണ്ട്. 5ജി അവതരിപ്പിച്ചതിൻ്റെ കോംപ്ലിമെൻ്ററി അപ്ഗ്രേഡാണ് ഇത്. നിലവിലുള്ള ബിഎസ്എൻഎലിൻ്റെ 2ജി/3ജി സിം കാർഡിൽ നിന്ന് 4ജി/5ജി സിം കാർഡിലേക്ക് മാറാൻ ഇപ്പോൾ അവസരമുണ്ട്.
നിലവിൽ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ മാത്രമേ 5ജി സേവനം നൽകുന്നുള്ളൂ. ബിഎസ്എൻഎൽ ഓഫീസുകളിൽ നിന്നോ അംഗീകൃത ഡീലർമാരിൽ നിന്നോ അപ്ഗ്രേഡ് ചെയ്യാൻ കഴിയും. ഓൺലൈനായി അപ്ഗ്രേഡ് ചെയ്യാനുള്ള അവസരവും ബിഎസ്എൻഎൽ നൽകുന്നു. ഇ- കെവൈസി പൂർത്തിയാക്കിയാൽ സിം കാർഡ് വീട്ടിൽ കൊണ്ടുവന്ന് തരുന്ന സൗകര്യവും ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുണ്ട്.
സിം ഓൺലൈനായി അപ്ഗ്രേഡ് ചെയ്യുന്നതെങ്ങനെ?
https://sancharaadhaar.bsnl.co.in/BSNLSKYC/ എന്ന ലിങ്കിൽ നിന്ന് ബിഎസ്എൻഎലിൻ്റെ പുതിയ പോർട്ടൽ സന്ദർശിക്കുക. ഇ- കെവൈസിയ്ക്ക് വേണ്ടി കസ്റ്റമർ രെജിസ്ട്രേഷൻ ഫോം ഫിൽ ചെയ്യുക. ഇവിടെനിന്ന് പോസ്റ്റ്പെയ്ഡ് കണക്ഷനോ പ്രീപെയ്ഡ് കണക്ഷനോ തിരഞ്ഞെടുക്കാം. പിൻകോഡ്, പേര്, മറ്റൊരു മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങളും ഇവിടെ നൽകണം. ഒടിപി നൽകി ഈ നമ്പർ വെരിഫൈ ചെയ്യാം. മറ്റ് വിവരങ്ങൾ കൂടി നൽകിയാൽ ബിഎസ്എൻഎലിൻ്റെ 4ജി/5ജി സിം വീട്ടിലെത്തും. വീട്ടിൽ സിം കാർഡ് ഡെലിവർ ചെയ്യുന്നതിന് പ്രത്യേക പണം നൽകേണ്ടതുണ്ടോ എന്ന് വ്യക്തമല്ല. എയർടെൽ, ജിയോ, വിഐ തുടങ്ങിയ ടെലികോം കമ്പനികൾ സൗജന്യമായി സിം കാർഡ് വീട്ടിൽ ഡെലിവർ ചെയ്തുനൽകുന്നുണ്ട്.