FaceTime Update: ക്യാമറയ്ക്ക് മുന്നിൽ വസ്ത്രമഴിക്കാൻ തുടങ്ങിയാൽ വിഡിയോ ഫ്രീസാകും; ഫേസ്ടൈമിൽ പുതിയ അപ്ഡേറ്റ്
FaceTime Nudity Detection Update: ഫേസ്ടൈമിൻ്റെ പുതിയ അപ്ഡേറ്റിൽ നഗ്നത കണ്ടാൽ ഓഡിയോയും വിഡിയോയും ഫ്രീസ് ആവും. ഐഒഎസ് 26 മുതലാവും ഈ ഫീച്ചർ നിലവിൽ വരിക.

ആപ്പിളിൻ്റെ ഡെഡിക്കേറ്റഡ് ഓഡിയോ വിഡിയോ കോളിങ് ആപ്പായ ഫേസ്ടൈം പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചു. നഗ്നത കണ്ടാൽ ഉടൻ വിഡിയോ പോസാകുന്ന അപ്ഡേറ്റാണ് ഫേസ്ടൈം അവതരിപ്പിച്ചിരിക്കുന്നത്. ഐഒഎസിൻ്റെ അടുത്ത അപ്ഡേറ്റായ ഐഒഎസ് 26ൽ ഈ അപ്ഡേറ്റ് നിലവിൽ വരും.
ഐഒഎസ് 26ൻ്റെ ബീറ്റ അപ്ഡേറ്റിൽ ഫേസ്ടൈമിൻ്റെ പുതിയ അപ്ഡേറ്റ് നിലവിൽ വന്നിട്ടുണ്ട്. യൂസർമാരുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്ന് ആപ്പിൾ പറയുന്നു. സ്ക്രീനിൽ നഗ്നത കണ്ടാൽ വിഡിയോ ഫ്രീസ് ആവുന്നതാണ് അപ്ഡേറ്റ്. വിഡിയോയ്ക്കൊപ്പം ഓഡിയോയും പോസാവും. ശേഷം സ്ക്രീനിൽ സുരക്ഷാ സന്ദേശം പ്രത്യക്ഷപ്പെടും. ‘സെൻസിറ്റീവായ എന്തോ കാണുന്നതിനാൽ ഓഡിയോയും വിഡിയോയും പോസ് ആയിരിക്കുന്നു. നിങ്ങൾക്ക് ബുദ്ധിമുട്ടാണെങ്കിൽ കോൾ അവസാനിപ്പിക്കുക’ എന്നതാണ് സന്ദേശം. തുടർന്ന് കോൾ അവസാനിപ്പിക്കാനും തുടരാനുമുള്ള ഓപ്ഷനുകളും നൽകും.
Also Read: Youtube: എഐ കണ്ടൻ്റ് ക്രിയേറ്റർമാർക്ക് തിരിച്ചടി; യൂട്യൂബ് മോണട്ടൈസേഷൻ പോളിസി പുതുക്കുന്നു




കഴിഞ്ഞ വേൾഡ്‌വൈഡ് ഡെവലപ്പേഴ്സ് കോൺഫറൻസിൽ ഇത് അവതരിപ്പിച്ചിരുന്നു. ഐഒഎസ് 26ൽ കൊണ്ടുവരുന്ന സുരക്ഷാ ഫീച്ചറുകൾക്കൊപ്പമാണ് ഫേസ്ടൈം അപ്ഡേറ്റിനെപ്പറ്റി ആപ്പിൾ അറിയിച്ചത്. ലൈവ് വിഡിയോ ചാറ്റുകൾക്കിടെ നഗ്നത മനസ്സിലാക്കി പ്രതികരിക്കുന്നതാണ് അപ്ഡേറ്റ്. വിഡിയോയിൽ വസ്ത്രം അഴിക്കാൻ ആരംഭിച്ചാൽ തന്നെ വിഡിയോ പോസ് ആവുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആദ്യ ഘട്ടത്തിൽ ചൈൽഡ് അക്കൗണ്ടുകൾക്കും ഫാമിലി അക്കൗണ്ടുകൾക്കുമാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരുന്നത്. പിന്നീട് എല്ലാ അക്കൗണ്ടുകൾക്കുമായും ഫീച്ചർ വികസിപ്പിച്ചു. ഫൈനൽ റിലീസിലും ഇങ്ങനെ തന്നെ ആവുമെന്നാണ് വിവരം.
നിലവിൽ ഐഒഎസ് 26 ബീറ്റ ടെസ്റ്റിങിലാണ്. ഇപ്പോൾ എന്ത് തരം സെൻസിറ്റീവ് ദൃശ്യങ്ങൾ കണ്ടാലും അപ്പോൾ തന്നെ ഫേസ്ടൈമിൻ്റെ ഓഡിയോയും വിഡിയോയും കട്ടാവുന്നുണ്ടെന്നാണ് വിവരം. ഈ വർഷം അവസാനം ഐഒഎസ് 26ൻ്റെ സ്റ്റേബിൾ വേർഷൻ പുറത്തിറങ്ങും എന്നാണ് സൂചനകൾ.