Hyperloop: ചരക്കുകൾ മാത്രമല്ല, ആളുകൾക്കും പോകാം…; യാത്രാ വിപ്ലവമൊരുക്കാൻ ഇന്ത്യയിൽ ഹൈപ്പർലൂപ്പ്
Hyperloop Test Track: ഇന്ത്യൻ റെയിൽവെയ്ക്കും ഐഐടി മദ്രാസിനും ഒപ്പം സ്റ്റാർട്ടപ്പ് കമ്പനിയായ ട്യൂട്ടർ ഹൈപ്പർലൂപ്പും ഈ ദൗത്യത്തിൽ പങ്കാളികളാണ്. സാൻ ഫ്രാൻസിസ്കോയെയും ലോസ് ഏഞ്ചൽസിനെയും ബന്ധിപ്പിക്കുന്ന ഒരു ഗതാഗത സംവിധാനം വിഭാവനം ചെയ്തുകൊണ്ട് 2013 ൽ എലോൺ മസ്‌ക് ആണ് ഹൈപ്പർലൂപ്പ് എന്ന ആശയം ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്.
യാത്രകൾ കൂടുതൽ എളുപ്പമാക്കാനും സുഗമമാക്കാനും അത്യാതുനിക സംവിധാനകൾ കണ്ടെത്തുന്ന തിരക്കിലാണ് ലോകം. ഓരോ ദിവസവും ഇതിനായുള്ള പരീക്ഷണങ്ങളും നമ്മൾ കാണാറുണ്ട്. അത്തരത്തിൽ അതിവേഗയാത്രാ സങ്കേതിക വിദ്യയായ ഹൈപ്പർലൂപ്പ് തദ്ദേശീയമായി വികസിപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ഹൈപ്പർലൂപ്പിനായി ടെസ്റ്റ് ട്രാക്ക് ഒരുക്കിയിരിക്കുന്നത് മദ്രാസ് ഐഐടിയിലെ ഗവേഷകരാണ്. 410 മീറ്റർ നീളമുള്ള ട്രാക്കാണ് ഇവർ ഇതിനായി നിർമ്മിച്ചത്.
തമിഴ്നാട്ടിലെ തയ്യൂരിലെ മദ്രാസ് ഐഐടി ക്യാമ്പസിൽ തന്നെയാണ് ഈ ട്രാക്ക് നിലവിൽ സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്കെന്ന പ്രത്യേകതയും ഇതിനുണ്ട്. മറ്റ് ഹൈപ്പർലൂപ്പ് കമ്പനികൾക്കും ഈ ട്രാക്ക് ഭാവിയിൽ ഉപയോഗിക്കാൻ സാധിക്കുമെന്നാണ് ഐഐടി അധികൃതർ പറയുന്നത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ട്രാക്കിൻ്റെ ചിത്രങ്ങളും വീഡിയോയും എക്സിലൂടെ പങ്കുവച്ചത്.
മണിക്കൂറിൽ 1,100 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കുന്ന തരത്തിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. അതിനാൽ തന്നെ രാജ്യത്തെ ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ഹൈപ്പർലൂപ്പ് സാങ്കേതികവിദ്യയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. താഴ്ന്ന മർദത്തിലുള്ള ട്യൂബുകളിലൂടെ കാന്തിക ശക്തി ഉപയോഗിച്ച് അതിവേഗത്തിൽ ആളുകളെയും ചരക്കും കൊണ്ടുപോകാൻ സാധിക്കും. ഈ സാങ്കേതികവിദ്യയെയാണ് ഹൈപ്പർലൂപ്പ് എന്ന് പറയുന്നത്.
Watch: Bharat’s first Hyperloop test track (410 meters) completed.
👍 Team Railways, IIT-Madras’ Avishkar Hyperloop team and TuTr (incubated startup)
📍At IIT-M discovery campus, Thaiyur pic.twitter.com/jjMxkTdvAd
— Ashwini Vaishnaw (@AshwiniVaishnaw) December 5, 2024
ഇന്ത്യൻ റെയിൽവെയ്ക്കും ഐഐടി മദ്രാസിനും ഒപ്പം സ്റ്റാർട്ടപ്പ് കമ്പനിയായ ട്യൂട്ടർ ഹൈപ്പർലൂപ്പും ഈ ദൗത്യത്തിൽ പങ്കാളികളാണ്. നിലവിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയാണ് ടെസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇവ മണിക്കൂറിൽ 600 കിലോമീറ്റർ വേഗത്തിലാക്കാൻ സാധിക്കും. അതിലൂടെ രാജ്യത്തെ ഏറ്റവും വേഗതയേറിയ ഗതാഗത മാർഗമായി ഹൈപ്പർലൂപ്പ് മാറും. 2022 മാർച്ചിൽ ഇത്തരത്തിൽ ഹൈപ്പർലൂപ്പ് ടെസ്റ്റ് സൗകര്യം വികസിപ്പിക്കുന്നതിനും സഹകരിച്ച് പ്രവർത്തിക്കുന്നതിനുമുള്ള നിർദേശവുമായി ഐഐടി മദ്രാസ് കേന്ദ്ര റെയിൽവേ മന്ത്രാലയത്തെ സമീപിച്ചിരുന്നു. ഈ പദ്ധതിയുടെ ആകെ ചെലവ് 8.34 കോടി രൂപയാണ്.
ഈ ദൗത്യം വിജയകരമായതിനാൽ ചെന്നൈ- ബെംഗളൂരു യാത്രയ്ക്ക് ഹൈപ്പർലൂപ്പ് പാത നിർമിക്കാനുള്ള പദ്ധതിയും സർക്കാരിനുണ്ട്. ഹൈപ്പർലൂപ്പ് പാത യാഥാർത്ഥ്യമായാൽ ചെന്നൈയിൽ നിന്ന് വെറും 30 മിനിറ്റുകൾ കൊണ്ട് ബെംഗളൂരുവിലെത്താൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. ഈ പദ്ധതിക്ക് ആക്കം നൽകികൊണ്ടാണ് പുതിയ ടെസ്റ്റ് ട്രാക്കിന്റെ നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്. ചെന്നൈ ബെംഗളൂരു പാതയ്ക്ക് പുറമെ മുംബൈ- പുനെ, ഡൽഹി- ചണ്ഡീഗഡ് തുടങ്ങിയ ഇടങ്ങിളിലേക്കും ഹൈപ്പർലൂപ്പ് പാതകൾ നിർമ്മിക്കാൻ സർക്കാർ പരിഗണനയിലുണ്ട്.
സാൻ ഫ്രാൻസിസ്കോയെയും ലോസ് ഏഞ്ചൽസിനെയും ബന്ധിപ്പിക്കുന്ന ഒരു ഗതാഗത സംവിധാനം വിഭാവനം ചെയ്തുകൊണ്ട് 2013 ൽ എലോൺ മസ്‌ക് ആണ് ഹൈപ്പർലൂപ്പ് എന്ന ആശയം ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്.