മെറ്റായ്ക്ക് പോലും വായിക്കാനാവാത്ത ‘ഇൻകോഗ്നിറ്റോ ചാറ്റ്’ വരുന്നു; വാട്സ്ആപ്പിൽ വിപ്ലവകരമായ മാറ്റം
WhatsApp Launches Incognito Chat with Meta AI : എഐ ഉപയോക്താക്കള്‍ക്കായി 'സ്വകാര്യ ഇടം' ഒരുക്കി മെറ്റ. വാട്സ്ആപ്പിലെ മെറ്റാ എഐ ചാറ്റ്ബോട്ടുമായി നടത്തുന്ന സംഭാഷണങ്ങൾ മെറ്റായ്ക്ക് പോലും വായിക്കാൻ കഴിയാത്ത വിധത്തിലുള്ള പുതിയ 'ഇൻകോഗ്നിറ്റോ' മോഡ് വാട്സ്ആപ്പ് അവതരിപ്പിച്ചു.
എഐ ഉപയോക്താക്കള്‍ക്കായി ‘സ്വകാര്യ ഇടം’ ഒരുക്കി മെറ്റയുടെ പുതിയ പരിഷ്‌കാരം. വാട്സ്ആപ്പിലെ മെറ്റാ എഐ ചാറ്റ്ബോട്ടുമായി നടത്തുന്ന സംഭാഷണങ്ങൾ മെറ്റായ്ക്ക് പോലും വായിക്കാൻ കഴിയാത്ത വിധത്തിലുള്ള പുതിയ ‘ഇൻകോഗ്നിറ്റോ’ മോഡ് വാട്സ്ആപ്പ് അവതരിപ്പിച്ചു. “വാട്സ്ആപ്പിലും മെറ്റാ എഐ ആപ്പിലും ഞങ്ങൾ ഇൻകോഗ്നിറ്റോ ചാറ്റ് ആരംഭിക്കുന്നു. എഐയുമായി സംവദിക്കാനുള്ള പൂർണ്ണമായും സ്വകാര്യമായ ഒരു രീതിയാണിത്” എന്ന് കമ്പനി ഒരു ബ്ലോഗ് പോസ്റ്റിലൂടെ വ്യക്തമാക്കി. വ്യക്തിപരം, സാമ്പത്തികം, ആരോഗ്യം, അല്ലെങ്കിൽ ജോലി സംബന്ധമായ വിവരങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ മറ്റാരും കാണില്ലെന്ന ഉറപ്പോടെ ചോദിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കായാണ് ഈ ഫീച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
വരും മാസങ്ങളിൽ ഈ ഫീച്ചർ ആഗോളതലത്തിൽ ലഭ്യമാകും. കമ്പനിയുടെ ‘പ്രൈവറ്റ് പ്രോസസ്സിംഗ്’ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഉപയോക്താക്കളുടെ സംഭാഷണങ്ങൾ ആർക്കും വായിക്കാൻ കഴിയില്ലെന്ന് മെസ്സേജിംഗ് പ്ലാറ്റ്‌ഫോം അവകാശപ്പെടുന്നു. തങ്ങള്‍ക്ക് പോലും ചാറ്റുകള്‍ വായിക്കാന്‍ കഴിയില്ലെന്നാണ് കമ്പനിയുടെ വാദം.
ഈ ചാറ്റുകൾ താൽക്കാലികമായിരിക്കും. അവ സേവ് ചെയ്യപ്പെടില്ല. സെഷൻ അവസാനിക്കുന്നതോടെ അപ്രത്യക്ഷമാവുകയും ചെയ്യും. വെബ് ബ്രൗസറുകളിലും ‘ഇന്‍കോഗ്നിറ്റോ’ സൗകര്യം കാണാറുണ്ടെങ്കിലും, മെറ്റയുടെ ഫീച്ചര്‍ അതില്‍ നിന്നും വ്യത്യസ്തമാണ്.
നിലവിലുള്ള പല ഇൻകോഗ്നിറ്റോ സംവിധാനങ്ങൾക്കും ഉപയോക്താക്കളുടെ ചോദ്യങ്ങളും ഉത്തരങ്ങളും ഇപ്പോഴും ആക്സസ് ചെയ്യാൻ കഴിയുമെന്നും എന്നാൽ തങ്ങളുടെ ഇൻകോഗ്നിറ്റോ ചാറ്റ് “ഞങ്ങൾക്ക് പോലും” വായിക്കാൻ കഴിയാത്ത രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നുമാണ് മെറ്റയുടെ അവകാശവാദം.
‘സൈഡ് ചാറ്റ്’ എന്ന മറ്റൊരു ഫീച്ചർ കൂടി അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് മെറ്റ. നിലവിലുള്ള വാട്സ്ആപ്പ് സംഭാഷണങ്ങൾക്ക് തടസ്സമില്ലാതെ തന്നെ, ആ ചാറ്റിലെ വിവരങ്ങളുടെ പശ്ചാത്തലത്തിൽ മെറ്റാ എഐയുമായി സ്വകാര്യമായി സംസാരിക്കാൻ ഈ സംവിധാനം ഉപയോക്താക്കളെ അനുവദിക്കും. ഈ ഫീച്ചറും കമ്പനിയുടെ പ്രൈവറ്റ് പ്രോസസ്സിംഗ് സിസ്റ്റം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
വാട്സ്ആപ്പിന്റെ പ്രസ്താവന:
“എഐയുമായുള്ള ചാറ്റിംഗ് ആളുകൾ വിവരങ്ങൾ ശേഖരിക്കുന്നതിനും സുപ്രധാന ചോദ്യങ്ങൾ ചോദിക്കുന്നതിനുമുള്ള ഒരു നിർണ്ണായക മാർഗമായി മാറിയിരിക്കുന്നു. ഈ ചോദ്യങ്ങളിൽ പലതും അതീവ രഹസ്യ സ്വഭാവമുള്ളതോ സാമ്പത്തികവും ആരോഗ്യപരവുമായ സ്വകാര്യ വിവരങ്ങൾ അടങ്ങിയതോ ആകാം. പത്ത് വർഷം മുമ്പ് ഞങ്ങൾ ലോകത്തിന് ‘എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ’ നൽകി, ഇപ്പോൾ ആ സ്വകാര്യത മെറ്റാ എഐയുമായുള്ള ചാറ്റുകളിലേക്കും വ്യാപിപ്പിക്കുകയാണ്.
ഇന്ന് ഞങ്ങൾ മെറ്റാ എഐയ്ക്കൊപ്പം ഇൻകോഗ്നിറ്റോ ചാറ്റ് ആരംഭിക്കുന്നു. ഞങ്ങളുടെ പ്രൈവറ്റ് പ്രോസസ്സിംഗ് സാങ്കേതികവിദ്യയിൽ നിർമ്മിച്ച ഈ ഫീച്ചർ മറ്റാർക്കും കാണാൻ കഴിയാത്ത വിധം മെറ്റാ എഐയുമായി സംസാരിക്കാൻ നിങ്ങളെ അനുവദിക്കുന്നു. മറ്റ് ആപ്പുകൾ സമാനമായ രീതികൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവർക്ക് ഇപ്പോഴും ചോദ്യങ്ങളും ഉത്തരങ്ങളും കാണാൻ കഴിയും. എന്നാൽ മെറ്റാ എഐയുമായുള്ള ഇൻകോഗ്നിറ്റോ ചാറ്റ് യഥാർത്ഥത്തിൽ സ്വകാര്യമാണ് – ഞങ്ങൾക്ക് പോലും നിങ്ങളുടെ സംഭാഷണം വായിക്കാൻ കഴിയില്ല”.
English Summary
Meta launched “Incognito Chat” for private AI conversations on WhatsApp. This feature uses “Private Processing” to hide chats from everyone, including Meta. The chats are temporary and disappear automatically once the session ends. A new “Side Chat” feature will also allow private AI help during regular conversations.