Microsoft laptops: ഇത് എഐയുടെ കാലമല്ലേ…: കോപൈലറ്റ് പ്ലസ് സർഫേസ് ലാപ്‌ടോപ്പുകളുമായി മൈക്രോസോഫ്റ്റ്
മൈക്രോസോഫ്റ്റ് ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും വേഗമേറിയതും ബുദ്ധിശക്തിയേറിയതുമാണ് കോപൈലറ്റ് പിസികളെന്നും കമ്പനി അവകാശപ്പെടുന്നു.
എഐ ഫീച്ചറുകളോടു കൂടിയ ലാപ്‌ടോപ്പുകളുമായി മൈക്രോസോഫ്റ്റ്. പുതിയ വിഭാഗത്തിൽപെട്ട വിൻഡോസ് പേഴ്‌സണൽ കമ്പ്യൂട്ടറുകളാണ് മൈക്രോസോഫ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്.
മൈക്രോസോഫ്റ്റ് ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും വേഗമേറിയതും ബുദ്ധിശക്തിയേറിയതുമാണ് കോപൈലറ്റ് പിസികളെന്നും കമ്പനി അവകാശപ്പെടുന്നു. ഈ വിഭാഗത്തിൽ പെടുന്ന പുതിയ സർഫേസ് ലാപ്‌ടോപ്പുകൾ കമ്പനി അവതരിപ്പിച്ചു. സർഫേസ് പ്രോ, സർഫേസ് ലാപ്‌ടോപ്പ് എന്നിവയാണ് അവതരിപ്പിച്ചത്.
ശക്തിയേറിയ പ്രൊസസർ, ഒരു ദിവസം മുഴുവൻ ബാറ്ററിലൈഫ്, അത്യാധുനിക എഐ മോഡലുകൾ ഉപയോഗിക്കാനുള്ള സൗകര്യം ഉൾപ്പടെ മറ്റ് പിസികളിൽ ലഭ്യമല്ലാത്ത പലതും പുതിയ കോ പൈലറ്റ് പിസികളിൽ ലഭിക്കുമെന്നാണ് കമ്പനിയുടെ വാദം.
കോക്രിയേറ്റർ, ലൈവ് കാപ്ഷൻസ് പോലുള്ള സൗകര്യങ്ങളും 40ൽ ഏറെ ഭാഷകളിൽ നിന്ന് ഇംഗ്ലീഷിലേക്ക് ശബ്ദം തർജമ ചെയ്യാനുമുള്ള സൗകര്യം ഉൾപ്പടെ വിവിധങ്ങളായ ഫീച്ചറുകൾ കോപൈലറ്റ് പ്ലസ് ലാപ്‌ടോപ്പുകളിൽ ലഭ്യമാണ്. മൈക്രോസോഫ്റ്റ് സർഫേസിനൊപ്പം അസുസ്, ലെനോവോ, ഡെൽ, എച്ച്പി, സാംസങ് തുടങ്ങിയ ബ്രാൻഡുകളും കോപൈലറ്റ് + പിസികൾ അവതരിപ്പിച്ചിട്ടുണ്ട്.
ആധുനിക ശൈലിയിലുള്ള രൂപകൽപനയിലാണ് പുതിയ കോ പ്ലസ് രൂപകൽപന ചെയ്തിരിക്കുന്നത്. കനം കുറഞ്ഞ രീതിയിലുള്ള നിർമാണവും ടച്ച് സ്‌ക്രീൻ ഡിസ്‌പ്ലേയും എഐയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ക്യാമറയും, പ്രീമിയം ഓഡിയോ ഹാപ്റ്റിക് ടച്ച്പാഡുമെല്ലാം സർഫേസ് ലാപ്‌ടോപ്പിനെ വേറിട്ടതാക്കുന്നു.
വില
999 ഡോളറിലാണ് മൈക്രോസോഫ്റ്റിന്റെ സർഫേസ് ലാപ്‌ടോപ്പിന്റെ വില ആരംഭിക്കുന്നത്. മൈക്രോസോറ്റ്.കോം എന്ന വെബ്‌സൈറ്റിൽ നിന്ന് ഇത് മുൻകൂർ ബുക്ക് ഉപയോക്താക്കൾക്ക് ചെയ്യാനാവും. ലോകവ്യാപകമായി ജൂൺ 28 മുതൽ മുൻനിര റീട്ടെയിൽ സ്‌റ്റോറുകളിൽ സർഫേസ് ലാപ്‌ടോപ്പ് എത്തും.
13.8 ഇഞ്ച്, 15 ഇഞ്ച് സ്‌ക്രീൻ സൈസ് ഓപ്ഷനുകളിലാണ് സർഫേസ് ലാപ്‌ടോപ്പുകൾ വിപണിയിലെത്തുക. പ്ലാറ്റിനം, ബ്ലാക്ക്, ഡ്യൺ, സാഫയർ എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളും ഇതിൽ ഉണ്ടാവും. കൂടാതെ പിക്‌സൽ സെൻസ് ടച്ച് സ്‌ക്രീൻ ഡിസ്‌പ്ലേയാണിതിന്.
120 ഹെർട്‌സ് റിഫ്രഷ് റേറ്റുണ്ട്. എച്ച്ഡിആർ സാങ്കേതിക വിദ്യ, ഡോൾബി വിഷൻ ഐക്യൂ, അഡാപ്റ്റീവ് കളർ സാങ്കേതിക വിദ്യ എന്നിവയും സർഫേസ് ലാപ്‌ടോപ്പിനുണ്ട്. സ്‌നാപ്ഡ്രാഗൺ എക്‌സ് എലൈറ്റ്, സ്‌നാപ്ഡ്രാഗൺ എക്‌സ് പ്ലസ് പ്രൊസസറുകളാണിതിൽ.
സർഫേസ് ലാപ്‌ടോപ്പ് അഞ്ചിനേക്കാൾ 86 ശതമാനം വേഗം കൂടുതലാണ് സർഫേസ് ലാപ്‌ടോപ്പിനെന്നും മൂന്ന് 4കെ മോണിറ്ററുകൾ ഇതുമായി ബന്ധിപ്പിക്കാനാവുമെന്നും കമ്പനി അവകാശപ്പെടുന്നു.
ബാറ്ററി ശേഷിയിലേക്ക് വന്നാൽ, 15 ഇഞ്ച് സർഫേസ് ലാപ്‌ടോപ്പിൽ 22 മണിക്കൂർ വീഡിയോ പ്ലേബാക്ക് ടൈമും, 13.8 ഇഞ്ച് ലാപ്‌ടോപ്പിൽ 20 മണിക്കൂർ നേരവും പ്ലേബാക്ക് ടൈം ലഭിക്കും.
വിവിധ പോർട്ടുകൾ, വൈഫൈ 7, ഫുൾ എച്ച്ഡി സർഫേസ് സ്റ്റുഡിയോ ക്യാമറ, ഓട്ടോമാറ്റിക് ഫ്രേയിമിങ്, പോർട്രെയ്റ്റ് ബ്ലർ പോലുള്ള എഐ പിന്തുണയുള്ള വിൻഡോസ് സ്റ്റുഡിയോ ഇഫക്ടുകൾ, ക്രിയേറ്റീവ് ഫിൽറ്ററുകൾ, വോയ്സ് ഫോക്കസ്, ഒംനി സോണിക് സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, സ്റ്റുഡിയോ മൈക്ക്സ് തുടങ്ങിയ സൗകര്യങ്ങളും ഇതിൽ ലഭ്യമാണ്.