Sunita Williams: വീണ്ടും നിരാശ…! സുനിത വില്യംസിൻ്റെ മടങ്ങിവരവ് വൈകും; സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം മാറ്റിവച്ചു
Sunita Williams And Butch Wilmore Return: ലോഞ്ച് പാഡിലെ സാങ്കേതിക പ്രശ്നം മൂലമാണ് നിലവിൽ ദൗത്യം മാറ്റിവയ്ക്കാൻ കാരണമായിരിക്കുന്നതെന്നും നാസ അറിയിച്ചു. ഇന്ന് രാവിലെ 5:18നാണ് വിക്ഷേപണം നടത്താൻ പദ്ധയിട്ടിരുന്നത്. ഇതിന് പിന്നാലെയാണ് സാങ്കേതിക പ്രശ്നം കണ്ടെത്തിയിരിക്കുന്നത്.

കാലിഫോർണിയ: നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിൻ്റെയും ബുച്ച് വിൽമോറിൻ്റെ ഭൂമിയിലേക്കുള്ള മടങ്ങിവരവ് ഇനിയും വൈകും. സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റിവെച്ച സാഹചര്യത്തിലാണ് മടങ്ങിവരവ് വീണ്ടും നീളുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അടുത്ത നാല് പേരെ കൂടി എത്തിക്കാനുള്ള ദൗത്യമാണ് നീട്ടിവച്ചിരിക്കുന്നത്. നാസ തന്നെയാണ് ഇക്കാര്യ സ്ഥിരീകരിച്ചത്.
ലോഞ്ച് പാഡിലെ സാങ്കേതിക പ്രശ്നം മൂലമാണ് നിലവിൽ ദൗത്യം മാറ്റിവയ്ക്കാൻ കാരണമായിരിക്കുന്നതെന്നും നാസ അറിയിച്ചു. ഇന്ന് രാവിലെ 5:18നാണ് വിക്ഷേപണം നടത്താൻ പദ്ധയിട്ടിരുന്നത്. ഇതിന് പിന്നാലെയാണ് സാങ്കേതിക പ്രശ്നം കണ്ടെത്തിയിരിക്കുന്നത്. അതേസമയം വരുന്ന തിങ്കളാഴ്ചയായിരിക്കും സുനിത വില്യംസും സംഘത്തിന്‍റെയും മടക്കമെന്ന് നാസ അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച അമേരിക്കന്‍ പ്രാദേശിക സമയം വൈകീട്ട് 7.26-നാണ് അടുത്ത വിക്ഷേപണ ശ്രമം. പിന്നീട് ഇന്ത്യൻ സമയം വൈകിട്ട് 6.35നാകും സുനിതയും സംഘവും നിലയത്തിൽ നിന്ന് പുറപ്പെടുക. കാലാവസ്ഥ സാഹചര്യമനുസരിച്ച് ഈ സമയത്തിലും തീയതിയിലും മാറ്റം വരുത്തേണ്ടി വന്നേക്കാമെന്നും നാസ വ്യക്തമാക്കി.
2024 ജൂൺ മാസത്തിലാണ് നാസയുടെ ബഹരാകാശ സഞ്ചാരികളായ ഇന്ത്യൻ വംശജയായ സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ബോയിംഗിൻറെ സ്റ്റാർലൈനർ പേടകത്തിൽ 10 ദിവസത്തെ ദൗത്യത്തിനായാണ് ഇരുവരും അടങ്ങുന്ന സംഘം ഐഎസ്എസിലേക്ക് യാത്ര തിരിച്ചത്. എന്നാൽ സ്റ്റാർലൈനറിൻറെ പ്രൊപൽഷൻ സംവിധാനത്തിലെ തകരാറും ഹീലിയും ചോർച്ചയും കാരണം ഇരുവരും അവിടെ കുടുങ്ങുകയായിരുന്നു. കഴിഞ്ഞ 9 മാസമായി ബഹിരാകാശ നിലയത്തിൽ കുടിങ്ങികിടക്കുകയാണ് സംഘം.
പലതവണ ഇരുവരെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാൻ നാസ പദ്ധതിയിട്ടെങ്കിലും സ്റ്റാർലൈനറിൻറെ അപകട സാധ്യതകൾ മുന്നിൽക്കണ്ടുകൊണ്ട് യാത്ര മാറ്റിവയ്ക്കുകയായിരുന്നു. ഈ മാസം 16ന് ഇരുവരും അടങ്ങുന്ന സംഘം ഭൂമിയിലേക്ക് തിരിച്ചെത്തുമെന്നായിരുന്നു നാസ നേരത്തെ അറിയിച്ചിരുന്നത്. ആദ്യം ഫെബ്രുവരിയിൽ അവർ തിരിച്ചെത്തുമെന്നാണ് നാസ അറിയിച്ചിരുന്നത്.
യുഎസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിന് ശേഷം സ്‌പേസ് എക്‌സ് സിഇഒ എലോൺ മസ്‌കുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ഇരുവരുടെയും മടക്കയാത്രയിൽ അതിവേഗ നടപടികൾ ഉണ്ടായിരിക്കുന്നത്. തിരികെ ഭൂമിയിൽ എത്തുമ്പോൾ ഇരുവരും അനുഭവിക്കേണ്ടി വരിക സമാനതകളില്ലാത്ത ശാരീരിക പ്രശ്നങ്ങളായിരിക്കുമെന്നും ശാസ്ത്രലോകം നേരത്തെ അറിയിച്ചിരുന്നു.