Samsung Galaxy S25 Edge: ഐഫോൺ എയറിനെ എയറിലാക്കാൻ സാംസങ് ഗ്യാലക്സി എസ്25 എഡ്ജ്; ഫീച്ചേഴ്സ് അറിയാം
Samsung Galaxy S25 Edge Features: സാംസങ് എസ്25 എഡ്ജിൻ്റെ ഫീച്ചറുകളും പ്രത്യേകതകളും പുറത്ത്. ഡിസ്പ്ലേ സൈസും ഭാരവുമൊക്കെയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

സാംസങ് ഗ്യാലക്സി എസ്25 എഡ്ജ് ഏപ്രിൽ മാസത്തിൽ ആഗോളമാർക്കറ്റിലെത്തുമെന്നാണ് വിവരം. അടുത്തിടെ സമാപിച്ച മൊബൈൽ വേൾഡ് കോൺഗ്രസിൽ വച്ച് കമ്പനി ഫോൺ പ്രദർശിപ്പിച്ചിരുന്നു. ഇപ്പോൾ ഫോണിൻ്റെ മറ്റ് ഫീച്ചറുകളും വിലയും ഭാരവുമൊക്കെ പുറത്തുവരുന്നുണ്ട്. ഔദ്യോഗിക വെളിപ്പെടുത്തലല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സാംസങ് ഗ്യാലക്സി എസ് 25 എഡ്ജിൻ്റെ വിശദാംശങ്ങൾ പ്രചരിക്കുകയാണ്.
സ്നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്‌സെറ്റിലാവും ഫോൺ പ്രവർത്തിക്കുക. എസ്25 പ്ലസ് മോഡലിനെക്കാൾ ചെറിയ ബാറ്ററിയാവും. ജനുവരിയിൽ പുറത്തിറങ്ങിയ സാംസങ് എസ് 25 പ്ലസ് മോഡലിന് സമാനമാവും എസ്25 എഡ്ജിൻ്റെ വില എന്നാണ് പ്രചരിക്കുന്ന വാർത്തകൾ. ഇത് ശരിയാണെങ്കിൽ എസ്25 എഡ്ജിൻ്റെ വില ഏകദേശം 87,150 രൂപയാവും. 6.65 ഇഞ്ച് ഡിസ്പ്ലേയാവും സാംസങ് എസ്25 എഡ്ജിലുണ്ടാവുക.സാംസങ് ഗ്യാലക്സി എസ്25 അൾട്ര മോഡലിനോട് സമാനമായ നാരോ ബെസൽസാവും ഈ മോഡലിനും.
പ്രചരിക്കുന്ന വിവരങ്ങളനുസരിച്ച് സാംസങ് ഗ്യാലക്സി എസ്25 എഡ്ജിൻ്റെ കട്ടി 5.84 മില്ലിമീറ്ററാവും. സാംസങ് ഗ്യാലക്സി എസ്25 പ്ലസ് മോഡലിനെക്കാൾ 1.4 മില്ലിമീറ്റർ കനം കുറവാണ് ഇത്. ഗ്യാലക്സി എസ്25 എഡ്ജിൻ്റെ ഭാരം 162 ഗ്രാം ആയിരിക്കുമെന്നും വിവരമുണ്ട്. സാംസങ് ഗ്യാലക്സി എസ്25 പ്ലസിൻ്റെ ഭാരം 195 ഗ്രാമാണ്. രണ്ട് റിയർ ക്യാമറകളാവും എഡ്ജിൽ ഉണ്ടാവുക. പ്ലസ് വേരിയൻ്റിൽ മൂന്ന് ക്യാമറകളാണ് ഉണ്ടായിരുന്നത്.




Also Read: iPhone 17 Air: കാറ്റുപോലെ കനം കുറഞ്ഞ ഐഫോൺ 17 എയർ; വിശദാംശങ്ങളും ഫീച്ചേഴ്സും പുറത്ത്
സാംസങ് ഗ്യാലക്സി എസ്25 എഡ്ജിൻ്റെ ഏറ്റവും വലിയ എതിരാളിയെന്ന് കരുതപ്പെടുന്ന ഐഫോൺ 17 എയറിൻ്റെ ഫീച്ചറുകളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഐഫോൺ 17 എയറിന് സാംസങ് എസ്25 എഡ്ജിനെക്കാൾ കനം കുറവായിരിക്കുമെന്നാണ് സൂചന. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഐഫോൺ 17 എയറിൻ്റെ കനം 5.5 മില്ലിമീറ്റർ ആയിരിക്കും. എന്നാൽ, ഐഫോൺ 17 എയറിൽ ഒരു റിയർ ക്യാമറയേ ഉണ്ടാവൂ. 6.9 ഇഞ്ച് എൽടിപിഒ അമോഎൽഇഡി ഡിസ്പ്ലേയിലാവും ഐഫോൺ 17 എയർ പുറത്തിറങ്ങുക. ഐഫോൺ 17 എയറിൻ്റെ ബാറ്ററി സാധാരണയിലും ചെറുതാവുമെന്നും ഫോണിലെ ഫിസിക്കൽ സിം സ്ലോട്ട് ഒഴിവാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇത് ഐഫോണിന് തിരിച്ചടിയാവുമെന്ന റിപ്പോർട്ടുകളുമുണ്ട്. ഐഫോൺ 17 എയറിൻ്റെ വിലയെപ്പറ്റിയുള്ള സൂചനകളൊന്നുമില്ല. ഏറെ വൈകാതെ തന്നെ ഫോൺ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.