SpaceX Starship: സ്റ്റാർഷിപ്പ് വീണ്ടും പൊട്ടിത്തെറിച്ചു; ഇത്തവണ അപകടം ടെക്സസിലെ ഗ്രൗണ്ട് ടെസ്റ്റിനിടെ
Starship Rocket Explodes Again: സ്പേസ്എക്സിൻ്റെ സ്റ്റാർഷിപ്പ് റോക്കറ്റ് വീണ്ടും പൊട്ടിത്തെറിച്ചു. ടെക്സസിലെ ലോഞ്ച് പാഡിൽ നടന്ന ഗ്രൗണ്ട് ടെസ്റ്റിനിടെയാണ് അപകടം.
ഇലോൺ മസ്കിൻ്റെ സ്പേസ്എക്സ് സ്റ്റാർഷിപ്പ് വീണ്ടും പൊട്ടിത്തെറിച്ചു. ഇത്തവണ ടെക്സസിലെ സ്റ്റാർബേസ് ഫെസിലിറ്റിയിൽ നടന്ന ഗ്രൗണ്ട് ടെസ്റ്റിനിടെയാണ് അപകടം നടന്നത്. ബുധനാഴ്ച രാത്രി 11 മണിയോടെ ഉണ്ടായ അപകടത്തിൽ ആകാശത്ത് വലിയ തീഗോളം ദൃശ്യമായെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ ജീവഹാനിയുണ്ടായിട്ടില്ല.
പത്താമത്തെ ടെസ്റ്റ് ഫ്ലൈറ്റിനായി തയ്യാറെടുക്കുന്നതിനിടെയായിരുന്നു അപകടം. അപകടത്തിൽ വാഹനം പൂർണമായി തകർന്നു. സമീപത്തെ ചില നിർമ്മിതികൾക്ക് കേടുപാടുകൾ ഉണ്ടാവുകയും ചെയ്തു. സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചതോടെ എല്ലാ ജീവനക്കാരെയും സുരക്ഷിതരായി പുറത്തെത്തിച്ചു എന്ന് കമ്പനി അറിയിച്ചു. വളരെ പെട്ടെന്നുണ്ടായ അപകടമായിരുന്നു എന്ന് സ്പേസ് എക്സിൻ്റെ വാർത്താകുറിപ്പിൽ അറിയിച്ചു. സൂപ്പർ ഹെവി ബൂസ്റ്റർ ഉപയോഗിച്ചുള്ള പരീക്ഷണത്തിനിടെയായിരുന്നു സംഭവം. റോക്കറ്റിൻ്റെ നോസ്കോണിലുള്ള കോമ്പോസിറ്റ് ഓവർറാപ്പ്ഡ് പ്രഷർ വെസലിനുണ്ടായ തകരാർ ആവാം അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, ഇതൊരു ചെറിയ സംഭവമാണെന്നാണ് മസ്ക് പറഞ്ഞത്.
Also Read: SpaceX: പരിശീലനപ്പറക്കലിൽ വീണ്ടും പരാജയം; സ്പേസ്എക്സിൻ്റെ സ്റ്റാർഷിപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് ഇന്ത്യൻ മഹാസമുദ്രത്തിൽ
403 അടി നീളമുള്ള റോക്കറ്റാണ് ഇത്. ലാർജ് ലോഞ്ച് വെഹിക്കിളുകളിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റാണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. 150 മെട്രിക് ടൺ ഭാരം ഉയർത്തി തിരികെ വരാൻ ഇതിന് കഴിയും. ചൊവ്വയിൽ മനുഷ്യൻ കോളനിയുണ്ടാക്കുക എന്ന ഇലോൺ മസ്കിൻ്റെ സ്വപ്നത്തിൽ സ്റ്റാർഷിപ്പ് വലിയ പങ്കാണ് വഹിക്കുന്നത്.
കഴിഞ്ഞ മെയ് മാസത്തിൽ സ്റ്റാർഷിപ്പിൻ്റെ ഒരു പ്രോട്ടോടൈപ്പ് തകർന്ന് ഇന്ത്യൻ ഉൾക്കടലിൽ വീണിരുന്നു. പദ്ധതിയിട്ടിരുന്നത് പോലെ റോക്കറ്റ് വിക്ഷേപിക്കാനായെങ്കിലും ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം ഉടൻ തന്നെ തകർന്ന് ഇന്ത്യൻ ഉൾക്കടലിൽ പതിക്കുകയായിരുന്നു. ഇത്തരം അപകടനങ്ങൾ കൊണ്ടൊന്നും തന്നെ തകർക്കാനാവില്ലെന്ന നിലപാടാണ് മസ്കിൻ്റേത്. ഉടൻ തനിക്ക് വിജയം നേടാനാവുമെന്നും മസ്ക് കരുതുന്നു.