Online Game: ഓൺലൈൻ ഗെയിം കളിച്ച് നമ്മുടെ കുട്ടികൾ മരണത്തിലേക്കോ? സുപ്രിയ മേനോൻ്റെ മുന്നറിയിപ്പ്
Supriya Menon’s Warning to Parents: 15 വയസ്സുള്ള ഓട്ടിസം ബാധിതനായ ഏഥൻ ഡല്ലാസ് എന്ന കുട്ടിയുടെ കഥ പങ്കുവെച്ചുകൊണ്ടാണ് സുപ്രിയ ഈ വിഷയം ഉയർത്തിക്കാട്ടിയത്.

Supriya Menon About Online Gaming
കൊച്ചി: കഴിഞ്ഞ ദിവസം സുപ്രിയ മേനോൻ തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ കുട്ടികളുടെ ഓൺലൈൻ സുരക്ഷയെക്കുറിച്ച് രക്ഷിതാക്കൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകി. കാലിഫോർണിയയിലെ സാൻ ഡിയേഗോയിൽ നടന്ന ഒരു ദാരുണമായ സംഭവമാണ് ഈ മുന്നറിയിപ്പിന് പിന്നിൽ.
15 വയസ്സുള്ള ഓട്ടിസം ബാധിതനായ ഏഥൻ ഡല്ലാസ് എന്ന കുട്ടിയുടെ കഥ പങ്കുവെച്ചുകൊണ്ടാണ് സുപ്രിയ ഈ വിഷയം ഉയർത്തിക്കാട്ടിയത്. ഓൺലൈൻ ഗെയിമിംഗും അതുവഴിയുള്ള ദുരുപയോഗങ്ങളും എങ്ങനെ കുട്ടികളുടെ ജീവിതത്തെ നശിപ്പിക്കാൻ കഴിയുമെന്നതിൻ്റെ ഉദാഹരണമാണ് ഏഥൻ്റെ മരണം.
ഏഥൻ്റെ കഥ: ഓൺലൈൻ ഗെയിമിംഗ് ദുരന്തം
ഏഴ് വയസ്സു മുതൽ ഏഥൻ റോബ്ലോക്സ് എന്ന ഓൺലൈൻ ഗെയിം കളിച്ചിരുന്നു. ഈ ഗെയിമിലൂടെ നേറ്റ് എന്ന പേരുള്ള ഒരു കുട്ടിയുമായി ഏഥൻ സൗഹൃദത്തിലായി. പതിയെ അവരുടെ സംസാരം ഗെയിം ചാറ്റിൽ നിന്ന് ഡിസ്‌കോർഡ് എന്ന പ്ലാറ്റ്‌ഫോമിലേക്ക് മാറുകയും, കൂടുതൽ സ്വകാര്യ സംഭാഷണങ്ങളിലേക്ക് കടക്കുകയും ചെയ്തു.
ഈ ഘട്ടത്തിൽ, നേറ്റ് ഏഥനെ ഭീഷണിപ്പെടുത്തിക്കൊണ്ട് ലൈംഗികച്ചുവയുള്ള ചിത്രങ്ങൾ ആവശ്യപ്പെട്ടു. ഭീഷണിക്ക് വഴങ്ങി ഏഥൻ ചിത്രങ്ങൾ അയച്ചു. ഈ സംഭവം ഏഥനെ മാനസികമായി തളർത്തി. തുടർന്ന് ദേഷ്യം, അക്രമാസക്തമായ പെരുമാറ്റം തുടങ്ങിയ പ്രശ്‌നങ്ങൾ ഏഥനിൽ പ്രകടമായി.
2022-ൽ ഏഥൻ്റെ അവസ്ഥ വഷളാവുകയും, ഒരു വർഷത്തോളം ചികിത്സ തേടേണ്ടിവരികയും ചെയ്തു. പിന്നീട് ഏഥൻ അമ്മയോട് നടന്ന കാര്യങ്ങൾ തുറന്നുപറഞ്ഞു. എന്നാൽ, ഈ വെളിപ്പെടുത്തലിനുശേഷം നാല് മാസങ്ങൾക്കകം 2024 ഏപ്രിലിൽ ഏഥൻ ആത്മഹത്യ ചെയ്തു.
പിന്നീടുള്ള അന്വേഷണത്തിൽ, ഏഥനെ ചതിച്ച “നേറ്റ്” എന്നത് 37 വയസ്സുകാരനായ തിമോത്തി ഒ കോണർ എന്ന വ്യക്തിയാണെന്ന് വ്യക്തമായി. ഇയാൾ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന കേസുകളിൽ പ്രതിയായിരുന്നു.
റോബ്ലോക്സിനും ഡിസ്‌കോർഡിനുമെതിരെ പരാതി
ഏഥൻ്റെ അമ്മ ബെക്ക ഡല്ലാസ് റോബ്ലോക്സിനും ഡിസ്‌കോർഡിനും എതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഈ പ്ലാറ്റ്‌ഫോമുകൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് അവർ ആരോപിച്ചു. പ്രത്യേകിച്ച്, 13 വയസ്സിൽ താഴെയുള്ള ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കേണ്ട റോബ്ലോക്സ്, മുതിർന്നവർക്ക് കുട്ടികളുമായി സ്വകാര്യമായി സംസാരിക്കാനുള്ള സൗകര്യം നൽകിയത് വലിയ അപകടമാണെന്ന് സുരക്ഷാ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
റോബ്ലോക്സിലും ഡിസ്‌കോർഡിലും ഉപഭോക്താക്കളുടെ പ്രായം കൃത്യമായി പരിശോധിക്കുന്ന സംവിധാനങ്ങൾ ഉണ്ടായിരുന്നെങ്കിൽ തൻ്റെ മകന് ഇങ്ങനെയൊരു ദുരന്തം സംഭവിക്കില്ലായിരുന്നുവെന്നും പരാതിയിൽ ബെക്ക പറയുന്നു.