ഹോർമുസിൽ ആക്രമിക്കപ്പെട്ട കപ്പലിൽ 11 ഇന്ത്യക്കാർ; 10 പേരെ രക്ഷപ്പെടുത്തി, കാണാതായ ആൾക്കായി ഊർജ്ജിത തിരച്ചിൽ
India Condemns Attack on M/V GFS Galaxy; Search Underway for Missing Indian Sailor: ഹോർമുസിലൂടെ കടന്നുപോവുകയായിരുന്ന സൈപ്രസ് പതാകയുള്ള 'എം.വി ജി.എഫ്.എസ് ഗാലക്സി' എന്ന കപ്പലിന് നേരെയാണ് ആക്രമണം നടന്നത്. ഇതേതുടർന്ന് അമേരിക്ക ഇറാനുനേരെ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ കപ്പലിൻ്റെ എഞ്ചിൻ റൂമിന് വലിയ കേടുപാടുകൾ സംഭവിച്ചതായും തീപിടുത്തം ഉണ്ടായതായും യു.എസ് സെൻട്രൽ കമാൻഡിൻ്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു
ഹോർമൂസിൽ ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ നടന്ന ആക്രമണത്തെ ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം. ഇന്ത്യക്കാർ ഉൾപ്പെട്ട കപ്പലിന് നേരെയാണ് ആക്രമണം നടന്നത്. പശ്ചിമേഷ്യയിൽ വാണിജ്യ കപ്പലുകൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ അങ്ങേയറ്റം ആശങ്കാജനകമാണെന്ന് ഇന്ത്യ വ്യക്തമാക്കി. കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യക്കാരിൽ 10 പേരെയും രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജെയ്‌സ്വാൾ അറിയിച്ചു. കാണാതായ ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
ഒമാനിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഒമാൻ അധികൃതരുമായി സഹകരിച്ചാണ് തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നത്തിന് പരിഹാരം കണ്ട് മേഖലയിൽ സമാധാനം ഉറപ്പുവരുത്തണമെന്നും ഇന്ത്യ വ്യക്തമാക്കി. വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണം. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച്, മേഖലയിലെ ജലപാതകളിലൂടെയുള്ള സ്വതന്ത്രമായ ഗതാഗതവും വ്യാപാരവും എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും ജെയ്‌സ്വാൾ കൂട്ടിച്ചേർത്തു.
ഹോർമുസിലൂടെ കടന്നുപോവുകയായിരുന്ന സൈപ്രസ് പതാകയുള്ള ‘എം.വി ജി.എഫ്.എസ് ഗാലക്സി’ എന്ന കപ്പലിന് നേരെയാണ് ആക്രമണം നടന്നത്. ഇതേതുടർന്ന് അമേരിക്ക ഇറാനുനേരെ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ കപ്പലിൻ്റെ എഞ്ചിൻ റൂമിന് വലിയ കേടുപാടുകൾ സംഭവിച്ചതായും തീപിടുത്തം ഉണ്ടായതായും യു.എസ് സെൻട്രൽ കമാൻഡിൻ്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. കാണാതായ ആൾക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.
Also Read: Vietnam Boat Tragedy: വിയറ്റ്നാം ബോട്ട് ദുരന്തം: സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് വിയറ്റ്നാം പ്രധാനമന്ത്രി ലെ മിൻ ഹംഗ്
അതേസമയം ഇറാൻ അമേരിക്ക സമാധാന കരാർ അട്ടിമറിക്കാൻ ശ്രമങ്ങൾ നടക്കുന്നതായി ആരോപിച്ച് ഇറൻ രംഗത്തെത്തിയിട്ടുണ്ട്. ഹോർമൂസിൽ കപ്പലിനെ ആക്രമിച്ചത് സമാധാന കരാറിനെ എതിർക്കുന്ന ഇറാനിലെ തന്നെ തീവ്ര വിഭാഗങ്ങളാണെന്ന് അമേരിക്കൻ മാാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സമാധാനത്തിനായുള്ള ശ്രമങ്ങൾ സമാന്തരമായി തന്നെ പുരോഗമിക്കുന്നതായാനെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാൽ ഇറാനുമേൽ അമേരിക്ക കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തിട്ടുണ്ട്. യുറേനിയം ശേഖരം വിട്ടുനൽകിയാൽ മത്രമേ ഇനിയൊരു കരാറിന് തയ്യാറാകു എന്നാണ് അമേരിക്കയുടെ നിലപാട്.
അതിനിടെ ഇറാൻ്റെ പരമോന്നത നേതാവ് മൊത്ജബ ഖമേനി യു.എസിനെതിരെ കടുത്ത പ്രതികാര പ്രഖ്യാപനമാണ് നടത്തിയത്. ഫെബ്രുവരി 28ന് സംഭവിച്ച ആക്രമണത്തിൽ കൊല്ലപ്പെട്ട തൻ്റെ പിതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് അമേരിക്കയോട് പ്രതികാരം ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഖമേനിയുടെ സംസ്കാര ചടങ്ങിനിടെ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും വധിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ബാനറുകളും ജനക്കൂട്ടം ഉയർത്തിക്കാട്ടിയിരുന്നു. അതേസമയം ഇറാൻ ഭീഷണി തുടരുകയാണെങ്കിൽ ശക്തമായ മിസൈൽ ആക്രമണം നടത്തണമെന്ന് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
English Summary
The Ministry of External Affairs has strongly condemned the attack on the Cyprus-flagged commercial vessel M/V GFS Galaxy off the Oman coast. Out of the 11 Indian crew members on board, ten have been safely rescued, while search operations are actively underway for one missing Indian national. The incident followed recent US military strikes against Iran in the region.