Abu Dhabi Accident: മരണത്തിലും കൈവിടാതെ സഹോദരങ്ങൾ; ഖബറടക്കം ഇന്ന്; ഞെട്ടലിൽ പ്രവാസലോകം
Abu Dhabi Car Accident: ഇതോടെ മരിച്ചവരുടെ എണ്ണം അഞ്ചായി. നാല് കുട്ടികളുടെയും ഖബറടക്കം ഇന്ന് ഉച്ചയോടെ ദുബായിൽ നടക്കുമെന്നാണ് അധികൃതർ അറിയിച്ചത്.
അബുദാബി: അബുദാബി-ദുബായ് റോഡിൽ ഗന്തൂത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു. തിരൂർ തൃപ്പനച്ചി കിഴശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെയും റുക്സാന അബ്ദുൽ റസാഖിന്റെയും മകൻ അസാം(8) ആണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം അഞ്ചായി. നാല് കുട്ടികളുടെയും ഖബറടക്കം ഇന്ന് ഉച്ചയോടെ ദുബായിൽ നടക്കുമെന്നാണ് അധികൃതർ അറിയിച്ചത്.
ഏഴ് വയസ്സുകാരനായ അസ്സാം അബ്ദുൽ ലത്തീഫിന്റെ മസ്തിഷ്ക മരണം നേരത്തെ സംശയിച്ചതായിരുന്നു. എന്നാൽ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയായിരുന്നു. ഇതോടെയാണ് കഴിഞ്ഞ ദിവസം നടത്താൻ നിശ്ചയിച്ചിരുന്ന മറ്റ് മൂന്ന് കുട്ടികളുടെയും ഖബറടക്കം മാറ്റിവച്ചത്. അതേസമയം മരിച്ച വീട്ടുജോലിക്കാരി ബുഷറയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി. ഇന്നലെ രാത്രിയോടെ മൃതദേഹം കോഴിക്കോട് എത്തി.
ഞായറാഴ്ച പുലർച്ചെയാണ് പ്രവാസ ലോകത്തെ ഞെട്ടിപ്പിച്ച ദാരുണമായ അപകടമുണ്ടായത്. ലിവ ഫെസ്റ്റ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ അബ്ദുൽ ലത്തീഫും റുക്സാനയും മക്കളായ ഇസ്സ എന്നിവരും അബുദാബി ഷെയ്ഖ് ഷഖ്ബൂത്ത് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
Also Read:മദീനയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം
അതേസമയം, സൗദിയിലെ മദീനയ്ക്ക് സമീപത്തുണ്ടായ വാഹനാപകടത്തിൽ മരിച്ച മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ, ഭാര്യ തസ്‌ന, മകൻ ആദിൽ, ജലീലിന്റെ മാതാവ് മൈമൂനത്ത് എന്നിവരുടെ സംസ്കാര ചടങ്ങുകളും നാളത്തേക്ക് മാറ്റി. നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ ഉള്ളതിനാലാണ് സംസ്കാരം മാറ്റിവെച്ചത്.