Afghanistan: അഫ്ഗാനിൽ 45കാരന് 6 വയസുകാരി വധു, പെൺകുട്ടിക്ക് 9 വയസ് പൂർത്തിയാകട്ടെയെന്ന് താലിബാൻ
Afghanistan child marriage: 2021-ൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷമാണ് അഫ്ഗാനിസ്ഥാനിൽ ശൈശവ വിവാഹം കൂടുതൽ വർധിച്ചത്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ജോലിക്കും മേലുള്ള നിയന്ത്രണങ്ങൾ ശൈശവ വിവാഹങ്ങൾക്കും നിർബന്ധിത വിവാഹങ്ങൾക്കും ആക്കം കൂട്ടി.
അഫ്ഗാനിസ്ഥാനിൽ 45 വയസുകാരൻ ആറ് വയസുകാരിയെ വിവാഹം കഴിച്ചു. പെൺകുട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. ഇതോടെ താലിബാൻ ഇടപ്പെട്ട് പെൺകുട്ടിക്ക് ഒമ്പത് വയസ് പൂർത്തിയായിട്ട് ഭര്‍തൃവീട്ടിലേക്ക് കൊണ്ടുപോയാല്‍ മതിയെന്ന വിചിത്ര നിലപാട് സ്വീകരിച്ചു.
അഫ്ഗാനിസ്ഥാൻ ഹെൽമണ്ട് പ്രവിശ്യയിലെ മര്‍ജ ജില്ലയിലാണ്
സംഭവം. വിവാഹം ചെയ്തയാൾക്ക് രണ്ട് ഭാര്യമാരുണ്ട്. പെൺകുട്ടിയെ പിതാവ് ഇയാൾക്ക് വിൽക്കുകയും തുടർന്ന് വിവാഹം കഴിക്കുകയുമായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനെയും വരനെയും അറസ്റ്റ് ചെയ്തുവെങ്കിലും, ഇരുവർക്കുമെതിരെ ഔദ്യോഗികമായി കുറ്റം ചുമത്തിയിട്ടില്ല.
അഫ്ഗാനിസ്ഥാനിലെ ഗ്രാമ പ്രദേശങ്ങളിൽ വരന്റെ കുടുംബം വധുവിന്റെ കുടുംബത്തിന് പണം നല്‍കുന്ന വല്‍വാര്‍ എന്ന സമ്പ്രദായം നിലനിൽക്കുന്നുണ്ട്. പെൺകുട്ടിയുടെ സൗന്ദര്യം, ആരോഗ്യം അല്ലെങ്കിൽ വിദ്യാഭ്യാസം എന്നിവയെ അടിസ്ഥാനമാക്കി വരന്റെ കുടുംബം നൽകുന്ന വധുവിലയാണിത്. ഇത്തരത്തില്‍ ആറുവയസ്സുകാരിയുടെ പിതാവും പണം കൈപ്പറ്റിയിട്ടുണ്ട്.
2021-ൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷമാണ് അഫ്ഗാനിസ്ഥാനിൽ ശൈശവ വിവാഹം കൂടുതൽ വർധിച്ചത്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ജോലിക്കും മേലുള്ള നിയന്ത്രണങ്ങൾ ശൈശവ വിവാഹങ്ങൾക്കും നിർബന്ധിത വിവാഹങ്ങൾക്കും ആക്കം കൂട്ടി. രാജ്യത്തെ സ്ത്രീകൾക്ക് മേലുള്ള ഇത്തരം നിയന്ത്രണങ്ങൾ ശൈശവ വിവാഹങ്ങളിൽ 25 ശതമാനം വർധനവിനും പ്രസവത്തിൽ 45 ശതമാനം വർധനവിനും കാരണമായെന്നാണ് റിപ്പോർട്ട്.