Anthony Albanese: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് വിവാഹിതനായി; മോതിരമെത്തിച്ച് ‘ടോട്ടോ’
Australian Prime Minister Marriage: തങ്ങളുടെ കുടുംബത്തിനും അടുത്ത സുഹൃത്തുക്കള്‍ക്കും മുന്നില്‍ ഭാവി ജീവിതം ഒരുമിച്ച് ചെലവഴിക്കുന്നതിനും സ്‌നേഹം പങ്കിടുന്നതിലും സന്തുഷ്ടരാണെന്നും ഇരുവരും പ്രസ്താവിച്ചു.

ആന്റണി അല്‍ബനീസും ഭാര്യയും
കാന്‍ബറ: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് വിവാഹിതനായി. തന്റെ ദീര്‍ഘകാല കാമുകി ജോഡി ഹെയ്ഡനെയാണ് ആന്റണി വിവാഹം ചെയ്തത്. അധികാരത്തിലിരിക്കെ വിവാഹിതനാകുന്ന ആദ്യ ഭരണാധികാരിയായി ഇതോടെ ആന്റണി അല്‍ബനീസ് മാറി. കാന്‍ബറയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ദി ലോഡ്ജില്‍ വെച്ചായിരുന്നു ചടങ്ങുകള്‍.
വധുവിന്റെ കൈപിടിച്ചുകൊണ്ട് നില്‍ക്കുന്ന വീഡിയോ വിവാഹിതനായി എന്ന അടിക്കുറിപ്പോടെ പ്രധാനമന്ത്രി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്തു. തങ്ങളുടെ കുടുംബത്തിനും അടുത്ത സുഹൃത്തുക്കള്‍ക്കും മുന്നില്‍ ഭാവി ജീവിതം ഒരുമിച്ച് ചെലവഴിക്കുന്നതിനും സ്‌നേഹം പങ്കിടുന്നതിലും സന്തുഷ്ടരാണെന്നും ഇരുവരും പ്രസ്താവിച്ചു.
അല്‍ബനീസിന്റെ പോസ്റ്റ്
I love you, Jodie. pic.twitter.com/kRow1FZhWP
— Anthony Albanese (@AlboMP) November 29, 2025
2024ലെ വാലന്റൈന്‍സ് ദിനത്തിലാണ് അല്‍ബനീസ് ഹെയ്ഡനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. തന്റെ ജീവിതകാലം മുഴുവന്‍ നിന്നോടൊപ്പം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ആ സമയത്ത് അദ്ദേഹം പറഞ്ഞിരുന്നു. വിവാഹാഭ്യര്‍ത്ഥന നടന്ന് ഒരു വര്‍ഷത്തിന് ഇപ്പുറമാണ് വിവാഹം. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മെല്‍ബണില്‍ നടന്ന ഒരു ബിസിനസ് ഡിന്നറിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്.
അല്‍ബനീസിന്റെ ടോട്ടോ എന്ന പേരുള്ള നായയാണ് വിവാഹ വേദിയിലേക്ക് മോതിരം എത്തിച്ചത്. നവദമ്പതികള്‍ തിങ്കളാഴ്ച മുതല്‍ ഓസ്‌ട്രേലിയയുടെ വിവിധയിടങ്ങളില്‍ അഞ്ച് ദിവസത്തെ ഹണിമൂണ്‍ ആഘോഷിക്കും. 2019ലാണ് മുന്‍ഭാര്യയും അല്‍ബനീസും വിവാഹമോചിതരായത്. ഈ ബന്ധത്തില്‍ നഥാന്‍ എന്ന പേരായ ഒരു മകനും അദ്ദേഹത്തിനുണ്ട്.
പ്രധാനമന്ത്രിയുടെ പോസ്റ്റ്
Congratulations to my good friend, PM Anthony Albanese and Ms. Jodie Haydon on their wedding. Wishing them a happy married life.@AlboMP https://t.co/6Dyq4dw2TC
— Narendra Modi (@narendramodi) November 29, 2025
അതേസമയം, അല്‍ബനീസിനും ഭാര്യയ്ക്കും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആശംസകള്‍ നേര്‍ന്നു. തന്റെ നല്ല സുഹൃത്തായ ആന്റണി അല്‍ബനീസിനും ഭാര്യ ജോഡി ഹെയ്ഡനും ആശംസകള്‍ നേരുന്നതായി പ്രധാനമന്ത്രി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചു.