Donald Trump: ലോസ് ഏഞ്ചൽസിൽ സംഘർഷം രൂക്ഷം; കാലിഫോർണിയ ഗവർണർ ട്രംപിനെതിരെ കേസെടുക്കാൻ ഒരുങ്ങുന്നു
California Governor Plans to Sue Donald Trump: "ഒരു സംസ്ഥാനത്തിന്റെ ഗവർണറുമായി കൂടിയാലോചിക്കാതെ ആ സംസ്ഥാനത്തിന്റെ നാഷണൽ ഗാർഡിനെ പിടിച്ചെടുക്കുന്നത് നിയമവിരുദ്ധവും അധാർമികവുമാണ്," എന്ന് ന്യൂസോം പറയുന്നു. കുടിയേറ്റക്കാരുടെ പ്രശ്നങ്ങളുടെ തുടർച്ചയായി പോലീസുമായി രണ്ട് ദിവസത്തെ ഏറ്റുമുട്ടലിന് ശേഷം ട്രംപ് ഭരണകൂടം നാഷണൽ ഗാർഡിനെ വിളിച്ചുവരുത്തിയ നടപടി പ്രശ്നങ്ങൾ രൂക്ഷമാക്കുന്നു.

കാലിഫോർണിയ: ലോസ് ഏഞ്ചൽസിൽ കഴിഞ്ഞ 48 മണിക്കൂറിനിടെ അരങ്ങേറിയ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ പ്രസിഡന്റ് ട്രംപിന്റെ ഭരണകൂടം നടത്തിയ നീക്കങ്ങൾക്കെതിരെ കേസെടുക്കാൻ ഒരുങ്ങുകയാണെന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം. ഇത് സംബന്ധിച്ച് തിങ്കളാഴ്ച പ്രഖ്യാപനം ഉണ്ടായി. കുടിയേറ്റക്കാരെ പിന്തുണച്ച് പ്രകടനം നടത്തിയ പ്രതിഷേധക്കാരെ നേരിടാൻ യുണൈറ്റഡ് സ്റ്റേറ്റ്സ് നാഷണൽ ഗാർഡിനെ ലോസ് ഏഞ്ചൽസിലേക്ക് വിന്യസിക്കാൻ ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടത് അസാധാരണമായ നടപടിയായിരുന്നു എന്ന ആരോപണം ഉയരുന്നുണ്ട്.
കാലിഫോർണിയക്ക് പ്രത്യേക പദവി നൽകുന്ന ഫെഡറൽ നിയമം അവഗണിച്ച്, ട്രംപ് ഭരണകൂടം ലോസ് ഏഞ്ചൽസിലെ കുടിയേറ്റക്കാർക്കെതിരെ വലിയ അടിച്ചമർത്തൽ നടപടികൾക്ക് ഉത്തരവിടുകയും തെരുവുകളിൽ നിന്ന് അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് പതിനായിരക്കണക്കിന് ആളുകൾ നഗരത്തിലുടനീളം പ്രതിഷേധിക്കാൻ കാരണമായി.
“ഒരു സംസ്ഥാനത്തിന്റെ ഗവർണറുമായി കൂടിയാലോചിക്കാതെ ആ സംസ്ഥാനത്തിന്റെ നാഷണൽ ഗാർഡിനെ പിടിച്ചെടുക്കുന്നത് നിയമവിരുദ്ധവും അധാർമികവുമാണ്,” എന്ന് ന്യൂസോം പറയുന്നു. കുടിയേറ്റക്കാരുടെ പ്രശ്നങ്ങളുടെ തുടർച്ചയായി പോലീസുമായി രണ്ട് ദിവസത്തെ ഏറ്റുമുട്ടലിന് ശേഷം ട്രംപ് ഭരണകൂടം നാഷണൽ ഗാർഡിനെ വിളിച്ചുവരുത്തിയ നടപടി പ്രശ്നങ്ങൾ രൂക്ഷമാക്കുന്നു. ഇത് നഗരത്തിലെ നേതാക്കളുടെ താൽപര്യത്തിന് വിരുദ്ധമായി നടന്നതിനാൽ ഇവിടെ സംഘർഷം ഇപ്പോഴും രൂക്ഷമാണ്.