China: ട്രംപിന്റെ ഭീഷണിയില്‍ വിറയ്ക്കില്ല, ചുട്ട മറുപടിയുമായി വാങ് യി; യുഎസ്-ചൈന പോര് വീണ്ടും കടുക്കുന്നു?
US China tariff issue: റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ തീരുവ ചുമത്തണമെന്ന് ആവശ്യപ്പെട്ട് നാറ്റോ രാഷ്ട്രങ്ങള്‍ക്ക് മേല്‍ ഡൊണാള്‍ഡ് ട്രംപ് സമ്മര്‍ദ്ദം ശക്തമാക്കിയതിന് പിന്നാലെ യുഎസിന് മറുപടിയുമായി ചൈന
റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ തീരുവ ചുമത്തണമെന്ന് ആവശ്യപ്പെട്ട് നാറ്റോ രാഷ്ട്രങ്ങള്‍ക്ക് മേല്‍ ഡൊണാള്‍ഡ് ട്രംപ് സമ്മര്‍ദ്ദം ശക്തമാക്കിയതിന് പിന്നാലെ യുഎസിന് മറുപടിയുമായി ചൈന രംഗത്ത്. തങ്ങള്‍ യുദ്ധങ്ങളില്‍ പങ്കെടുക്കുകയോ ഗൂഢാലോചന നടത്തുകയോ ചെയ്യുന്നില്ലെന്ന് യുഎസിനുള്ള പരോക്ഷ മറുപടിയില്‍ ചൈന വ്യക്തമാക്കി. സ്ലോവേനിയന്‍ സന്ദര്‍ശനത്തിനിടെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആണ് യുഎസിന് മറുപടി നല്‍കിയത്. യുദ്ധത്തിന് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നും ഉപരോധങ്ങൾ അവയെ സങ്കീർണ്ണമാക്കുകയേ ഉള്ളൂവെന്നും വാങ് യി പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. താരിഫ് വിഷയത്തില്‍ യുഎസ്-ചൈന പോര് വീണ്ടും കടുക്കുമെന്ന സൂചന നല്‍കുന്നതാണ് ചൈനീസ് വിദേശകാര്യമന്ത്രിയുടെ പ്രസ്താവന.
റഷ്യയുടെ എണ്ണ വാങ്ങുന്ന പ്രധാന രാജ്യങ്ങളിലൊന്നായ ചൈനയ്ക്ക് മേല്‍ 100 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്തണമെന്ന് നാറ്റോ അംഗങ്ങളോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു ചൈന. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി സമാധാന ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നതിന് ചൈന പ്രതിജ്ഞാബദ്ധമാണെന്നും സ്ലോവേനിയയിലെ തലസ്ഥാനമായ ലുബ്ലിയാനയിൽ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വാങ് യി വ്യക്തമാക്കി.
“എല്ലാ നാറ്റോ രാജ്യങ്ങളും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമ്പോൾ മോസ്‌കോയ്ക്ക് മേൽ വലിയ ഉപരോധങ്ങൾ ഏർപ്പെടുത്താൻ ഞാൻ തയ്യാറാണ്. വിജയിക്കാന്‍ നാറ്റോയ്ക്ക് 100 ശതമാനത്തില്‍ താഴെ മാത്രമേ പ്രതിബദ്ധതയുള്ളൂ. ചില രാജ്യങ്ങള്‍ റഷ്യയുടെ എണ്ണ വാങ്ങുന്നത് ഞെട്ടിപ്പിക്കുന്നു. റഷ്യയെക്കുറിച്ചുള്ള നിങ്ങളുടെ നിലപാടിനെയും വിലപേശൽ ശക്തിയെയും ഇത് വളരെയധികം ദുർബലപ്പെടുത്തും”-നാറ്റോ അംഗരാജ്യങ്ങള്‍ക്ക് അയച്ച കത്തില്‍ ട്രംപ് വ്യക്തമാക്കി.