COVID-19 resurgence: ഏഷ്യന്‍ രാജ്യങ്ങളില്‍ വീണ്ടും കൊവിഡ് കുതിച്ചുചാട്ടം; ജെഎന്‍ 1 വകഭേദത്തില്‍ ആശങ്ക വേണോ?
COVID 19 resurgence in Singapore, Thailand, Hong Kong: നിലവിലെ കേസുകളിലെ മൂന്നില്‍ രണ്ടും ജെഎന്‍ 1 വകഭേദവുമായി ബന്ധപ്പെട്ട എല്‍എഫ് 7, എന്‍ബി 1.8 വകഭേദങ്ങളാണ്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം നിലവില്‍ ഇന്ത്യയില്‍ 93 സജീവ കൊവിഡ് കേസുകളുണ്ട്
ആഗോളതലത്തില്‍ ആശങ്ക ഉയര്‍ത്തി വീണ്ടും കൊവിഡ് വ്യാപനം. സിംഗപ്പൂര്‍, തായ്‌ലന്‍ഡ് അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജെഎന്‍ 1 (JN.1) പോലുള്ള പുതിയ ഒമിക്രോണ്‍ ഉപ വകഭേദങ്ങളാണ് നിലവിലെ വ്യാപനത്തിന് കാരണം. മെയ് മാസം തുടക്കത്തില്‍ സിംഗപ്പുരിലെ കൊവിഡ് കേസുകള്‍ 14,000-ത്തോളമായി വര്‍ധിച്ചെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നിലവിലെ വകഭേദങ്ങള്‍ മുമ്പുണ്ടായിരുന്നതിനെക്കാള്‍ കൂടുതല്‍ പകരുന്നതോ ഗുരുതരമോ ആണെന്ന് തെളിവ് ലഭിച്ചിട്ടില്ലെന്നത് ആശ്വാസകരമാണ്.
നിലവിലെ കേസുകളിലെ മൂന്നില്‍ രണ്ടും ജെഎന്‍ 1 വകഭേദവുമായി ബന്ധപ്പെട്ട എല്‍എഫ് 7, എന്‍ബി 1.8 വകഭേദങ്ങളാണ്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം നിലവില്‍ ഇന്ത്യയില്‍ 93 സജീവ കൊവിഡ് കേസുകളുണ്ട്. എന്നാല്‍ വാക്‌സിനേഷന്‍ മൂലം ലഭിച്ച ഇമ്മ്യൂണിറ്റി കുറയുന്നതിനാല്‍ ഇന്ത്യയിലും കൊവിഡ് കേസുകള്‍ വര്‍ധിച്ചേക്കാമെന്ന് വിലയിരുത്തലുണ്ട്.
ഹോങ്കോങ്, ചൈന എന്നിവിടങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ജനങ്ങളില്‍ ആന്റിബോഡി കുറയുന്നതിനാലാണെന്നും, ഇത് ഇന്ത്യയ്ക്കും ബാധകമാകാമെന്നും ആരോഗ്യവിദഗ്ധനായ ഡോ. വികാസ് മൗര്യ ‘ഇടി ഹെല്‍ത്ത് വേള്‍ഡി’നോട് പറഞ്ഞു.




സമാനമായ വര്‍ധനവിന് ഇന്ത്യയിലും സാധ്യതയുണ്ട്. ആന്റിബോഡികളും പ്രതിരോധശേഷിയും കുറയുന്നതാണ് ചൈനയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണം. ഇവിടെയും അത് സംഭവിക്കാം. ഇന്ത്യയില്‍ നേരത്തെ പലര്‍ക്കും വാക്‌സിനേഷന്‍ നല്‍കിയിരുന്നു. പ്രതിരോധശേഷി കുറയുന്നത് കൂടുതല്‍ പേരില്‍ രോഗവ്യാപനത്തിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഒമിക്രോണ്‍ ബിഎ 2.86’-മായി ബന്ധപ്പെട്ടുള്ള ജെഎന്‍ 1 വകഭേദം 2023 ഓഗസ്റ്റിലാണ് കണ്ടെത്തുന്നത്. 2023 ഡിസംബറില്‍ ലോകാരോഗ്യസംഘടന ഇത് ‘വേരിയന്റ് ഓഫ് ഇന്ററസ്റ്റ് (VOI)’ ഇയി പ്രഖ്യാപിച്ചു. ഈ വകഭേദത്തില്‍ ഏകദേശം 30 മ്യൂട്ടേഷനുകളുണ്ട്. എന്നാല്‍ സാര്‍സ് കോവ് 2 വൈറസിന്റെ പ്രബലമായ സ്‌ട്രെയിനായിരുന്നില്ല ബിഎ.2.86.
അധിക മ്യൂട്ടേഷനുകള്‍ സംഭവിച്ചതിലൂടെ കൂടുതല്‍ പകരാന്‍ ‘ജെഎന്‍.1’ന് സാധിക്കുമെന്നാണ് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി അഭിപ്രായപ്പെടുന്നത്. ജെഎന്‍.1 സ്‌ട്രെയിനുമായി ബിഎ.2.86 (BA.2.86 ) അടുത്ത് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ‘യേല്‍ മെഡിസിന്‍’ വ്യക്തമാക്കുന്നു. ജെഎന്‍.1ല്‍ സ്‌പൈക്ക് പ്രോട്ടീനില്‍ അധിക മ്യൂട്ടേഷനുണ്ടെന്നതാണ് ഇവ തമ്മിലുള്ള വ്യത്യാസമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് കൊവിഡ് വകഭേദങ്ങളുടെ സമാന ലക്ഷമമാണ് ‘ജെഎന്‍ 1’ലുമുള്ളത്. പനി, തൊണ്ടവേദന, ക്ഷീണം, തലവേദന, രുചിയും മണവും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.