AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Congo Ebola Hospital Fire: മൃതദേഹം വിട്ടുനൽകിയില്ല!; രോഷാകുലരായ ജനക്കൂട്ടം എബോള ചികിത്സാ കേന്ദ്രത്തിന് തീയിട്ടു

Congo Ebola Hospital Set To Fire: മരിച്ച വ്യക്തിയുടെ അവസാന കർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാത്തത് ക്രൂരതയാണെന്ന് ആരോപിച്ചാണ് ഒരു കൂട്ടം യുവാക്കൾ കേന്ദ്രത്തിലേക്ക് ഇരച്ചുകയറി ആക്രമണം നടത്തിയത്. അക്രമികൾ കെട്ടിടത്തിനുള്ളിലേക്ക് അതിക്രമിച്ചു കയറി സാധനങ്ങൾ തല്ലിത്തകർക്കുകയും എബോള രോഗികൾക്കായി ഒരുക്കിയിരുന്ന ടെന്റുകൾക്ക് തീയിടുകയുമായിരുന്നു. ആരോഗ്യ പ്രവർത്തകർക്ക് നേരെയും എബോള പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി.

Congo Ebola Hospital Fire: മൃതദേഹം വിട്ടുനൽകിയില്ല!; രോഷാകുലരായ ജനക്കൂട്ടം എബോള ചികിത്സാ കേന്ദ്രത്തിന് തീയിട്ടു
ആക്രമികൾ തീയിട്ട് നശിപ്പിച്ചതിൻ്റെ ദൃശ്യങ്ങളിൽ നിന്ന്Image Credit source: PTI
Neethu Vijayan
Neethu Vijayan | Published: 22 May 2026 | 06:41 AM

കിൻഷസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള ചികിത്സാ കേന്ദ്രം തീയിട്ട് ജനകൂട്ടം. വലിയ രീതിയിൽ എബോള പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണഅ സംഭവം. എബോള ബാധിച്ച് മരിച്ചെന്ന് വിശ്വസിക്കുന്ന വ്യക്തിയുടെ മൃതദേഹം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളാണ് അക്രമത്തിൽ കലാശിച്ചത്. ആരോഗ്യ പ്രവർത്തകർക്ക് നേരെയും എബോള പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി. പ്രദേശവാസികൾക്കിടയിൽ നിലനിൽക്കുന്ന കടുത്ത അവിശ്വാസവും രോക്ഷവുമാണ് ഈ സംഭവത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്.

ഇറ്റൂരി പ്രവിശ്യയിലെ റാംപാര എന്ന നഗരത്തിൽ വ്യാഴാഴ്ചയാണ് ആളുകളുടെ കൂട്ട ആക്രമണം അരങ്ങേറിയത്. എബോള ബാധിച്ച് മരിച്ചുവെന്ന് കരുതപ്പെടുന്ന വ്യക്തിയുടെ മൃതദേഹം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി വിട്ടുനൽകാൻ അധികൃതർ വിസമ്മതിച്ചതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. പ്രാദേശിക ഫുട്ബോൾ കളിക്കാരനാണ് മരണപ്പെട്ട വ്യക്തി. എബോള ബാധിതരുടെ മൃതദേഹങ്ങളിൽ നിന്നും രോഗം പടരാൻ സാധ്യതയുള്ളതിനാൽ കടുത്ത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ സംസ്കാരം നടത്താവൂ എന്ന് അധികൃതർ അറിയിച്ചിരുന്നു.

ALSO READ: എബോള ഭീതിയിൽ ആഗോളതല ജാഗ്രത, വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിരീക്ഷണം ശക്തമാക്കി ഇന്ത്യ

എന്നാൽ, മരിച്ച വ്യക്തിയുടെ അവസാന കർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാത്തത് ക്രൂരതയാണെന്ന് ആരോപിച്ചാണ് ഒരു കൂട്ടം യുവാക്കൾ കേന്ദ്രത്തിലേക്ക് ഇരച്ചുകയറി ആക്രമണം നടത്തിയത്. അക്രമികൾ കെട്ടിടത്തിനുള്ളിലേക്ക് അതിക്രമിച്ചു കയറി സാധനങ്ങൾ തല്ലിത്തകർക്കുകയും എബോള രോഗികൾക്കായി ഒരുക്കിയിരുന്ന ടെന്റുകൾക്ക് തീയിടുകയുമായിരുന്നു. ടെന്റുകൾക്കൊപ്പം സംസ്കരിക്കാനിരുന്ന മറ്റൊരു മൃതദേഹവും കത്തിനശിച്ചതായാണ് വിവരം.

പിന്നീട് പോലീസ് ഇടപെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. ആക്രമികൾക്ക് നേരെ പോലീസ് കണ്ണീർവാതകവും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു. കേന്ദ്രത്തിൽ ചികിത്സയിലുണ്ടായിരുന്ന ആറ് രോഗികളെ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം. ആക്രമണത്തെ തുടർന്ന് പ്രദേശത്ത് കനത്ത ജാ​ഗ്രതാ നിർദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, കോം​ഗോയിൽ മാത്രം ഏകദേശം 600 സംശയാസ്പദമായ കേസുകളും ഏകദേശം 139 മരണങ്ങളും എബോള മൂലം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

എബോള വ്യാപന ഭീതിയിൽ ലോകരാജ്യങ്ങൾ

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ ഇന്ത്യയിലും നിരീക്ഷണം ശക്തമാക്കി. ലോകാരോഗ്യ സംഘടന (WHO) ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജ്യം മുൻകരുതൽ നടപടികൾ ശക്തമാക്കിയിരിക്കുന്നത്. എബോള വ്യാപനമുള്ള രാജ്യങ്ങളിൽ നിന്ന് ഇന്ത്യൻ തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, മറ്റ് അതിർത്ഥി പ്രവേശന കവാടങ്ങൾ എന്നിവ വഴി എത്തുന്ന യാത്രക്കാർക്കായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്കാണ് നിർദ്ദേശങ്ങൾ കൂടുതൽ ബാധകം.

നിലവിൽ ഇന്ത്യയിൽ എവിടെയും എബോള കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ മുൻകരുതലിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടികളെന്നും അധികൃതർ വ്യക്തമാക്കി. എബോളയുടെ ആറ് വകഭേദങ്ങളിൽ ഒന്നായ ബൂൻഡിബുഗോ ആണ് കോംഗോയിലെ പുതിയ വ്യാപനത്തിന് കാരണമായിരിക്കുന്നത്. നിലവിൽ ലഭ്യമായ വാക്സിനുകളോ പ്രത്യേക ചികിത്സകളോ ഈ വകഭേദത്തിന് ഫലപ്രദമല്ല എന്നതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്.

എന്താണ് എബോള, ലക്ഷണങ്ങളും പ്രതിരോധവും

രോഗബാധിതരായ മനുഷ്യരുടെയോ മൃഗങ്ങളുടെയോ (കുരങ്ങ്, മാൻ, മുള്ളൻ പന്നി തുടങ്ങിയവ) രക്തം, സ്രവങ്ങൾ, വിസർജ്യങ്ങൾ എന്നിവയിലൂടെയാണ് എബോള പകരുന്നത്. വായുവിലൂടെയോ വെള്ളത്തിലൂടെയോ രോഗം പകരില്ല എന്നത് വലിയ ആശ്വാസമാണ്. 1976-ൽ ആഫ്രിക്കയിലെ കോംഗോയിലുള്ള ‘എബോള’ നദിക്കരയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. അതിനാലാണ് ഇതിന് എബോള എന്ന പേര് ലഭിച്ചത്.

വൈറസ് ശരീരത്തിൽ പ്രവേശിച്ച് 2 മുതൽ 21 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. കടുത്ത പനിയിൽ തുടങ്ങി അഞ്ച് മുതൽ ഏഴ് ദിവസത്തിനുള്ളിൽ ആന്തരികവും ബാഹ്യവുമായ രക്തസ്രാവത്തിലേക്ക് ഇത് കാരണമാകും. കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ തകരാറിനും മരണത്തിനും കാരണമാകുന്നു.

English Summary:

Crowd set fire to parts of a hospital in eastern Democratic Republic of the Congo after being stopped from taking away the body of a young man believed to have died from Ebola. Two tents used for isolating patients were burned, along with a body that had been due for burial.

 

Follow Us