Hang Son Doong: ഇത് പ്രകൃതിയുടെ അത്ഭുതം; 9 കിലോമീറ്റർ ദൂരം, ലോകത്തിലെ ഏറ്റവും വലിയ ഗുഹയ്ക്കുള്ളിൽ എന്ത്?
Hang Son Doong Cave: ഗുഹയ്ക്കുള്ളിൽ ഭൂഗർഭ നദികളും അതിപ്രാചീനമായ ഫോസിലുകളും, മത്സ്യങ്ങളും കീടങ്ങളും ചെടികളും മരങ്ങളും അങ്ങനെ നമ്മൾ കരുതാത്ത പലതുമുണ്ട്. രണ്ടിടത്തായി ഗുഹയുടെ മേൽക്കൂര തകർന്നതിനാൽ സൂര്യപ്രകാശം ഗുഹയ്ക്കുള്ളിലേക്കെത്തുമെന്നതാണ് പ്രത്യേകത.

Hang Son Doong Cave
മനുഷ്യ നിർമ്മിതമായ അത്ഭുതങ്ങളെക്കാൾ പ്രകൃതി സ്വയമേവ സൃഷ്ടിച്ച അത്ഭുതങ്ങൾ കൊണ്ട് സമ്പന്നമാണ് നമ്മുടെ ലോകം. അത്തരത്തിൽ നമ്മുടെ ഈ ലോകത്ത് കണ്ടെത്തിയിട്ടുള്ള ഏറ്റവും കൗതുകം ജനിപ്പിക്കുന്ന അത്ഭുതങ്ങളിൽ ഒന്നാണ് വിയറ്റ്നാമിലെ ഹാങ് സോൻ ഡൂങ് ഗുഹ (Hang Son Doong Cave). ലോകത്തിലെ ഏറ്റവും വലിയ ഗുഹയാണിത്. ഇത് തീർത്തും പ്രകൃതിയുടെ വികൃതി തന്നെയാണ്. എന്നാൽ നിങ്ങൾ കരുതുന്ന പോലെ വന്യമൃഗങ്ങളും വവ്വാൽ കൂട്ടങ്ങളും നിറഞ്ഞ ഒരു സാധാരണ ഗുഹയല്ല ഇത്.
പ്രകൃതിദത്ത ഗുഹയായ ഹാങ് സോൻ ഡൂങിൽ ഒരു പരിസ്ഥിതി സംവിധാനം തന്നെ സ്ഥിതി ചെയ്യുന്നുണ്ട്. 1990ൽ പ്രദേശവാസിയായ ഹൊ ഖാൻഹ് ആണ് ആദ്യമായി ഇങ്ങനൊരു ഗുഹയുണ്ടെന്ന് കണ്ടെത്തുന്നത്. ഏകദേശം ഒമ്പത് കിലോമീറ്ററോളം ദൂരമുണ്ട് ഈ ഗുഹയ്ക്ക്. ഈ ഗുഹക്ക് കുറഞ്ഞത് രണ്ട് മുതൽ അഞ്ച് ദശലക്ഷം വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ലാവോസിന്റെയും വിയറ്റ്നാമിന്റെയും അതിർത്തിയിലായാണ് കൗതുകം തുളുമ്പുന്ന ഗുഹ സ്ഥിതിചെയ്യുന്നത്.
2009ലാണ് ഹോവാർഡ് ലിംബെർട്ടിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് ഗുഹാ പര്യവേക്ഷകരുടെ ഒരു സംഘം ലോകത്തിലെ ഏറ്റവും വലിയ ഗുഹയായി ഇതിനെ പ്രഖ്യാപിച്ചത്. സോൺ ഡൂങ്ങിനെ മറ്റൊരു ഗുഹയായ ഹാങ് തങ്ങുമായി ബന്ധിപ്പിക്കുന്ന ഒരു അണ്ടർവാട്ടർ ടണൽ ഇതിനുള്ളിൽ കണ്ടെത്തിയിട്ടുണ്ട്. ഗുഹയ്ക്കുള്ളിൽ ആരും കാണാത്ത മറ്റൊരു വലിയ ജൈവ ലോകം തന്നെ ഉണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
ഗുഹയ്ക്കുള്ളിൽ ഭൂഗർഭ നദികളും അതിപ്രാചീനമായ ഫോസിലുകളും, മത്സ്യങ്ങളും കീടങ്ങളും ചെടികളും മരങ്ങളും അങ്ങനെ നമ്മൾ കരുതാത്ത പലതുമുണ്ട്. രണ്ടിടത്തായി ഗുഹയുടെ മേൽക്കൂര തകർന്നതിനാൽ സൂര്യപ്രകാശം ഗുഹയ്ക്കുള്ളിലേക്കെത്തുമെന്നതാണ് പ്രത്യേകത. ഗുഹയിലെ ഭൂഗർഭ നദിയുടെ സാന്നിധ്യം മൂലം ഇതിനുള്ളിൽ ഒരു വനം തന്നെ രൂപപ്പെട്ടിട്ടുണ്ട്.