Donald Trump: ട്രംപിന് നൊബേൽ നൽകണം, പിന്തുണച്ച് അസർബൈജാനും അർമേനിയയും
Donald Trump Nobel Prize: യുഎസ് മധ്യസ്ഥതയിൽ 35 വർഷത്തെ സംഘർഷം അവസാനിപ്പിച്ചുകൊണ്ട്, അർമേനിയയും അസർബൈജാനും ചരിത്രപ്രസിദ്ധമായ സമാധാന കരാറിൽ ഒപ്പുവച്ചതിന് പിന്നാലെയാണ് നിർദ്ദേശം.

Donald Trump
യുഎസ്: സമാധാന നൊബേൽ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് നൽകണമെന്ന ആവശ്യവുമായി അസർബൈജാനും അർമേനിയയും. കഴിഞ്ഞ ദിവസം അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ് അർമേനിയയ്‌ക്കൊപ്പം സംയുക്ത നോമിനേഷൻ അയയ്ക്കാൻ നിർദ്ദേശിച്ചു. വൈറ്റ് ഹൗസിൽ വെച്ച് യുഎസ് മധ്യസ്ഥതയിൽ 35 വർഷത്തെ സംഘർഷം അവസാനിപ്പിച്ചുകൊണ്ട്, അർമേനിയയും അസർബൈജാനും ചരിത്രപ്രസിദ്ധമായ സമാധാന കരാറിൽ ഒപ്പുവച്ചതിന് പിന്നാലെയാണ് നിർദ്ദേശം.
ട്രംപ് റൂട്ട് ട്രാൻസിറ്റ് കോറിഡോറും സാമ്പത്തിക സഹകരണവും ഉൾപ്പെടുന്ന കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പിട്ടത്. രാജ്യങ്ങൾ തമ്മിലുള്ള പ്രശ്ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കുന്നതിൽ ട്രംപ് നടത്തിയ ശ്രമങ്ങളെ മുൻനിർത്തി അദ്ദേഹത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യുകയാണെന്ന് അസർബൈജാനും അർമേനിയയും അറിയിച്ചു.
ALSO READ: യുഎസിലെ എമറി യൂണിവേഴ്‌സിറ്റിയിൽ വെടിവെപ്പ്; അക്രമിയെ വധിച്ചു
അസർബൈജാനും അർമേനിയയും ചേർന്നതോടെ, ട്രംപിന്റെ നൊബേൽ സമ്മാനത്തിന് പിന്തുണ നൽകിയ രാജ്യങ്ങളുടെ പട്ടിക അഞ്ചായി ഉയർന്നിരിക്കുകയാണ്. മുമ്പ് ട്രംപിന് അവാർഡ് നൽകണമെന്ന് പാകിസ്ഥാനും ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുമായുള്ള വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് നൊബേൽ പുരസ്കാരത്തിന് ട്രംപ് അർഹനാണെന്ന് പാക്കിസ്ഥാൻ വിശേഷിപ്പിച്ചത്. അതേസമയം ഓപ്പറേഷൻ സിന്ദൂരിനുശേഷം മെയ് 10 ന് പ്രഖ്യാപിച്ച വെടിനിർത്തലിൽ ട്രംപിന്റെ പങ്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വാഷിംഗ്ടൺ ഡിസി സന്ദർശന വേളയിലാണ് ട്രംപിന് നോബൽ സമ്മാന നാമനിർദ്ദേശത്തിനുള്ള ഇസ്രായേലിന്റെ പിന്തുണ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. ഈ കൂടിക്കാഴ്ചയിൽ, നൊബേൽ നാമനിർദ്ദേശത്തിന് ടെൽ അവീവ് പിന്തുണ പ്രകടിപ്പിക്കുന്ന ഒരു കത്തും നെതന്യാഹു ട്രംപിന് സമ്മാനിച്ചിരുന്നു. അയൽ രാജ്യങ്ങൾ തമ്മിലുള്ള അഞ്ച് ദിവസത്തെ സംഘർഷത്തിന് പിന്നാലെ അമേരിക്കയുടെ മധ്യസ്ഥതയിൽ തായ്‌ലൻഡുമായി വെടിനിർത്തൽ കരാർ ഒപ്പിട്ടതിന് ശേഷമാണ് കംബോഡിയ പിന്തുണ അറിയിച്ചത്.