Donald Trump: ട്രംപിന്റെ അടുത്ത പുറപ്പാട് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ; ജി20 ഉച്ചകോടി ബഹിഷ്‌കരിക്കും; കാരണം ഇതാണ്
Donald Trump says US will boycott G20 summit in South Africa: ദക്ഷിണാഫ്രിക്കയില്‍ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിയിൽ യുഎസ് പങ്കെടുക്കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ ഈ നിലപാട്
വാഷിങ്ടണ്‍: ജോഹന്നാസ്ബർഗിൽ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിയിൽ യുഎസ് പങ്കെടുക്കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഈ നിലപാട് സ്വീകരിച്ചത്. ജി20 ദക്ഷിണാഫ്രിക്കയിൽ നടക്കുന്നത് അപമാനകരമാണെന്ന് ട്രംപ് ആഞ്ഞടിച്ചു. വെളുത്ത വര്‍ഗക്കാരോട് ദക്ഷിണാഫ്രിക്കയില്‍ വിവേചനം കാണിക്കുന്നുവെന്നാണ് ട്രംപിന്റെ ആരോപണം. ഡച്ച്, ഫ്രഞ്ച്, ജര്‍മ്മന്‍ കുടിയേറ്റക്കാരുടെ പിന്‍ഗാമികളായ ആഫ്രിക്കക്കാര്‍ കൊല്ലപ്പെടുകയാണെന്നും, അവരുടെ ഭൂമിയും കൃഷിയിടങ്ങളും കണ്ടുകെട്ടുകയാണെന്നും ട്രംപ് ആരോപിച്ചു.
ഈ മനുഷ്യാവകാശ ലംഘനങ്ങൾ തുടരുന്നിടത്തോളം കാലം ഉച്ചകോടിയില്‍ ഒരു യുഎസ് ഉദ്യോഗസ്ഥനും പങ്കെടുക്കില്ലെന്ന് ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച കുറിപ്പില്‍ ട്രംപ് വ്യക്തമാക്കി. ഈ വര്‍ഷത്തെ ജി20 ഫ്ലോറിഡയിലെ മിയാമിയിൽ നടത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. നവംബർ 22-23 തീയതികളിൽ ജോഹന്നാസ്ബർഗിൽ നടക്കുന്ന ജി20യില്‍ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് പങ്കെടുക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. എന്നാല്‍ ട്രംപിന്റെ പ്രഖ്യാപനത്തോടെ യുഎസില്‍ നിന്നാരും ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമായി.
Also Read: Donald Trump: ‘ഇന്ത്യ സന്ദർശനം പരിഗണിക്കും, മോദി മഹാനായ വ്യക്തിയും സുഹൃത്തും’; ഡോണാൾഡ് ട്രംപ്
ട്രംപിന്റെ തീരുമാനം ഖേദകരമാണെന്ന് ദക്ഷിണാഫ്രിക്കന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. നിറത്തിന്റെ പേരില്‍ രാജ്യത്ത് വിവേചനമുണ്ടെന്ന ട്രംപിന്റെ ആരോപണം ദക്ഷിണാഫ്രിക്ക തള്ളി. ട്രംപിന്റെ ആരോപണങ്ങള്‍ തെളിവില്ലെന്നും ദക്ഷിണാഫ്രിക്ക വ്യക്തമാക്കി. വിജയകരമായ ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാന്‍ ആഗ്രഹിക്കുകയാണെന്നും ദക്ഷിണാഫ്രിക്കന്‍ മന്ത്രാലയം വിശദീകരിച്ചു.
ഈ വർഷം ആദ്യം, ദക്ഷിണാഫ്രിക്കയിൽ നടന്ന ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗം സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ബഹിഷ്കരിച്ചിരുന്നു. ഈ ആഴ്ച ആദ്യം മിയാമിയിൽ നടത്തിയ പ്രസംഗത്തിൽ, ദക്ഷിണാഫ്രിക്കയെ ജി 20 ൽ നിന്ന് പുറത്താക്കണമെന്ന് ട്രംപ് പറഞ്ഞിരുന്നു.