Taliban-Pakistan: ഇസ്താംബൂള്‍ ചര്‍ച്ച എങ്ങുമെത്തിയില്ല; യുദ്ധത്തിന് തയാറെന്ന് പാകിസ്ഥാന് താലിബാന്റെ മുന്നറിയിപ്പ്
Afghanistan Pakistan Peace Talks: പാകിസ്ഥാന്‍ നിരുത്തരവാദപരവും നിസ്സഹകരണപരവുമായ മനോഭാവമാണ് പ്രകടിപ്പിച്ചത്. മറ്റൊരു രാജ്യത്തിനെതിരെ തങ്ങളുടെ മണ്ണ് ഉപയോഗിക്കാന്‍ അഫ്ഗാനിസ്ഥാന്‍ ആരെയും അനുവദിക്കില്ല.
കാബൂള്‍: ഇസ്താംബൂളില്‍ വെച്ച് നടന്ന അവസാന ഘട്ട അഫ്ഗാനിസ്ഥാന്‍-പാകിസ്ഥാന്‍ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടു. തുര്‍ക്കിയുടെയും ഖത്തറിന്റെയും മധ്യസ്ഥതയിലായിരുന്നു ചര്‍ച്ച. ചര്‍ച്ചയെ പാകിസ്ഥാന്‍ തടസപ്പെടുത്തുകയും നിരുത്തരവാദപരമായി പെരുമാറുകയും ചെയ്തുവെന്ന് ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാന്‍ ആരോപിച്ചു. ഏതൊരു ആക്രമണത്തിനെതിരെയും ശക്തമായി പ്രതികരിക്കുമെന്നും പുറത്തിറക്കിയ പ്രസ്താവനയില്‍ അഫ്ഗാന്‍ വ്യക്തമാക്കി.
ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിച്ചതിനും മധ്യസ്ഥത വഹിച്ചതിനും സഹോദര രാജ്യങ്ങളായ തുര്‍ക്കി റിപ്പബ്ലിക്കിനും ഖത്തറിനും താലിബാന്‍ സര്‍ക്കാര്‍ നന്ദി അറിയിക്കുന്നു. നവംബര്‍ 6,7 തീയതികളില്‍ നടന്ന ചര്‍ച്ചകളില്‍ അഫ്ഗാന്‍ പ്രതിനിധികള്‍ ഉത്തരവാദിത്തത്തോടെയാണ് പങ്കെടുത്തത്. എന്നാല്‍ പാകിസ്ഥാന്‍ ഒടുവില്‍ ഈ വിഷയത്തെ ഗൗരവത്തോടെ സമീപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും, അത് തെറ്റിപ്പോയി, താലിബാന്‍ പ്രസ്താവനയില്‍ പറയുന്നു.
പാകിസ്ഥാന്‍ നിരുത്തരവാദപരവും നിസ്സഹകരണപരവുമായ മനോഭാവമാണ് പ്രകടിപ്പിച്ചത്. മറ്റൊരു രാജ്യത്തിനെതിരെ തങ്ങളുടെ മണ്ണ് ഉപയോഗിക്കാന്‍ അഫ്ഗാനിസ്ഥാന്‍ ആരെയും അനുവദിക്കില്ല. ഒരു വിദേശരാജ്യത്തെയും തങ്ങളുടെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും എതിരായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും താലിബാന്‍ വ്യക്തമാക്കി.




അഫ്ഗാനിലെ ജനങ്ങളെയും മണ്ണിനെയും സംരക്ഷിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. അല്ലാഹുവിന്റെയും ജനങ്ങളുടെയും പിന്തുണയോടെ ഏതൊരു ആക്രമണത്തെയും ശക്തമായി തന്നെ പ്രതിരോധിക്കും.
അതേസമയം, അഫ്ഗാനിസ്ഥാന്റെ ഗോത്ര, അതിര്‍ത്തി വകുപ്പ് മന്ത്രി നൂറുള്ള നൂറി പാകിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ക്ക് അഫ്ഗാനികളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് കര്‍ശന മുന്നറിയിപ്പ് നല്‍കി. പാകിസ്ഥാന്റെ സാങ്കേതിക വിദ്യയില്‍ അമിത ആത്മവിശ്വാസം വേണ്ട, യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ അഫ്ഗാനിലെ മുതിര്‍ന്നവരും യുവാക്കളും പോരാടാന്‍ ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.