Dubai Gold Rate: യുഎഇയില്‍ സ്വര്‍ണവില വീണ്ടും റെക്കോഡിലേക്ക്; നിക്ഷേപതന്ത്രം മാറ്റി പ്രവാസികള്‍
Gold Price in Dubai: യുഎസ് സെന്‍ട്രല്‍ ബാങ്കിന് മേല്‍ സമ്മര്‍ദം ഉയരുകയോ നിക്ഷേപകര്‍ യുഎസ് ബോണ്ടുകളില്‍ നിന്ന് പണം സ്വര്‍ണത്തിലേക്ക് മാറ്റുകയോ ചെയ്താല്‍ വില ഇനിയും ഉയരുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ദുബായ്: യുഎഇയില്‍ വീണ്ടും സ്വര്‍ണവില വര്‍ധിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടാകുന്നത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 400 ദിര്‍ഹത്തിന് മുകളിലായി വില. 408 ദിര്‍ഹമാണ് നിലവിലെ നിരക്ക്, 24 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 3 ദിര്‍ഹം വര്‍ധിച്ച് 440.5 ദിര്‍ഹമായി.
ആഗോളതലത്തില്‍ സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കായ ഔണ്‍സിന് 3,659 ഡോളറിന് മുകളിലായതിനെ തുടര്‍ന്നാണ് ദുബായില്‍ വീണ്ടും വില ഉയര്‍ന്നത്. സ്വര്‍ണവില വര്‍ധിച്ചത് യുഎസ് ഫെഡറല്‍ റിസര്‍വ് ഉടന്‍ പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ക്ക് വഴിവെച്ചു. കുറഞ്ഞ പലിശ നിരക്കുകള്‍ സാധാരണയായി സ്വര്‍ണത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നു.
ഈ വര്‍ഷം രണ്ടുതവണ ഫെഡ് നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. 2025 ആരംഭിച്ച് ഇതുവരെ 40 ശതമാനത്തോളമാണ് സ്വര്‍ണവില ഉയര്‍ന്നത്. കേന്ദ്ര ബാങ്കുകളുടെ വാങ്ങല്‍ നിരക്ക് വര്‍ധിച്ചത്, പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍, ആഗോള സംഘര്‍ഷങ്ങള്‍ എന്നിവ വില വര്‍ധനവിന് കാരണമായി. യുഎസിലെ രാഷ്ട്രീയ അനിശ്ചിതത്വവും ആഗോള വ്യാപാരത്തെ കുറിച്ചുള്ള ആശങ്കകളും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി പരിഗണിക്കാന്‍ ആളുകളെ പ്രേരിപ്പിച്ചു.




യുഎസ് സെന്‍ട്രല്‍ ബാങ്കിന് മേല്‍ സമ്മര്‍ദം ഉയരുകയോ നിക്ഷേപകര്‍ യുഎസ് ബോണ്ടുകളില്‍ നിന്ന് പണം സ്വര്‍ണത്തിലേക്ക് മാറ്റുകയോ ചെയ്താല്‍ വില ഇനിയും ഉയരുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സമീപഭാവിയില്‍ സ്വര്‍ണം ഔണ്‍സിന് 5,000 ഡോളറിലെത്തുമെന്ന വിലയിരുത്തലുമുണ്ട്.
യുഎഇയില്‍ നിന്നും സ്വര്‍ണം വാങ്ങിക്കുന്ന പ്രവാസികള്‍ ധാരാളമുണ്ട്. വില കുറയുന്ന സമയത്ത് സ്വര്‍ണം വാങ്ങിച്ച് നാട്ടിലേക്ക് എത്തിക്കാനാണ് പലരും ലക്ഷ്യമിടുന്നത്. എന്നാല്‍ തുടര്‍ച്ചയായുള്ള വില വര്‍ധനവ് അവര്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നു. നാട്ടിലേക്ക് സ്വര്‍ണമെത്തിക്കാതെ യുഎഇയില്‍ തന്നെ നിക്ഷേപം നടത്താന്‍ തീരുമാനിച്ചിരിക്കുന്നവരും ധാരാളം.