Gold Rate: സ്വര്‍ണം അടുക്കുന്നില്ല! നിരാശയില്‍ പ്രവാസികള്‍, മലയാളികളും ആശങ്കയില്‍
Gold Price Hike in Dubai: സ്വര്‍ണത്തിന് വില വര്‍ധിക്കുമ്പോള്‍ യുഎയിലുള്ളവര്‍ സ്വര്‍ണാഭരണങ്ങള്‍, നാണയങ്ങള്‍ എന്നിവ വാങ്ങിയ്ക്കുന്നത് കുറയ്ക്കാറുണ്ട്. ഇങ്ങനെ ഡിമാന്റ് കുറയുമ്പോള്‍ വില താഴേക്കെത്തും.
ദുബായ്: പ്രവാസികള്‍ക്ക് ആശങ്ക സമ്മാനിച്ച് ദുബായില്‍ സ്വര്‍ണവില കുതിക്കുന്നു. റെക്കോഡുകള്‍ തകര്‍ത്തുകൊണ്ടാണ് നിലവില്‍ സ്വര്‍ണത്തിന്റെ മുന്നേറ്റം. ദുബായ് ജ്വല്ലറി സംഘടനകള്‍ പുറത്തുവിടുന്ന വിവരപ്രകാരം 22 കാരറ്റ് സ്വര്‍ണത്തിന് 400.25 ദിര്‍ഹമായി. ഇതാദ്യമായാണ് സ്വര്‍ണവില ദുബായില്‍ 400 ദിര്‍ഹത്തിന് മുകളിലേക്കെത്തുന്നത്.
ഈ വര്‍ഷം ഇതുവരെ 24 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 116 ദിര്‍ഹം വരെ വര്‍ധിച്ചു. 316.25 ദിര്‍ഹത്തില്‍ നിന്ന് 432.25 ദിര്‍ഹമായും ഉയര്‍ന്നു. 21 കാരറ്റിന് 383.75 ദിര്‍ഹവും 18 കാരറ്റിന് 328.75 ദിര്‍ഹവുമാണ് വില. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 107.25 ദിര്‍ഹമായിരുന്നു ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില.
സ്വര്‍ണത്തിന് വില വര്‍ധിക്കുമ്പോള്‍ യുഎയിലുള്ളവര്‍ സ്വര്‍ണാഭരണങ്ങള്‍, നാണയങ്ങള്‍ എന്നിവ വാങ്ങിയ്ക്കുന്നത് കുറയ്ക്കാറുണ്ട്. ഇങ്ങനെ ഡിമാന്റ് കുറയുമ്പോള്‍ വില താഴേക്കെത്തും. എന്നാല്‍ വരാനിരിക്കുന്ന ഉത്സവങ്ങളും വിവാഹ സീസണും സ്വര്‍ണാഭരണങ്ങള്‍ക്ക് ഇനിയും വില വര്‍ധിക്കാനിടയാക്കും.




യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളുണ്ടായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ യുഎഇയിലും മറ്റിടങ്ങളിലും സ്വര്‍ണവില കുതിച്ചുയര്‍ന്നു. അതേസമയം, യുഎസ് സമ്പദ്‌വ്യവസ്ഥ ഓഗസ്റ്റ് മാസത്തില്‍ വെറും 22,000 തൊഴിലവസരങ്ങള്‍ മാത്രമാണ് സൃഷ്ടിച്ചത്. തൊഴിലില്ലായ്മ നിരക്ക് 4.3 ശതമാനമായി ഉയര്‍ന്നു. 2021ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
Also Read: Dubai Gold Rate: റെക്കോഡിട്ട് ദുബൈയില്‍ സ്വര്‍ണവില; മലയാളികള്‍ ഉള്‍പ്പെടെ ആശങ്കയില്‍
സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1 ശതമാനം ഉയര്‍ന്ന് 3,586.76 ഡോളറിലാണ് വ്യാപാരം. അതേസമയം, സ്വര്‍ണവില കുതിയ്ക്കുന്നത് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയാണ്. കുറഞ്ഞ വിലയ്ക്ക് നാട്ടിലേക്ക് സ്വര്‍ണമെത്തിക്കാന്‍ ശ്രദ്ധിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. എന്നാല്‍ വില വര്‍ധിക്കുന്നത് തിരിച്ചടിയാകും.
എന്നാല്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. നാട്ടിലേക്ക് സ്വര്‍ണം കൊണ്ടുവരുന്നതിന് പകരം ദുബായില്‍ തന്നെ നിക്ഷേപം നടത്താനുള്ള നീക്കത്തിലാണ് ഭൂരിഭാഗം പ്രവാസികളും.