Dubai Rail Bus: ദുബായിൽ പുതിയ ‘റെയിൽ ബസ്’; നിർമ്മാണം മുഴുവൻ ത്രീഡി പ്രിൻ്റിൽ റീസൈക്കിൾ പദാർത്ഥങ്ങൾ കൊണ്ട്
Dubai Rail Bus Launched: ദുബായിൽ പുതിയ പൊതുഗതാഗത സംവിധാനമായ റെയിൽ ബസ് അവതരിപ്പിച്ച് എമിറേറ്റ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. റീസൈക്കിൾ പദാർത്ഥങ്ങൾ ഉപയോഗിച്ച് മുഴുവനായും ത്രീഡി പ്രിൻ്റ് ചെയ്ത വാഹനമാണ് റെയിൽ ബസ്.

ദുബായിൽ പുതിയ റെയിൽ ബസ് അവതരിപ്പിച്ച് എമിറേറ്റ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് (ആർടിഎ) അതോറിറ്റി. മുഴുവനായും ത്രീഡി പ്രിൻ്റ് ചെയ്ത വാഹനമാണ് ഇത്. റീസൈക്കിൾ പദാർത്ഥങ്ങളിൽ നിന്നാണ് പൂർണമായും വാഹനം നിർമ്മിച്ചിരിക്കുന്നത്. ദുബായിൽ ഏറ്റവും പുതുതായി അവതരിപ്പിച്ചിരിക്കുന്ന പൊതുഗതാഗത സംവിധാനമാണ് റെയിൽ ബസ്. തിങ്കളാഴ്ചയാണ് ആർടിഎ ഇക്കാര്യം പ്രഖ്യാപിച്ചത്.
സ്വയം ഡ്രൈവ് ചെയ്യുന്ന, സൂര്യപ്രകാശത്തിൽ പ്രവർത്തിക്കുന്ന വാഹനമാണ് ഇത്. ഇപ്പോഴും വാഹനത്തിൻ്റെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുകയാണ്. ഈ ഗതാഗത സംവിധാനത്തിലൂടെ എമിറേറ്റിലെ നാഗരിക ഗതാഗതത്തിൽ വിപ്ലവാത്മകമായ മാറ്റമുണ്ടാവുമെന്നാണ് കണക്കുകൂട്ടൽ.
മദീന ജുമൈറയിലെ വേൾഡ് ഗവണ്മെൻ്റ് സമ്മിറ്റിൽ ഈ റെയിൽ ബസിൻ്റെ ഒരു മാതൃക പ്രദർശിപ്പിച്ചിട്ടുണ്ട്. കറുപ്പ്, സ്വർണനിറത്തിലാണ് വാഹനത്തിൻ്റെ പുറം ഭാഗം. രണ്ട് നിരയിലാണ് വാഹനത്തിലെ സീറ്റുകൾ. ഓറഞ്ച് നിറത്തിലുള്ള സീറ്റുകൾക്കിടയിൽ അംഗപരിമിതർക്കുള്ള സ്ഥലമുണ്ട്. ആകെ 22 സീറ്റുകളുള്ള വാഹനത്തിൽ ഒരു സമയം 40 പേർക്ക് സഞ്ചരിക്കാം. സീറ്റുകൾക്ക് മുകളിൽ സ്ഥാപിച്ചിരിക്കുന്ന സ്ക്രീനുകളിൽ നിന്ന് യാത്രയുടെ തത്സമയ വിവരങ്ങൾ അറിയാം. യാത്രയുടെ അടുത്ത സ്റ്റോപ്പിനെപ്പറ്റിയും കാലാവസ്ഥയെപ്പറ്റിയുമൊക്കെ ഈ സ്ക്രീനിലറിയാം. യാത്രക്കാർക്കുള്ള സുരക്ഷാനിർദ്ദേശങ്ങൾ വാഹനത്തിൻ്റെ ഇരുവശത്തും പ്രദർശിപ്പിച്ചിട്ടുണ്ട്.




റെയിൽ ബസ് സർവീസ് ഇടയ്ക്കിടെയുണ്ടാവുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. മറ്റ് പൊതുഗതാഗത സംവിധാനങ്ങളുമായി ചേർന്നാവും സർവീസ് നടക്കുക. എലവേറ്റഡ് ട്രാക്കുകളിലൂടെയായും റെയിൽ ബസിൻ്റെ സഞ്ചാരം. എമിറേറ്റിലുടനീളം ഏറെ വൈകാതെ ഈ ട്രാക്കുകൾ നിർമ്മിക്കും. 100 കിലോമീറ്റർ വരെ വേഗത്തിലോടാൻ റെയിൽ ബസിന് സാധിക്കും. 2.9 മീറ്റർ ഉയരവും 11.5 മീറ്റർ നീളവുമാണ് വാഹനത്തിനുണ്ടാവുക.
ലോകത്തിലെ ഏറ്റവും സ്മാർട്ടസ്റ്റ് സിറ്റിയാവുക എന്ന പദ്ധതിയിൽ പെട്ടതാണ് റെയിൽ ബസ്. യുഎഇ നെറ്റ് സീറോ 2050, ദുബായ് സീറോ എമിഷൻ പബ്ലിക് ട്രാൻസ്പോർട്ട് സ്ട്രാറ്റജി 2050, ദുബായ് സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് സ്ട്രാറ്റജി 2030 തുടങ്ങി വിവിധ പദ്ധതികളാണ് നിലവിലുള്ളത്. ത്രീഡി പ്രിൻ്റഡും ലൈറ്റ് വെയ്റ്റും ആയതുകൊണ്ട് തന്നെ പാരിസ്ഥിതിക പ്രശ്നങ്ങൾ കുറയ്ക്കാൻ റെയിൽ ബസിന് സാധിക്കും. എപ്പോഴാണ് റെയിൽ ബസ് സർവീസ് ആരംഭിക്കുകയെന്ന് വ്യക്തമല്ല.
യുഎഇ വൈസ് പ്രസിഡൻ്റായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് വേൾഡ് ഗവണ്മെൻ്റ് സമ്മിറ്റിലെ ആർടിഎ പ്ലാറ്റ്ഫോം സന്ദർശിച്ചിരുന്നു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദിനൊപ്പം പ്ലാറ്റ്ഫോം സന്ദർശിച്ചു.