Ramadan In UAE: അവശ്യസാധനങ്ങൾക്ക് 70 ശതമാനം വരെ വിലക്കിഴിവ്; റമദാനൊരുങ്ങി യുഎഇ
Ramadan UAE Discounts: റമദാൻ മാസത്തോടനുബന്ധിച്ച് വിലക്കിഴിവുമായി വിവിധ റീട്ടെയിൽ ഷോപ്പുകൾ. അവശ്യസാധനങ്ങൾക്ക് 70 ശതമാനം വരെ വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹൈപ്പർ മാർക്കറ്റുകൾ അടക്കമുള്ള ഷോപ്പുകളിൽ വിലക്കിഴിവുണ്ടാവും.

റമദാൻ മാസത്തിനൊരുങ്ങി യുഎഇ. യുഎഇയിലെ വിവിധ റീട്ടെയിൽ ഷോപ്പുകളിൽ അവശ്യസാധനങ്ങൾക്ക് 70 ശതമാനം വരെ വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. റമദാൻ മാസത്തിലും അതിന് മുൻപും യുഎഇയിൽ ആളുകൾ കൂടുതലായി ഷോപ്പിംഗിനിറങ്ങാറുണ്ട്. അതുകൊണ്ട് തന്നെ ഒരുപാട് പേർക്ക് ഈ വിലക്കിഴിവ് അനുഗ്രഹമാവും. മാർച്ച് ഒന്നിനാവും റമദാൻ മാസം ആരംഭിക്കുക.
യുഎഇയിലെ ഹൈപ്പർമാർക്കറ്റുകളും ഇലക്ട്രോണിക്സ് റീട്ടെയിലർമാരും ഹോം ഫർണിഷിങ് കടകളും വാഹനവിതരണക്കാരുമൊക്കെ വമ്പൻ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായ് കേന്ദ്രീകരിച്ചുള്ള റീട്ടെയിലർ യൂണിയൻ കൂപ്പ് 5000ലധികം സാധനങ്ങൾക്ക് 60 ശതമാനം വരെ വിലക്കിഴിവ് പ്രഖ്യാപിച്ചു. ഓഫ്‌ലൈൻ, ഓൺലൈൻ പർച്ചേസുകൾക്ക് ഈ വിലക്കിഴിവ് ലഭിക്കും. ഇയർ ഓഫ് കമ്മൂണിറ്റി എന്നതാണ് യൂണിയൻ കൂപ്പിൻ്റെ ഇത്തവണത്തെ റമദാൻ ക്യാമ്പയിൻ. അരി, ഇറച്ചി, ഇറച്ചിക്കോഴി, കാൻഡ് ഫുഡ്സ് തുടങ്ങി റമദാനിൽ ആവശ്യം വർധിക്കുന്ന 200ലധികം സാധനങ്ങളുടെ വില ലോക്ക് ചെയ്തെന്ന് യൂണിയൻ കൂപ്പ് അറിയിച്ചു. യുഎഇയിലെ 42 ഫാമുകളുമായി കൂട്ടുകെട്ടുണ്ടാക്കിയ യൂണിയൻ കൂപ്പ് മായമില്ലാത്ത പച്ചക്കറികളും പഴങ്ങളും വിതരണം ചെയ്യുമെന്നറിയിച്ചു.
ഉപഭോക്താക്കൾക്ക് ആകർഷകമായ വിലക്കിഴിവ് പ്രതീക്ഷിക്കാമെന്ന് ജമ്പോ ഇലക്ട്രോണിക്സ് സിഇഒ ആയ വികാസ് ഛദ്ദ അറിയിച്ചു. റമദാനിൽ ഉപഭോക്താക്കളുടെ ഷോപ്പിങ് എളുപ്പമാക്കാനാണ് തങ്ങളുടെ ശ്രമം. വിവിധ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് വിലക്കിഴിവ് നൽകും. റമദാനോടനുബന്ധിച്ച് ആളുകൾ ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ നിക്ഷേപിക്കുന്നത് പതിവാണെന്നും അദ്ദേഹം പറഞ്ഞു.




Also Read: Ramadan In UAE: കൂടുതൽ ഒഴിവ് ദിനങ്ങൾ; കുറഞ്ഞ ജോലിസമയം; യുഎഇയിലെ റമദാൻ മാസം ഇങ്ങനെ
നിലാവ് കാണുന്നതിനനുസരിച്ചാണ് റമദാൻ മാസം ആരംഭിക്കുന്നതെങ്കിലും നിലവിൽ പ്രതീക്ഷിക്കുന്നത് മാർച്ച് ഒന്നിനാണ്. കൂടുതൽ ഒഴിവ് ദിനങ്ങളും കുറഞ്ഞ ജോലിസമയവും അടക്കം വിവിധ നേട്ടങ്ങൾ റമദാനിൽ ആളുകൾക്ക് ലഭിക്കും. സ്കൂൾ സമയത്തിലെ മാറ്റം, സൗജന്യ പാർക്കിങ് എന്നിങ്ങനെയുള്ള മറ്റ് നേട്ടങ്ങളും റമദാനിലുണ്ട്. പല ജോലികളിലും റമദാൻ മാസത്തിൽ രണ്ട് മണിക്കൂർ ഇളവനുവദിക്കാറുണ്ട്. സർക്കാർ ഓഫീസുകൾ നേരത്തെ അടയ്ക്കും. റമദാനിൽ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. മറ്റ് സ്കൂളുകളിൽ അഞ്ച് മണിക്കൂറാവും പഠനസമയം. പെയ്ഡ് പാർക്കിങ് സൗകര്യമുള്ള ചിലയിടങ്ങളിൽ ചില സമയങ്ങളിൽ സൗജന്യ പാർക്കിങ് അനുവദിക്കാറുണ്ട്. റെസ്റ്റോറൻ്റുകൾ ഇഫ്താറിനോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും അവതരിപ്പിക്കും. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഒരുമിച്ച് കഴിക്കുന്ന ഇഫ്താർ കോംബോ ഓഫറുകൾ പല റെസ്റ്റോറൻ്റുകളും നൽകാറുണ്ട്.