Indian Rupee: കൂപ്പുകുത്തി ഇന്ത്യന്‍ രൂപ; നാട്ടിലേക്ക് പണമയച്ച് ആഘോഷമാക്കി പ്രവാസികള്‍
Indian Rupee at Record Low: അമേരിക്കന്‍ ഡോളറിനെതിരെ 90 ന് മുകളിലാണ് രൂപയുടെ മൂല്യം. ഈ നിരക്കിലേക്ക് എത്തിയതാണ് ദിര്‍ഹത്തിന്റെ മൂല്യവും വര്‍ധിക്കാന്‍ വഴിയൊരുക്കിയത്. ഒരു ദിര്‍ഹത്തിന് 24.70 മുതല്‍ 24.75 രൂപ വരെയാണുള്ളത്.
ദുബായ്: ഇന്ത്യന്‍ രൂപയുടെ മൂല്യം താഴോട്ട് പതിക്കുന്നത് അവസരമാക്കിയെടുത്ത് പ്രവാസികള്‍. രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലേക്ക് എത്തിയതോടെ നാട്ടിലേക്ക് പണം അയക്കുന്നവരുടെ എണ്ണവും ഉയര്‍ന്നു. ഒരു യുഎഇ ദിര്‍ഹത്തിന് വൈകാതെ 25 രൂപയിലേക്ക് എത്തുമെന്നാണ് വിവരം. യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് വലിയ നേട്ടമുണ്ടാക്കിയാണ് രൂപയുടെ വീഴ്ച.
അമേരിക്കന്‍ ഡോളറിനെതിരെ 90 ന് മുകളിലാണ് രൂപയുടെ മൂല്യം. ഈ നിരക്കിലേക്ക് എത്തിയതാണ് ദിര്‍ഹത്തിന്റെ മൂല്യവും വര്‍ധിക്കാന്‍ വഴിയൊരുക്കിയത്. ഒരു ദിര്‍ഹത്തിന് 24.70 മുതല്‍ 24.75 രൂപ വരെയാണുള്ളത്. ഫെബ്രുവരിയോടെ ഇത് ഇനിയും ഉയരുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഡോളറിനെതിരെ രൂപയുടെ മൂല്യം വൈകാതെ 92 ലേക്ക് എത്താനും സാധ്യതയുണ്ട്.
യുഎസ് ഡോളറുമായി ബന്ധിപ്പിക്കപ്പെട്ടവയാണ് ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികള്‍. അതിനാല്‍ തന്നെ ഡോളറില്‍ ഉണ്ടാകുന്ന മാറ്റവും, ഡോളറിനെതിരെ രൂപയുടെ മൂല്യവും ജിസിസി രാജ്യങ്ങളിലെ കറന്‍സികളിലും പ്രതിഫലിക്കും.
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ മറ്റ് വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരും രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ നേട്ടം കൊയ്യുന്നുണ്ട്. മൂല്യം കുറയുന്നത് നാട്ടിലെ ലോണുകളും മറ്റ് ആവശ്യങ്ങളും എളുപ്പത്തില്‍ സാധ്യമാക്കാന്‍ പ്രവാസികളെ സഹായിക്കുന്നു.
വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വാങ്ങുന്നു, ഡോളറിന് ഡിമാന്‍ഡ് വര്‍ധിച്ചു തുടങ്ങി വിവിധ കാരണങ്ങളാണ് രൂപയ്ക്ക് തിരിച്ചടിയാകുന്നത്. എന്നാല്‍ രൂപയുടെ മൂല്യം കുറയുന്നതിന് വലിയ ആശങ്ക വേണ്ടെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നുണ്ട്. രൂപയുടെ മൂല്യം വിപണിക്ക് അനുസരിച്ച് മാറട്ടെ എന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അഭിപ്രായപ്പെടുന്നു.