Indonesia: ഇൻഡോനേഷ്യയിലെ അഗ്നിപർവതം പൊട്ടിത്തെറിച്ചു; പുക ഉയർന്നത് ആറ് കിലോമീറ്റർ വരെ ഉയരത്തിൽ
Mount Lewotobi Laki-Laki Erupts: ഇൻഡോനേഷ്യയിലെ ഫ്ലോറസ് ദ്വീപിൽ അഗ്നിപർവതമായ മൗണ്ട് ലെവോടോബി ലാകി - ലാകി പൊട്ടിത്തെറിച്ചു. ആറ് കിലോമീറ്റർ വരെ ഉയരത്തിലാണ് പുക ഉയർന്നത്.

ലാകി - ലാകി
ഇൻഡോനേഷ്യയിലെ മൗണ്ട് ലെവോടോബി ലാകി – ലാകി അഗ്നിപർവതം പൊട്ടിത്തെറിച്ചു. ഫ്ളോറസ് ദ്വീപിൽ തിങ്കളാഴ്ചയാണ് സംഭവം. പൊട്ടിത്തെറിയിലുണ്ടായ പുക ആറ് കിലോമീറ്റർ വരെ ഉയർന്നു എന്നാണ് ഇൻഡോനേഷ്യയിലെ വോൾക്കനോളജി ഏജൻസി റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ച രാവിലെ 9.36ന് അഗ്നിപർവതം ഒരുതവണ കൂടി പൊട്ടിത്തെറിച്ചു എന്നും ഏജൻസി പറയുന്നു.
പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ജാഗ്രതാ നിർദ്ദേശം വർധിപ്പിച്ചിട്ടുണ്ട്. നാല് നിലകളുള്ള ജാഗ്രതാ മാർഗനിർദ്ദേശങ്ങളാണ് രാജ്യത്തുള്ളത്. ലെവോടോബി ലാകി – ലാകി ഇപ്പോഴും ആക്ടീവാണ് എന്ന് ഇൻഡോനേഷ്യ ജിയോളജിക്കൽ ഏജൻസി തലവൻ മുഹമ്മദ് വാഫിദ് പറഞ്ഞു. ഇപ്പോൾ ഉണ്ടായതിനെക്കാൾ ശക്തമായ മറ്റൊരു പൊട്ടിത്തെറിയ്ക്ക് സാധ്യതയുണ്ട്. ആളുകൾ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. പൊട്ടിത്തെറിയിലുണ്ടായ പുകയിൽ നിന്ന് രക്ഷനേടാൻ ഫേസ് മാസ്ക് അത്യാവശ്യമാണ്. അഗ്നിപർവതത്തിൻ്റെ ആറ് കിലോമീറ്റർ പരിധിയിൽ കൂട്ടം കൂടി നിൽക്കരുത്. ശക്തമായ മഴ പെയ്താൽ സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ ചളിയോ അവശിഷ്ടങ്ങളോ ഉരുൾപൊട്ടൽ പോലെ ഒഴുകാനിടയുണ്ട്. അഗ്നിപർവതത്തിൽ നിന്ന് ഉത്ഭവിക്കുന്ന പുഴയ്ക്ക് സമീപം താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വിഡിയോ കാണാം
👀 Lewotobi Laki-laki volcano in Indonesia had a significant eruption today sending ash soaring up to 9 km (30,000 ft) into the sky.
Authorities raised the Aviation Color Code to Red, and locals have been warned to stay at least 6 km away from the summit. pic.twitter.com/v8s4YzPG6V
— Volcaholic 🌋 (@volcaholic1) May 18, 2025
കഴിഞ്ഞ നവംബറിൽ മൗണ്ട് ലെവോടോബി ലാകി – ലാകി പലതവണ പൊട്ടിത്തെറിച്ചിരുന്നു. ഈ പൊട്ടിത്തെറിയിൽ 9 പേർ കൊല്ലപ്പെടുകയും ചെയ്തു. ഇതിൻ്റെ പശ്ചാത്തലത്തിൽ ബാലിയിലേക്കുള്ള നിരവധി രാജ്യാന്തര വിമാനസർവീസുകൾ ക്യാൻസൽ ചെയ്യുകയും ആയിരക്കണക്കിന് ആളുകളെ പ്രദേശത്തുനിന്ന് ഒഴിപ്പിക്കുകയും ചെയ്തു.
പെരെംപുവാൻ എന്ന ശാന്ത സ്വഭാവമുള്ള അഗ്നിപർവതത്തിൻ്റെ ഇരട്ട പർവതമായാണ് ലാകി – ലാകി സ്ഥിതി ചെയ്യുന്നത്. ലാകി – ലാകി എന്നാൽ ഇൻഡോനേഷ്യൻ ഭാഷയിൽ പുരുഷൻ എന്നും പെരെംപുവാൻ എന്നാൽ സ്ത്രീ എന്നുമാണ്.