AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Taliban: സ്ത്രീകള്‍ക്കെതിരായ അതിക്രമം; താലിബാന്‍ നേതാക്കള്‍ക്കെതിരെ ഐസിസിയുടെ അറസ്റ്റ് വാറന്റ്

Arrest Warrants Against Taliban Leaders: താലിബാന്റെ ലിംഗ നയങ്ങള്‍ക്കെതിരെ നില്‍ക്കുന്ന അഫ്ഗാന്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും ലക്ഷ്യം വെച്ച് ലിംഗാധിഷ്ഠിച പീഡനം. മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങള്‍ എന്നിവ ഇരുവരും ചെയ്തതായി തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി.

Taliban: സ്ത്രീകള്‍ക്കെതിരായ അതിക്രമം; താലിബാന്‍ നേതാക്കള്‍ക്കെതിരെ ഐസിസിയുടെ അറസ്റ്റ് വാറന്റ്
താലിബാനെതിരെയുള്ള പ്രതിഷേധത്തില്‍ നിന്നുള്ള ദൃശ്യം Image Credit source: picture alliance/Getty Images Editorial
Shiji M K
Shiji M K | Published: 09 Jul 2025 | 11:44 AM

ഹേഗ്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നേതാക്കള്‍ക്കെതിരെ രാജ്യാന്തര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. താലിബാന്റെ പരമോന്നത നേതാവ് ഹൈബത്തുള്ള അഖുന്ദ്‌സാദ, ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്റെ ചീഫ് ജസ്റ്റിസ് അബ്ദുള്‍ ഹക്കിം ഹഖാനി എന്നിവര്‍ക്കെതിരെയാണ് അറസ്റ്റ് വാറന്റ്.

താലിബാന്റെ ലിംഗ നയങ്ങള്‍ക്കെതിരെ നില്‍ക്കുന്ന അഫ്ഗാന്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും ലക്ഷ്യം വെച്ച് ലിംഗാധിഷ്ഠിച പീഡനം. മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങള്‍ എന്നിവ ഇരുവരും ചെയ്തതായി തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുറമെ ലിംഗവിവേചനത്തിനെതിരെ നിലപാട് സ്വീകരിക്കുന്ന മറ്റാളുകളും പീഡനത്തിന് ഇരയാകുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

റോം നിയമത്തിലെ ആര്‍ട്ടിക്കിള്‍ 7(1)(h) പ്രകാരം താലിബാന്‍ നേതാക്കള്‍ മനുഷ്യത്വത്തിന് എതിരായ പീഡനങ്ങള്‍ക്ക് ഉത്തരവിട്ടുകൊണ്ടോ പ്രേരിപ്പിച്ചുകൊണ്ടോ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടുവെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. ഈ പ്രവൃത്തികള്‍ ലിംഗഭേദത്തെയും രാഷ്ട്രീയ ബന്ധങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണെന്നും കോടതി പറഞ്ഞു.

ഇതാദ്യമായാണ് ഐസിസി താലിബാന്‍ നേതാക്കള്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്നത്. താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്ത 2021 ഓഗസ്റ്റ് 15 മുതല്‍ 2025 ജനുവരി 20 വരെ കൊലപാതകം, തടവ്, പീഡനം, ബലാത്സംഗം, നിര്‍ബന്ധിത തിരോധാനങ്ങള്‍ എന്നിവ നടന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

Also Read: UAE Golden Visa: 23 ലക്ഷം നല്‍കിയാല്‍ യുഎഇയില്‍ ആജീവനാന്ത ഗോള്‍ഡന്‍ വിസ? കേട്ടതൊന്നുമല്ല സത്യം

ലിംഗഭേദം കണക്കിലെടുത്ത് താലിബാന്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും പ്രത്യേകം ലക്ഷ്യം വെച്ചിട്ടുണ്ട്. അവരുടെ മൗലികാവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടു. വിദ്യാഭ്യാസം, സഞ്ചാര സ്വാതന്ത്ര്യം, സ്വകാര്യത, മതപരമായ ആവിഷ്‌കാരം എന്നിവയ്ക്കുള്ള അവകാശങ്ങളെ വെട്ടിക്കുറച്ചുള്ള ഉത്തരവുകളും ശാസനകളും താലിബാന്‍ പുറപ്പെടുവിച്ചതായും കോടതി വ്യക്തമാക്കി.