AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Iran Protest: ഒടുവില്‍ അക്കാര്യം ഖമേനിയും അംഗീകരിച്ചു; ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്റെ പരമോന്നത നേതാവ്‌

Ayatollah Ali Khamenei on the protests in Iran: ഇറാനില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ടതായി സമ്മതിച്ച് പരമോന്നത നേതാവ്‌ ആയത്തുള്ള അലി ഖമേനി. നാശനഷ്ടങ്ങള്‍ക്ക് യുഎസ് പ്രസിഡന്റ് കുറ്റവാളിയാണെന്ന് താന്‍ കരുതുന്നുവെന്നും ഖമേനി.

Iran Protest: ഒടുവില്‍ അക്കാര്യം ഖമേനിയും അംഗീകരിച്ചു; ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്റെ പരമോന്നത നേതാവ്‌
Ayatollah Ali KhameneiImage Credit source: PTI
Jayadevan AM
Jayadevan AM | Published: 18 Jan 2026 | 06:51 PM

ടെഹ്‌റാന്‍: ഇറാനില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ടതായി സമ്മതിച്ച് രാജ്യത്തിന്റെ പരമോന്നത നേതാവ്‌ ആയത്തുള്ള അലി ഖമേനി. മരണസംഖ്യയെക്കുറിച്ച് നിരവധി ഊഹാപോഹങ്ങള്‍ പ്രചരിച്ചെങ്കിലും ഇതാദ്യമായാണ് നിരവധി പേര്‍ മരിച്ചതായി ഇറാന്‍ സ്ഥിരീകരിക്കുന്നത്. നിരവധി പേര്‍ കൊല്ലപ്പെട്ടതായി വിവിധ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും, നൂറോളം പേര്‍ മാത്രമാണ് മരിച്ചതെന്നായിരുന്നു ഇറാന്റെ വിദേശകാര്യമന്ത്രിയുടെ പ്രതികരണം.

ശനിയാഴ്ച നടത്തിയ ഒരു പ്രസംഗത്തിലാണ് ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ടതായി ഖമേനി സമ്മതിച്ചത്. ചിലർ മനുഷ്യത്വരഹിതവും ക്രൂരവുമായ രീതിയിൽ കൊല്ലപ്പെട്ടുവെന്നും ആയത്തുള്ള അലി ഖമേനി പറഞ്ഞു. എന്നാല്‍ ഇതിനെല്ലാം കാരണം യുഎസ് ആണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇസ്രായേലുമായും യുഎസുമായും ബന്ധമുള്ളവർ വൻ നാശനഷ്ടങ്ങൾ വരുത്തിയെന്നും, ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിയെന്നും ഖമേനി പറഞ്ഞതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ഇറാനില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ക്ക് യുഎസ് പ്രസിഡന്റ് കുറ്റവാളിയാണെന്ന് താന്‍ കരുതുന്നുവെന്നും ഖമേനി പറഞ്ഞു.

Also Read: Iran Protest: ഇറാനില്‍ ഭരണം മാറുന്നത് ഇന്ത്യക്ക് നല്ലതല്ല; പഹ്‌ലവി തിരിച്ചുവന്നാല്‍ എന്ത് സംഭവിക്കും?

3,090 ഓളം പേര്‍ മരിച്ചെന്നാണ് യുഎസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇറാനിയൻ ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി (HRANA) റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ മരണസംഖ്യ ഇതിലും കൂടുതലാണെന്ന് ചില ഹ്യൂമന്‍ റൈറ്റ്‌സ് ഗ്രൂപ്പുകള്‍ അവകാശപ്പെട്ടു.

ഇന്റര്‍നെറ്റടക്കം രാജ്യത്ത് വിച്ഛേദിക്കപ്പെട്ടതിനാല്‍ കൃത്യമായ കണക്കുകള്‍ ഇറാന് പുറത്തേക്ക് ലഭ്യമായില്ല. അതേസമയം, പ്രതിഷേധം തുടരാന്‍ ഇറാനിലെ പ്രക്ഷോഭകാരികളോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ ആഹ്വാനം ചെയ്തിരുന്നു. പ്രക്ഷോഭകര്‍ക്ക് സഹായം എത്തിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ഡിസംബര്‍ 28 നാണ് ഇറാനില്‍ പ്രതിഷേധം ആരംഭിച്ചു. പിന്നീട് ഇത് ഭരണകൂടത്തിനെതിരായ പ്രക്ഷോഭമായി വ്യാപിച്ചു.