AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gaza Ceasefire Talks: ഗാസ, ലെബനന്‍, സിറിയ എന്നിവിടങ്ങളില്‍ സൈന്യം തുടരുമെന്ന് ഇസ്രായേല്‍; വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സങ്കീര്‍ണമാകാന്‍ സാധ്യത

Israel-Palestine Conflict Updates: ലെബനനിലെയും സിറിയയിലെയും പോലെ ഗാസയിലും സമൂഹത്തിനിടയില്‍ ശത്രുക്കള്‍ ഉണ്ടാകും. അതിനാല്‍ സുരക്ഷ മേഖലകളില്‍ സൈന്യം തുടരുമെന്ന് പ്രസ്താവനയിലൂടെ ഇസ്രായേല്‍ കാറ്റ്‌സ് വ്യക്തമാക്കി.

Gaza Ceasefire Talks: ഗാസ, ലെബനന്‍, സിറിയ എന്നിവിടങ്ങളില്‍ സൈന്യം തുടരുമെന്ന് ഇസ്രായേല്‍; വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സങ്കീര്‍ണമാകാന്‍ സാധ്യത
ഗാസയില്‍ നിന്നുള്ള ദൃശ്യം Image Credit source: PTI
Shiji M K
Shiji M K | Published: 16 Apr 2025 | 09:35 PM

ഗാസ സിറ്റി: ലെബനന്‍, ഗാസ, സിറിയ എന്നിവിടങ്ങളിലെ സുരക്ഷാ മേഖലകളില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കില്ലെന്ന് ഇസ്രായേല്‍. സൈന്യം പിടിച്ചെടുത്ത പ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നില്ലെന്നും പ്രതിരോധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു.

ലെബനനിലെയും സിറിയയിലെയും പോലെ ഗാസയിലും സമൂഹത്തിനിടയില്‍ ശത്രുക്കള്‍ ഉണ്ടാകും. അതിനാല്‍ സുരക്ഷ മേഖലകളില്‍ സൈന്യം തുടരുമെന്ന് പ്രസ്താവനയിലൂടെ ഇസ്രായേല്‍ കാറ്റ്‌സ് വ്യക്തമാക്കി.

ഇസ്രായേലിന്റെ നീക്കത്തിനെതിരെ ഹമാസ് രംഗത്തെത്തി. ഗാസയില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പൂര്‍ണമായി പിന്‍വാങ്ങുകയോ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയോ ചെയ്യാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസ് അറിയിച്ചു.

ബന്ദികളെയാണ് ആദ്യം കൈമാറേണ്ടതെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ബന്ദികളെ വിട്ടുകിട്ടുന്നതിന് മുമ്പ് ഗാസ പിടിച്ചെടുക്കാന്‍ ഇസ്രായേല്‍ തീരുമാനിക്കുകയാണെന്ന് ബന്ദികളുടെ കുടുംബങ്ങള്‍ പ്രതികരിച്ചു.

അതേസമയം, ഇസ്രായേലിന്റെ നീക്കം ഹമാസുമായുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സങ്കീര്‍ണമാക്കുമെന്ന വിലയിരുത്തലിലാണ് മധ്യസ്ഥ രാജ്യങ്ങള്‍. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിന് പിന്നാലെ ബന്ദികളെ മോചിപ്പിക്കുന്നതിനായി ഹമാസിന് മേല്‍ സമ്മര്‍ദം ചെലുത്താനായി ഗാസയുടെ പകുതിയിലധികം ഭാഗവും ഇസ്രായേല്‍ സൈന്യം പിടിച്ചെടുത്തിരുന്നു.

ഹിസ്ബുള്ളയുമായുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയാണ് ലെബനനിലെ ചില പ്രദേശങ്ങളില്‍ ഇസ്രായേല്‍ സൈന്യം നിലയുറപ്പിച്ചത്. സര്‍ക്കാര്‍ വിരുദ്ധ സേനയായ ബഷാര്‍ അസദിനെ അട്ടിമറിച്ചതിന് പിന്നാലെ തെക്കന്‍ സിറിയയിലെ ബഫര്‍ സോണിലും ഇസ്രായേല്‍ സൈന്യം തുടരുന്നു.

Also Read: Gaza Ceasefire Talks: ഹമാസിനെ ഇല്ലാതാക്കും വരെ സൈനിക നീക്കം നടത്തുമെന്ന് ഇസ്രായേല്‍; വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ അവസാനിച്ചു

2023 ഒക്ടോബര്‍ ഏഴിന് ഉണ്ടായത് പോലെ ഹമാസിന്റെ കടന്നുകയറ്റം ഇനി ഉണ്ടാകാതിരിക്കാനാണ് പുതിയ നടപടിയെന്നാണ് ഇസ്രായേലിന്റെ വാദം. ഇസ്രായേല്‍ നടത്തിയ വംശഹത്യയില്‍ ഇതുവരെ 51,000 ത്തിലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

ഇസ്രായേലിന്റെ കടന്നുകയറ്റം നിരവധി പ്രദേശങ്ങളെ വാസയോഗ്യമല്ലാതാക്കുകയും ഏകേദശം 2 ലക്ഷത്തോളം വരുന്ന പലസ്തീനികളില്‍ 90 ശതമാനം ആളുകളെ പലായനം ചെയ്യാന്‍ പ്രേരിപ്പിച്ചു എന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.