Dubai: ഡിജിറ്റൽ വാലറ്റുകൾ ഉപയോഗിച്ച് പണം തിരിമറി; ദുബായിൽ രണ്ട് പേർ അറസ്റ്റിൽ
Dubai Police Arrested 2 For Online Fraud: പണം തിരിമറി നടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഡിജിറ്റൽ വാലറ്റുകൾ ഉപയോഗിച്ച് പണം തിരിമറി നടത്തിയ രണ്ട് പേരാണ് അറസ്റ്റിലായത്.
ഡിജിറ്റൽ വാലറ്റുകൾ ഉപയോഗിച്ച് പണം തിരിമറി നടത്തിയ രണ്ട് പേർ അറസ്റ്റിൽ. ദുബായ് പോലീസ് ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് ക്രിമിനൽ ഇൻവസ്റ്റിഗേഷനിലെ ആൻ്റി ഫ്രോഡ് സെൻ്ററാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഡിജിറ്റൽ വാലറ്റുകൾ ഉപയോഗിച്ച് ഇവർ ബാങ്ക് തട്ടിപ്പ് നടത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഓൺലൈൻ തട്ടിപ്പിലൂടെ ഇവർ പണക്കൈമാറ്റം നടത്തിയെന്നും പോലീസ് അറിയിച്ചു.
സമൂഹമാധ്യമങ്ങളിലൂടെയാണ് തട്ടിപ്പുകാർ ഇരകളെ സമീപിക്കുന്നത്. ബാങ്ക് അക്കൗണ്ട് തുറക്കാനോ ബാങ്ക് അക്കൗണ്ടിൻ്റെ വിശദാംശങ്ങൾ നൽകാനോ ഇവർ ഇരകളെ സമ്മതിപ്പിക്കും. ചെറിയ തുകകൾക്കായി ഡിജിറ്റൽ വാലറ്റുകളും തയ്യാറാക്കും. ഈ ഡിജിറ്റൽ വാലറ്റ് കള്ളപ്പണം വെളുപ്പിക്കാനാണ് സംഘം ഉപയോഗിച്ചിരുന്നത്. പണത്തിൻ്റെ ഉറവിടം എവിടെയാണെന്ന് മറച്ചുവച്ച് ഒരു വ്യവസ്ഥാപിതമായ തട്ടിപ്പുസംഘത്തിനുള്ളിൽ പണം കൈമാറാനാണ് ഈ ഡിജിറ്റൽ വാലറ്റ് ഉപയോഗിക്കുന്നത്.
തട്ടിപ്പുകാരെയും അവരുടെ ലൊക്കേഷനുകളും കണ്ടെത്താൻ ആൻ്റി ഫ്രോഡ് സെൻ്ററിന് സാധിച്ചു എന്ന് ദുബായ് പോലീസ് പറഞ്ഞു. പ്രതികളിൽ നിന്ന് മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ഡിവൈസുകളും തട്ടിപ്പിന് ഉപയോഗിച്ച കാർഡുകളും പോലീസ് പിടികൂടി. സംശയാസ്പദമായ സാഹചര്യത്തിലുള്ളവരുമായി സഹകരിക്കരുതെന്ന് ദുബായ് പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആർക്കും കൈമാറരുത്. പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാൻ അധികൃതരുടേതല്ലാത്ത ആരുടെയും സഹായം തേടരുത്. ഇത്തരം കാര്യങ്ങൾ ചെയ്താൽ കുറ്റകൃത്യത്തിന് സഹായം നൽകുന്നതായി പരിഗണിക്കുകയും നിയമനടപടിയ്ക്ക് വഴിയൊരുക്കുകയും ചെയ്യും. ഏതെങ്കിലും തരത്തിൽ ഇത്തരം തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നറിഞ്ഞാൽ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കണമെന്നും ദുബായ് പോലീസ് അറിയിച്ചു.