Abu Dhabi: നിയന്ത്രിത മരുന്നുകളുമായി ബന്ധപ്പെട്ട നിബന്ധനകൾ ലംഘിച്ചു; അബുദാബിയിൽ ആറ് ഡോക്ടർമാർക്ക് സസ്പൻഷൻ
6 Doctors Suspended In Abu Dhabi: അബുദായിൽ ആറ് ഡോക്ടർമാരെ സസ്പൻഡ് ചെയ്തു. നിയന്ത്രിത മരുന്നുകളുമായി ബന്ധപ്പെട്ട നിബന്ധനകൾ ലംഘിച്ചതിനെ തുടർന്നാണ് നടപടി.
നിയന്ത്രിത മരുന്നുകളുമായി ബന്ധപ്പെട്ട നിബന്ധനകൾ ലംഘിച്ച ആറ് ഡോക്ടർമാർക്ക് സസ്പൻഷൻ. അബുദാബി ഹെൽത്ത് ഡിപ്പാർട്ട്മെൻ്റാണ് ഡോക്ടർമാരെ പിരിച്ചുവിട്ടത്. എമിറേറ്റിൽ എവിടെയും ഇനി ജോലി ചെയ്യാൻ ഇവർക്ക് സാധിക്കില്ല. നിയന്ത്രിത മരുന്നുകളുമായി ബന്ധപ്പെട്ട് കടുത്ത നിബന്ധനകളാണ് രാജ്യത്തുള്ളത്. ഈ ഡോക്ടർമാർ നിബന്ധനകൾ ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
ഈ ഡോക്ടർമാർ ഏത് രാജ്യക്കാരാണെന്നതടക്കമുള്ള മറ്റ് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. അബുദാബിയ്ക്ക് പുറത്ത് ഇവർക്ക് ജോലി ചെയ്യാൻ കഴിയുമോ എന്നതിലും വ്യക്തതയില്ല.



വേദനസംഹാരികൾക്കും അഡിക്ഷന് ഉപയോഗിക്കുന്ന മരുന്നുകൾക്കും ഉൾപ്പെടെ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളുണ്ട്. ഇവയുടെ വിതരണവും കയറ്റുമതിയും ഇറക്കുമതിയുമൊക്കെ കൃത്യമായി നിരീക്ഷിക്കാറുണ്ട്. മോർഫിൻ, കോഡീൻ, ഫെൻ്റാനൈൽ തുടങ്ങി ശക്തമായ വേദനസംഹാരികൾക്ക് നിയന്ത്രണങ്ങളുണ്ട്. മനസിലെയും വികാരങ്ങളെയും പെരുമാറ്റങ്ങളെയും സ്വാധീനിക്കാവുന്ന ആൻ്റിഡിപ്രസൻ്റുകളും ആൻ്റിസൈക്കോട്ടിക് മരുന്നുകളും കടുത്ത നിയന്ത്രണങ്ങൾ പാലിച്ചാണ് നൽകുന്നത്. ഡയാസപാം, ലോറാസപാം തുടങ്ങിയ മരുന്നുകൾക്കും നിയന്ത്രണമുണ്ട്.
എഡിഎച്ച്ഡി, നാർകോലെപ്സി എന്നീ അവസ്ഥകൾക്ക് ഉപയോഗിക്കുന്ന മെഥൈൽഫെനിഡേറ്റ്, അംഫെറ്റമൈൻ എന്നീ മരുന്നുകൾക്കും ഉറക്കമില്ലായ്മ, ഉത്കണ്ഠ തുടങ്ങിയ അവസ്ഥകൾക്ക് ഉപയോഗിക്കുന്ന മരുന്നുകൾക്കും നിയന്ത്രണങ്ങളുണ്ട്. ഈ മരുന്നുകൾ നിർദ്ദേശിക്കുന്നതിനും കഴിക്കുന്നതിനും മുൻപ് യുഎഇ പൗരന്മാർക്കും വിനോദസഞ്ചാരികൾക്കും മറ്റും ആരോഗ്യമന്ത്രാലയത്തിൻ്റെ പ്രത്യേക അനുമതി തേടേണ്ടതുണ്ട്. ആരോഗ്യമന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ നിന്ന് അനുമതിയെടുക്കാം. അനുമതിയില്ലാതെ ഈ മരുന്നുകൾ മെഡിക്കൽ ഷോപ്പുകൾ വഴി നൽകാനാവില്ല. ഡോക്ടറുടെ കുറിപ്പടിയടക്കം സമർപ്പിച്ചെങ്കിലേ ഈ മരുന്നുകൾ മെഡിക്കൽ ഷോപ്പിൽ നിന്ന് ലഭിക്കൂ.