Operation Sindoor: ആഗോള ശക്തികളെ കാര്യങ്ങൾ ധരിപ്പിച്ചു, പിന്നാലെ നീക്കം; ഓപ്പറേഷൻ സിന്ദൂരിൽ കിടുങ്ങി പാകിസ്ഥാൻ
Operation Sindoor News: നടപടികളുടെ ഭാഗമായി വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളോടും രാജ്യങ്ങളുമായി സംസാരിക്കാൻ വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ ഇന്ത്യ നടപ്പാക്കിയത് അതി വിദഗ്ധമായാണ്. ഒരു പക്ഷെ ആഗോള ശക്തികളുടെ പിന്തുണ കിട്ടാതെ വരികയോ, രാജ്യങ്ങൾ ഇന്ത്യക്കെതിരെ തിരിഞ്ഞേക്കുകയോ ചെയ്യാമായിരുന്ന സാഹചര്യത്തിൽ രാജ്യങ്ങൾക്കിടയിൽ ഇന്ത്യക്ക് പിന്തുണ നേടാനായി. യുഎസ്, റഷ്യ, യുകെ, സൗദി അറേബ്യ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളുമായി ഇന്ത്യ ഓപ്പറേഷനെ പറ്റി സംസാരിച്ചിരുന്നതായാണ് റിപ്പോർട്ട്.
നടപടികളുടെ ഭാഗമായി വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളോടും രാജ്യങ്ങളുമായി സംസാരിക്കാൻ വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. പാക് അധിനിവേശ കശ്മീരിലും ഒൻപത് തീവ്രവാദ കേന്ദ്രങ്ങളിലും നടത്തിയ സൈനിക ആക്രമണത്തെക്കുറിച്ചും ഇന്ത്യ വിശദീകരിച്ചിട്ടുണ്ട്. അമേരിക്ക, ബ്രിട്ടൻ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, റഷ്യ എന്നീ ലോക രാജ്യങ്ങളും ഇതിൽ ഉൾപ്പെടുന്നു, പഹൽഗാം ഭീകരാക്രമണത്തിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഇന്ത്യയുടെ നടപടി. 25 ഇന്ത്യക്കാരും ഒരു നേപ്പാളി പൗരനുമാണ് പഹൽഗാമിൽ കൊല്ലപ്പെട്ടത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ അധികം താമസിക്കാതെ തന്നെ അവസാനിക്കുമെന്നാണ് കരുതുന്നതെന്നാണ് വിഷയത്തിൽ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞത്. വിഷയം ഒത്ത് തീർപ്പാക്കാൻ ഇരു രാജ്യങ്ങൾക്കും പിന്തുണ ഉറപ്പാക്കുമെന്ന് ബ്രിട്ടനും വ്യക്തമാക്കി. അതേസമയം ഇരു രാജ്യങ്ങളും സൈനീക നീക്കങ്ങളിൽ സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്ര സഭയും ആവശ്യപ്പെട്ടിട്ടുണ്ട്.