Pakistan Civil Servants: സര്‍വീസിലിരുന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ മരിച്ചാല്‍ ബന്ധുക്കള്‍ക്ക് ജോലിയില്ല; നിയമം റദ്ദാക്കി പാകിസ്താന്‍
No More Government Jobs Dead Civil Servant's Family in Pakistan: 2024 ഒക്ടോബര്‍ 18ന് സുപ്രീം കോടതി ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതേ തുടര്‍ന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടപടി ഉണ്ടായിരിക്കുന്നത്. ജോലി ലഭിക്കില്ലെങ്കിലും മരണപ്പെടുന്നയാളുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സഹായ പാക്കേജിന് കീഴിലുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ഇസ്ലാമാബാദ്: സര്‍ക്കാര്‍ സര്‍വീസിലിരിക്കെ മരണപ്പെടുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കുന്ന നിയമം റദ്ദാക്കി പാകിസ്താന്‍. ആശ്രിത നിയമനം നടത്തുന്നത് ഭരണഘടനാ വിരുദ്ധവും വിവേചനപരവുമാണെന്നാണ് കാണിച്ചാണ് പാകിസ്താന്‍ ഭരണകൂടം പുതിയ തീരുമാനമെടുത്തത്. പുതിയ മാര്‍ഗനിര്‍ദേശം പാലിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്ന് സര്‍ക്കാര്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും നിര്‍ദേശം നല്‍കി.
2024 ഒക്ടോബര്‍ 18ന് സുപ്രീം കോടതി ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതേ തുടര്‍ന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടപടി ഉണ്ടായിരിക്കുന്നത്. ജോലി ലഭിക്കില്ലെങ്കിലും മരണപ്പെടുന്നയാളുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സഹായ പാക്കേജിന് കീഴിലുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
എന്നാല്‍, ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുന്ന നിയമപാലകരുടെ ബന്ധുക്കള്‍ക്ക് ഈ നിയമം ബാധകമായിരിക്കില്ല. സുപ്രീം കോടതി വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് നടന്ന നിയമനങ്ങള്‍ റദ്ദാക്കുകയില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.




അതേസമയം, പാകിസ്താന് നല്‍കുന്ന സഹായം താത്കാലികമായി നിര്‍ത്തിവെക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതോടെ പാകിസ്താന് യുണൈറ്റഡ് സ്റ്റേറ്റസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെലവപ്പ്‌മെന്റ് നല്‍കുന്ന പല പദ്ധികളും നിര്‍ത്തലാക്കി.
കൂടാതെ സാംസ്‌കാരിക, പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണം-സുരക്ഷ എന്നിവ കൈകാര്യം ചെയ്യുന്ന അംബാസഡേഴ്‌സ് ഫണ്ട് ഫോര്‍ കള്‍ച്ചറല്‍ പ്രിസര്‍വേഷന്റെ കീഴില്‍ വരുന്ന ആനുകൂല്യങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. പാകിസ്താന് നല്‍കുന്ന വിദേശ സഹായം പുനഃപരിശോധിക്കുകയാണ് ഇതുവഴി ഉദ്ദേശിക്കുന്നതെന്ന് കറാച്ചിയിലെ യുഎസ് കോണ്‍സുലേറ്റ് അറിയിച്ചു.
ഊര്‍ജ മേഖലയിലേക്കുള്ള അഞ്ച് പദ്ധതികളും സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന പല പദ്ധതികളും നിര്‍ത്തിവെച്ചവയില്‍ ഉള്‍പ്പെടുന്നതായാണ് വിവരം. ആരോഗ്യം, കൃഷി, കന്നുകാലിവളര്‍ത്തല്‍, ഭക്ഷ്യസുരക്ഷ, പ്രളയം, കാലാവസ്ഥ, വിദ്യാഭ്യാസം തുടങ്ങിയവയെ ട്രംപിന്റെ പുതിയ നയം സ്വാധീനിക്കും.