Ukraine Agrees To Ceasefire Proposal: യുദ്ധം അവസാനിക്കുമോ? 30 ദിവസത്തെ വെടിനിർത്തലിന് തയ്യാറെന്ന് യുക്രൈൻ
Ukraine Agrees To Ceasefire Proposal: വെടി നിർത്തൽ കരാറിന് തയ്യാറായി യുക്രൈൻ. സൗദി അറേബ്യയിൽ നടന്ന ഉന്നതതല ചർച്ചയിലാണ് തീരുമാനം. യുക്രൈനുള്ള സൈനിക സഹായം പുനരാരംഭിക്കുമെന്ന് ഡോണാൾഡ് ട്രംപ് പറഞ്ഞു.

റിയാദ്: 30 ദിവസത്തെ ഇടക്കാല വെടിനിർത്തലിന് തയ്യാറാണെന്ന് അറിയിച്ച് യുക്രൈൻ. സൗദി അറേബ്യയിൽ നടന്ന ഉന്നതതല ചർച്ചയെ തുടർന്നാണ് റഷ്യ യുക്രൈൻ വെടിനിർത്തലിന് വഴിയൊരുങ്ങുന്നത്. എട്ട് മണിക്കൂറോളം നീണ്ട് നിന്ന ചർച്ചയ്ക്ക് ഒടുവിലായിരുന്നു തീരുമാനം. വെടിനിർത്തൽ യുക്രൈൻ അംഗീകരിച്ചതോടെ സൈനികസഹായം പുനരാരംഭിക്കാൻ തയ്യാറാണെന്ന് അമേരിക്കയും വ്യക്തമാക്കി. ഇന്റലിജൻസ് സഹായവും പുനസ്ഥാപിക്കും.
റഷ്യ കൂടി സമ്മതിച്ചാൽ കരാർ പ്രാബല്യത്തിൽ വരും. ഇനി തീരുമാനമെടുക്കേണ്ടത് റഷ്യയാണ്. പന്ത് ഇപ്പോൾ റഷ്യയുടെ കോർട്ടിലാണെന്നും റഷ്യ നിർദ്ദേശം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ പറഞ്ഞു. ഇരുകക്ഷികളും തയ്യാറെങ്കിൽ പരസ്പരധാരണയോടെ വെടിനിർത്തൽ നീട്ടാമെന്നും യുഎസ്-യുക്രൈൻ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. സമാധാനം പുനസ്ഥാപിക്കാൻ തയ്യാറാണെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി അറിയിച്ചു.
ALSO READ: മൗറിഷ്യസിന്റെ ദേശീയ ദിനാഘോഷം; മുഖ്യാതിഥിയായി നരേന്ദ്ര മോദി
വെടിനിർത്തൽ സന്നദ്ധത അറിയിച്ചെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രാലയവും പ്രസ്താവനയിറക്കിയിട്ടുണ്ട്. സിവിലിയൻ തടവുകാരുടെ മോചനം, പാലായനം ചെയ്യപ്പെട്ട യുക്രൈൻ കുട്ടികളുടെ മടങ്ങിവരവ്, തടവുകാരുടെ കൈമാറ്റം എന്നിവ സംബന്ധിച്ചും ധാരണയായി. ചർച്ചകളിൽ യൂറോപ്യൻ യൂണിയൻ പങ്കാളിത്തം ഉറപ്പാക്കണമെന്ന് യുക്രൈൻ ആവശ്യപ്പെട്ടു.
സെലൻസ്കിയെ വീണ്ടും വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്ന് ട്രംപ് പറഞ്ഞു. മാർച്ച് 1ന് വൈറ്റ് ഹൗസിൽ ട്രംപും സെലൻസ്കിയും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാലത് വാഗ്വാദത്തിലാണ് കലാശിച്ചത്. റഷ്യയുമായുള്ള വെടിനിര്‍ത്തലിന് യുക്രെയ്ന്‍ വിട്ടുവീഴ്ച ചെയ്യണമെന്ന് ട്രംപ് ആവശ്യപ്പെട്ടതാണ് സെലന്‍സ്‌കിയെ ചൊടിപ്പിച്ചത്. പുടിനുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് സെലന്‍സ്‌കി പറഞ്ഞു. പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ചും ഇരുവരും പോരാടി. സെലന്‍സ്‌കി അനാദരവ് കാണിച്ചെന്ന് ട്രംപ് പരസ്യമായി ആരോപിച്ചു. മൂന്നാം ലോകമഹായുദ്ധത്തിലേക്ക് കടക്കാനാണ് സെലന്‍സ്‌കി ശ്രമിക്കുന്നതെന്നും ദശലക്ഷകണക്കിന് ആളുകളുടെ ജീവന്‍ വെച്ചാണ് അദ്ദേഹം ചൂതാട്ടം കളിക്കുന്നതെന്നും ട്രംപ് ആരോപിച്ചിരുന്നു.
സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ എല്ലാ വഴികളും നോക്കുമെന്ന് സെലൻസ്കി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റഷ്യയുമായി സമാധാന കരാറിലെത്തുന്നതിന് സെലൻസ്കി തയ്യാറാകുന്നില്ലെന്ന വിമർശനങ്ങൾക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പിന്നാലെയാണ് വെടി നിർത്തൽ കരാറിന് തയ്യാറായത്. റഷ്യ യുക്രൈൻ യുദ്ധം ആരംഭിച്ചിട്ട് മൂന്ന് വർഷമായി. 2022 ഫെബ്രുവരിയിൽ ആരംഭിച്ച യുദ്ധം അതിവേഗം അവസാനിപ്പിക്കാനാകുമെന്നായിരുന്നു റഷ്യയുടെ പ്രതീക്ഷയെങ്കിലും യുദ്ധം നീണ്ടു നിൽക്കുകയാണ്.