Indus Waters Treaty: സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം; അഭ്യർത്ഥനയുമായി പാകിസ്ഥാൻ
Pakistan Urges India to Reconsider Indus Waters Treaty Suspension: വിഷയം ചർച്ച ചെയ്യാൻ പാകിസ്ഥാൻ തയ്യാറാണെന്നും കത്തിൽ പറയുന്നതായാണ് വിവരം. സിന്ധുനദീജല കരാർ മരവിപ്പിച്ച തീരുമാനം രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും കത്തിൽ പാകിസ്‌താൻ ജലവിഭവ മന്ത്രാലയം അറിയിച്ചു.
ന്യൂഡൽഹി: സിന്ധുനദീജല കരാർ മരവിപ്പിച്ച തീരുമാനം ഇന്ത്യ പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി പാകിസ്‌താൻ രംഗത്തെത്തിയതായി റിപ്പോർട്ട്. ഇക്കാര്യം ആവശ്യപ്പെട്ട് കൊണ്ട് പാകിസ്‌താൻ ജലവിഭവ മന്ത്രാലയം സെക്രട്ടറി സയ്യിദ് അലി മുർതാസ ഇന്ത്യക്ക് കത്തെഴുതിയാതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ ജലവിഭവ മന്ത്രാലയ സെക്രട്ടറിക്കാണ് കത്തെഴുതിയത്.
വിഷയം ചർച്ച ചെയ്യാൻ പാകിസ്ഥാൻ തയ്യാറാണെന്നും കത്തിൽ പറയുന്നതായാണ് വിവരം. സിന്ധുനദീജല കരാർ മരവിപ്പിച്ച തീരുമാനം രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും കത്തിൽ പാകിസ്‌താൻ ജലവിഭവ മന്ത്രാലയം അറിയിച്ചു. പഹൽഗാമിൽ 26 പേരുടെ ജീവൻ നഷ്ടമാകാൻ ഇടയായ ഭീകരാക്രമണത്തിന് പിന്നാലെ, ഏപ്രിൽ 23നാണ് സിന്ധുനദീജല കരാർ മരവിപ്പിച്ചത് ഉൾപ്പടെയുള്ള നടപടികൾ ഇന്ത്യ സ്വീകരിച്ചത്. ലോകബാങ്കിന്റെ മധ്യസ്ഥതയിൽ 1960ൽ നടപ്പിലാക്കിയ കരാറാണ് താത്കാലികമായി ഇന്ത്യ മരവിപ്പിച്ചത്.
അതിർത്തി കടക്കുന്ന ഭീകരതയ്ക്ക് പാകിസ്ഥാൻ പിന്തുണ നൽകുന്നത് അവസാനിപ്പിക്കുന്നത് വരെ കരാർ മരവിപ്പിക്കാനായിരുന്നു ഇന്ത്യയുടെ തീരുമാനം. ഇരുരാജ്യങ്ങളും തമ്മിൽ സിന്ധുനദീ ജലം പങ്കിടലിനായി നിലവിലുള്ള കരാർ മരവിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കില്ലെന്ന് കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കി. സിന്ധുനദീജല കരാറും ഭീകരവാദവും ഒരുമിച്ചു പോകില്ല എന്നതാണ് ഇന്ത്യയുടെ നിലപാട്.
ALSO READ: ‘തിരിച്ചടിക്കാൻ ഇന്ത്യക്ക് അവകാശമുണ്ട്’; ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണച്ച് പാക് പൗരൻ, വീഡിയോ വൈറൽ
കരാർ മരവിപ്പിച്ചതിന് കാരണം പാകിസ്താന്റെ ഭീകരപ്രവർത്തനങ്ങളാണ്. ഇത് പാകിസ്ഥാൻ തുടരുന്ന കാലത്തോളം കരാർ മരവിപ്പിച്ചുനിർത്തും. പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ ‘രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കിയിരുന്നു.