Peter Navarro: റഷ്യന്‍ എണ്ണ വാങ്ങി ലാഭമുണ്ടാക്കുന്നത് ഇന്ത്യയിലെ ബ്രാഹ്‌മണര്‍; ട്രംപിന്റെ ഉപദേഷ്ടാവ്
Peter Navarro on Russia-India Trade: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായിരിക്കെ ഇന്ത്യ എന്തിനാണ് വ്‌ളാഡിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി ഇടപാട് നടത്തുന്നതെന്നും നവാരോ ചോദിച്ചു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നവാരോ ഇക്കാര്യം പറയുന്നത്.
വാഷിങ്ടണ്‍: റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ ഇന്ത്യയ്ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചുമത്തിയ തീരുവയെ ന്യായീകരിച്ച് വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ. ഇന്ത്യ റഷ്യയുടെ അലക്കുശാലയാണെന്നും ബ്രാഹ്‌മണര്‍ ഇന്ത്യന്‍ ജനതയുടെ ചെലവില്‍ ലാഭം കൊയ്യുന്നുവെന്നും നവാരോ ആരോപിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായിരിക്കെ ഇന്ത്യ എന്തിനാണ് വ്‌ളാഡിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി ഇടപാട് നടത്തുന്നതെന്നും നവാരോ ചോദിച്ചു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നവാരോ ഇക്കാര്യം പറയുന്നത്.
ഇന്ത്യയ്ക്ക് മേലുള്ള അധിക തീരുവകള്‍ വ്‌ളാഡിമിര്‍ പുടിനെ ശ്വാസം മുട്ടിക്കാന്‍ പര്യാപ്തമാണോ എന്ന ചോദ്യത്തിന് ന്യഡല്‍ഹി മാത്രമല്ല ചൈനയും കുറ്റവാളിയാണ്. ഇന്ത്യയ്ക്ക് നിലവില്‍ 50 ശതമാനം തീരുവയുണ്ട്. ചൈനയ്ക്ക് 50 ശതമാനത്തിലധികം തീരുവ ചുമത്തിയെന്നായിരുന്നു നവാരോയുടെ മറുപടി.




2022 ഫെബ്രുവരിയില്‍ റഷ്യ യുക്രെയ്‌നില്‍ അധിനിവേശം നടത്തുന്നതിന് മുമ്പ് ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങിയിരുന്നി. ഇപ്പോള്‍ പുടിന്‍ മോദിക്ക് ക്രൂഡ് ഓയിലിന് കിഴിവ് നല്‍കുന്നു. അവര്‍ അത് ശുദ്ധീകരിച്ച് യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഉയര്‍ന്ന വിലയ്ക്ക് കയറ്റുമതി ചെയ്യുന്നു. ഇതുവഴി ധാരാളം പണം സമ്പാദിക്കുന്നുവെന്നും നവാരോ പറഞ്ഞു.
റഷ്യയ്ക്ക് യുദ്ധം നടത്തുന്നതിന് പണം നല്‍കുകയാണ് ഇന്ത്യ. ഇന്ത്യ ക്രെംലിനിന്റെ ഒരു അലക്കുശാല മാത്രമാണ്. പ്രധാനമന്ത്രി മോദിയെ ഒരു മഹാനായ നേതാവ് എന്ന് വിശേഷിപ്പിക്കുമ്പോള്‍, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായിരിക്കെ, പുടിനും ഷി ജിന്‍പിങ്ങിനുമൊപ്പം അദ്ദേഹം ബന്ധത്തില്‍ ഏര്‍പ്പെടുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല.
ഇന്ത്യന്‍ ജനത ദയവായി ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കണമെന്ന് ഞാന്‍ പറയും. ഇന്ത്യന്‍ ജനതയുടെ ചെലവില്‍ ബ്രാഹ്‌മണര്‍ ലാഭം കൊയ്യുകയാണ്. അത് അവസാനിപ്പിക്കണമെന്നും നവാരോ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇതാദ്യമായല്ല നവാരോ ഇന്ത്യയ്‌ക്കെതിരെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നത്. ഇന്ത്യയെ എണ്ണ പണമിടപാട് സ്ഥാപനം എന്ന് നവാരോ വിളിച്ചിരുന്നു. മോദിയുടെ യുദ്ധം എന്നായിരുന്നു റഷ്യന്‍ എണ്ണ വാങ്ങുന്നതിനെ കുറിച്ച് നവാരോ നേരത്തെ പറഞ്ഞത്.