Philadelphia Plane Crash : യുഎസില്‍ വീണ്ടും വിമാനാപകടം; ദുരന്തമുണ്ടായത് ഫിലാഡൽഫിയയില്‍; ചെറുവിമാനത്തിലുണ്ടായിരുന്നത് ആറു പേര്‍
Learjet crashes into Philadelphia residential area : വിമാനത്തില്‍ ആറു പേര്‍ ഉണ്ടായിരുന്നു. മരണം റിപ്പോര്‍ട്ട് ചെയ്തതായി സൂചനയുണ്ടെങ്കിലും, ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അപകടത്തെ തുടര്‍ന്ന് പ്രദേശത്തെ വീടുകളില്‍ തീപടര്‍ന്നതായും, ആളുകള്‍ പരിഭ്രാന്തരായതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 43 വർഷം പഴക്കമുള്ള ലിയർജെറ്റ് 55 ആണ് അപകടത്തില്‍പെട്ടത്
ഫിലാഡൽഫിയ: യുഎസിനെ ഞെട്ടിച്ച് വീണ്ടും വിമാനാപകടം. ഫിലാഡൽഫിയയിലാണ് അപകടമുണ്ടായത്. ചെറുവിമാന(Learjet)മാണ് അപകടത്തില്‍പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം വടക്കുകിഴക്കൻ ഫിലാഡൽഫിയയിലെ റെസിഡന്‍ഷ്യല്‍ ഏരിയയിലാണ് അപകടമുണ്ടായത്. വിമാനത്തില്‍ ആറു പേര്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മരണം റിപ്പോര്‍ട്ട് ചെയ്തതായി സൂചനയുണ്ടെങ്കിലും, ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അപകടത്തെ തുടര്‍ന്ന് പ്രദേശത്തെ വീടുകളില്‍ തീപടര്‍ന്നതായും, ആളുകള്‍ പരിഭ്രാന്തരായതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 43 വർഷം പഴക്കമുള്ള ലിയർജെറ്റ് 55 ആണ് അപകടത്തില്‍പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
പ്രദേശത്തുണ്ടായിരുന്ന ചിലര്‍ക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. ലിയർജെറ്റ് 55 വിമാനം വൈകുന്നേരം 6:30 ഓടെയാണ് തകര്‍ന്നതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ സ്ഥിരീകരിച്ചു. നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയ വിമാനത്താവളത്തിൽ നിന്ന് മിസ്സോറിയിലെ സ്പ്രിംഗ്ഫീൽഡ്-ബ്രാൻസൺ നാഷണൽ എയർപോർട്ടിലേക്ക് പോകുന്നതിനിടെയാണ് ജെറ്റ് അപകടത്തില്‍പെട്ടത്.




വീഡിയോ കാണാം:
🚨 #BREAKING… DEVELOPING… plane crashes in Philadelphia
Per ABC, it happened just after 6PM tonight. Multiple casualties reported.pic.twitter.com/lzfveRd7g0
— Eric Daugherty (@EricLDaugh) January 31, 2025
നിഷ്‌കളങ്കരായ മനുഷ്യരുടെ ജീവന്‍ നഷ്ടപ്പെട്ടുവെന്നായിരുന്നു പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം. അപകടസ്ഥലത്തെ ചില വീടുകളും വാഹനങ്ങളും കത്തിനശിച്ചതായി ഫിലാഡൽഫിയ മേയർ ചെറെൽ പാർക്കർ വ്യക്തമാക്കി. മരണസംഖ്യ സ്ഥിരീകരിച്ചിട്ടില്ലെന്നും മേയര്‍ അറിയിച്ചു. അപകടത്തസ്ഥലത്തുനിന്ന് മാറണമെന്ന് പ്രദേശവാസികളോട് മേയര്‍ ആവശ്യപ്പെട്ടു. പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപ്പിറോ സംഭവസ്ഥലത്തേക്ക് പോകുന്നുണ്ടെന്നു അവര്‍ പറഞ്ഞു.
ബോംബ് സ്‌ഫോടനം പോലെയാണ് തോന്നിയതെന്ന് പ്രദേശവാസികള്‍ പ്രതികരിച്ചു.വിമാനത്തിലുണ്ടായിരുന്നത് രോഗിയായ ഒരു കുട്ടിയും മറ്റ് അഞ്ച് പേരുമാണെന്ന് വിവരമുണ്ട്. ആരെങ്കിലും രക്ഷപ്പെട്ടോയെന്ന് വ്യക്തമല്ലെന്ന് മെഡിക്കൽ ട്രാൻസ്പോർട്ട് കമ്പനിയായ ജെറ്റ് റെസ്ക്യൂ എയർ ആംബുലൻസ് അറിയിച്ചു.
നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയയിലെ റൂസ്‌വെൽറ്റ് മാളിന് എതിർവശത്തുള്ള കോട്ട്മാൻ, ബുസ്റ്റൽട്ടൺ അവന്യൂകൾക്ക് സമീപമാണ് സംഭവം നടന്നതെന്ന് എമര്‍ജന്‍സി മാനേജ്‌മെന്റ് ഓഫീസ് അറിയിച്ചു. റൂസ്‌വെൽറ്റ് ബൊളിവാർഡിന്റെ ചില ഭാഗങ്ങൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ റോഡുകൾ അടച്ചതായും എമര്‍ജന്‍സി മാനേജ്‌മെന്റ് ഓഫീസ് വ്യക്തമാക്കി.
പ്രധാനമായും ബിസിനസ് ജെറ്റുകളും ചാർട്ടർ ഫ്ലൈറ്റുകളും സർവീസ് നടത്തുന്ന നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയ വിമാനത്താവളത്തിൽ നിന്ന് ഏകദേശം 4.8 കിലോമീറ്റർ അകലെയാണ് വിമാനം തകര്‍ന്നത്. വാഷിംഗ്ടൺ ഡിസിക്ക് സമീപമുള്ള റൊണാൾഡ് റീഗൻ ദേശീയ വിമാനത്താവളത്തിന് സമീപം ഏതാനും ദിവസം മുമ്പ് വിമാനവും ഹെലികോപ്ടറും കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് യുഎസിനെ ഞെട്ടിച്ച് മറ്റൊരു വിമാനം അപകടത്തില്‍പെട്ടത്.