Bondi Beach Shooting: സിഡ്‌നി കൂട്ടക്കൊലയ്ക്ക് പിന്നില്‍ അച്ഛനും മകനും; 15 പേര്‍ കൊല്ലപ്പെട്ടു
Sydney Mass Shooting Incident: 50 വയസുകാരനായ അച്ഛനും 24 വയസുള്ള മകനുമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് കമ്മീഷണര്‍ മാല്‍ ലാന്‍യോണ്‍ പറഞ്ഞു. പോലീസ് വെടിവെപ്പില്‍ 50 വയസുകാരന്‍ കൊല്ലപ്പെട്ടു, മകന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

വെടിയേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നു
സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നി ബോണ്ടി ബീച്ചില്‍ നടന്ന വെടിവെപ്പിന് പിന്നില്‍ അച്ഛനും മകനുമെന്ന് പോലീസ്. ആക്രമണത്തില്‍ ഇരുവരുമല്ലാതെ മറ്റാരും ഉള്‍പ്പെട്ടിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 15 പേര്‍ക്കാണ് വെടിവെപ്പില്‍ ജീവന്‍ നഷ്ടമായത്. 50 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ 10 വയസുള്ള പെണ്‍കുട്ടിയും ഉള്‍പ്പെടുന്നുവെന്ന് ന്യൂ സൗത്ത് വെയില്‍സ് പോലീസ് വ്യക്തമാക്കി.
50 വയസുകാരനായ അച്ഛനും 24 വയസുള്ള മകനുമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് കമ്മീഷണര്‍ മാല്‍ ലാന്‍യോണ്‍ പറഞ്ഞു. പോലീസ് വെടിവെപ്പില്‍ 50 വയസുകാരന്‍ കൊല്ലപ്പെട്ടു, മകന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അഹമ്മദ് അല്‍ അഹമ്മദ് ആണ് മരിച്ചതെന്നാണ് വിവരം. ഇയാള്‍ പഴക്കച്ചവടക്കാരാനാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബോണ്ടി കടല്‍തീരത്ത് ജൂതമതവിഭാഗത്തിന്റെ ഹനുക്ക ആഘോഷം നടക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. അക്രമികളുടെ പക്കല്‍ ലൈസന്‍സുള്ള തോക്ക് കണ്ടെടുത്തു. സംഭവ സ്ഥലത്ത് നിന്നും സജീവമായ ഇംപ്രൊവൈസ്ഡ് സ്‌ഫോടക വസ്തുക്കളും പോലീസ് കണ്ടെടുത്തു. എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷമാണ് ഹനുക്ക. അതിന്റെ ആദ്യദിനം ആഘോഷിക്കാനായി ആളുകള്‍ ഒത്തുകൂടിയ സമയത്തായിരുന്നു ആക്രമണം.
ആക്രമണത്തെ തുടര്‍ന്ന് ദേശീയ സുരക്ഷ സമിതി അടിയന്തര യോഗം വിളിച്ചുചേര്‍ത്തതായി പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് പറഞ്ഞു. ജൂത മതസ്ഥര്‍ക്ക് നേരെയുണ്ടാകുന്ന ഓരോ ആക്രമണവും ഓരോ ഓസ്‌ട്രേലിയന്‍ പൗരനും നേരെയുണ്ടാകുന്ന ആക്രമണമാണ്. ഈ രാജ്യത്ത് വെറുപ്പിനും അക്രമത്തിനും ഭീകരതയ്ക്കും സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.