UAE Free WiFi: യുഎഇയിൽ സൗജന്യമായി വൈഫൈ ഉപയോഗിക്കാം; വിവിധ ഹോട്ട്സ്പോട്ടുകൾ കണ്ടെത്താനുള്ള വഴി ഇങ്ങനെ
How To Connect UAE Free Wifi: യുഎഇയിലെ വിവിധ സ്ഥലങ്ങളിൽ സൗജന്യമായ പൊതു വൈഫൈ ഹോട്ട്സ്പോട്ടുകളുണ്ട്. എല്ലാവർക്കും ഇത് സൗജന്യമായി ഉപയോഗിക്കാം. ഈ വൈഫൈ ഹോട്ട്സ്പോട്ടുകൾ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് പരിശോധിക്കാം.

യുഎഇയിലെ വിവിധയിടങ്ങളിൽ സൗജന്യ വൈഫൈ ഹോട്ട്സ്പോട്ടുകളുണ്ട്. എല്ലാവർക്കും സൗജന്യമായി ഉപയോഗിക്കാവുന്ന പൊതു വൈഫൈ ഹോട്ട്സ്പോട്ടുകളാണിത്. അതുകൊണ്ട് തന്നെ യുഎഇ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് ഈ സൗജന്യ വൈഫൈ സ്പോട്ടുകൾ വളരെ സഹായകമാവാറുണ്ട്. ഈ വൈഫൈ സ്പോട്ടുകൾ ഉപയോഗിക്കാൻ വലിയ ബുദ്ധിമുട്ടുകളില്ല. എങ്ങനെയാണ് ഈ പൊതു ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി ഉപയോഗിക്കുക എന്ന് പരിശോധിക്കാം.
ദുബായ്
ദുബായിലെ വിവിധയിടങ്ങളിൽ സൗജന്യ വൈഫൈ ഹോട്ട്സ്പോട്ടുകളുണ്ട്. വിവിധ എമിറേറ്റുകളിൽ ഏറ്റവുമധികം സൗജന്യ പൊതു വൈഫൈ ഹോട്ട്സ്പോട്ടുകൾ ഉള്ളത് ദുബായിലാണ്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലുടനീളം സൗജന്യ വൈഫൈ ഉണ്ട്. DXB വൈഫൈ കണക്റ്റ് ചെയ്യുമ്പോൾ വരുന്ന പോപ്പപ്പ് പേജിൽ പേരും ഫോൺ നമ്പരും ഇമെയിൽ ഐഡിയും കൊടുത്താൽ ഈ വൈഫൈ സൗജന്യമായി ഉപയോഗിക്കാം. 60 മിനിട്ടാണ് ഇങ്ങനെ സൗജന്യ ഉപയോഗം അനുവദിക്കുക. അതേസമയം, അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിലെ വൈഫൈ ഉപയോഗത്തിന് സമയപരിധിയില്ല. DWC വൈഫൈ തിരഞ്ഞെടുത്ത് വെബ് ബ്രൗസറിൽ നിന്ന് ‘ഗെറ്റ് ഓൺലൈൻ നൗ’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ ഈ വൈഫൈ ഉപയോഗിക്കാനാവും.
ദുബായിലെ മെട്രോ സ്റ്റേഷനുകളിലും സൗജന്യ വൈഫൈ ലഭിക്കും. വൈഫൈ നെറ്റ്‌വർക്കിൽ കണക്ട് ചെയ്യുമ്പോൾ വരുന്ന പോപ്പപ് പേജിൽ പേരും ഫോൺ നമ്പരും ഇമെയിൽ അഡ്രസും നൽകിയാൽ ഒരു മണിക്കൂർ നേരത്തേക്ക് സൗജന്യമായി ഇൻ്റർനെറ്റ് ഉപയോഗിക്കാം. സത്‌വ, യൂണിയൻ, അൽ ഗുബൈബ, ഗോൾഡ് സൂഖ്, മാൾ ഓഫ് എമിറേറ്റ്സ്, ഇബ്ൻ ബത്തൂത്ത, ഇൻ്റർനാഷണൽ സിറ്റി, സിറ്റി സെൻ്റർ ദെയ്റ, അൽ ഖുസൈസ് എന്നിവിടങ്ങളിലെ ബസ് സ്റ്റേഷനുകളിലും സൗജന്യ വൈഫൈ ഉണ്ട്. പോപ്പപ്പ് പേജിൽ പേരും ഫോൺ നമ്പരും ഇമെയിൽ അഡ്രസും നൽകിയാൽ ഒരു മണിക്കൂർ സൗജന്യ ഇൻ്റർനെറ്റ് ലഭിക്കും.




അബുദാബി
അബുദായിലെ സായെദ് രാജ്യാന്തര വിമാനത്താവളത്തിൽ Zayed Intl Airport Free Wi-Fiൻ എന്ന പേരിലാണ് സൗജന്യ വൈഫൈ ഹോട്ട്സ്പോട്ട് ഉണ്ടാവുക. ഇതിലേക്ക് കണക്ട് ചെയ്താൽ അബുദാബി രാജ്യാന്തര വിമാനത്താവളത്തിൻ്റെ ലാൻഡിങ് പേജിലെത്തും. ഇവിടെനിന്ന് ഇൻ്റർനെറ്റ് കണക്ഷൻ ലഭിക്കും. ഇതിന് സമയപരിധിയില്ല.
അബുദാബിയിലെ പൊതു സ്ഥലങ്ങളിൽ പലയിടത്തും ഇതുപോലെ സൗജന്യ വൈഫൈ ഹോട്ട്സ്പോട്ടുകളുണ്ട്. ഇവിടങ്ങളിൽ നിന്നൊക്കെ സൗജന്യമായി ഇൻ്റർനെറ്റ് ഉപയോഗിക്കാനാവും.
ഷാർജ
ഷാർജ വിമാനത്താവളത്തിലെ സൗജന്യ വൈഫൈ ലഭിക്കണമെങ്കിൽ ഷാർജ എയർപോർട്ട് നെറ്റ്‌വർക്കായ Fly-Fi) തിരഞ്ഞെടുക്കണം. ഇതിൽ രജിസ്ട്രേഷൻ ആവശ്യമില്ല. കണക്റ്റ് ചെയ്താൽ സമയപരിധിയില്ലാതെ സൗജന്യമായി ഇൻ്റർനെറ്റ് ഉപയോഗിക്കാനാവും.
റാസ് അൽ ഖൈമ, ഫുജൈറ വിമാനത്താവളങ്ങളിലും സൗജന്യ വൈഫൈ ഹോട്ട്സ്പോട്ടുകളുണ്ട്. ടെലികോം ഓപ്പറേറ്റർ ഡു രാജ്യത്തുടനീളം വിവിധ സ്ഥലങ്ങളിൽ സൗജന്യ വൈഫൈ ഹോട്ട്സ്പോട്ടുകൾ സജ്ജീകരിച്ചിട്ടുണ്ട്. വിവിധ മാളുകൾ, മെട്രോ സ്റ്റേഷനുകൾ, പൊതു പാർക്കുകൾ, സ്റ്റാർബക്ക്സ്, ആശുപത്രികൾ, ഹോട്ടലുകൾ തുടങ്ങി വിവിധ സ്ഥലങ്ങളിലാണ് സൗജന്യ വൈഫൈ ഹോട്ട്സ്പോട്ടുകൾ ഉള്ളത്.