5
Latest newsBudget 2025KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Saudi Arabia: 21000 പേർ അറസ്റ്റിൽ, 10000 പേരെ നാടുകടത്തി; അനധികൃത താമസക്കാർക്കെതിരെ നടപടി കടുപ്പിച്ച് സൗദി അറേബ്യ

Saudi Arabia Arrests Illegal Residants : മതിയായ രേഖകളില്ലാതെ രാജ്യത്ത് താമസിച്ചവരെയും രാജ്യത്തേക്കും പുറത്തേക്കും വന്നവർക്കെതിരെയും നടപടി സ്വീകരിച്ച് സൗദി അറേബ്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം സൗദിയിൽ 21,000 പേർ അറസ്റ്റിലാവുകയും 10,000 പേരെ നാടുകടത്തുകയും ചെയ്തു

Saudi Arabia: 21000 പേർ അറസ്റ്റിൽ, 10000 പേരെ നാടുകടത്തി; അനധികൃത താമസക്കാർക്കെതിരെ നടപടി കടുപ്പിച്ച് സൗദി അറേബ്യ
സൗദി അറേബ്യImage Credit source: Unsplash
abdul-basith
Abdul Basith | Published: 03 Feb 2025 15:08 PM

അനധികൃത താമസക്കാർക്കെതിരെ നടപടി കടുപ്പിച്ച് സൗദി അറേബ്യ. വീസ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി രാജ്യത്ത് തുടരുന്നവർക്കെതിരെയും മതിയായ രേഖകളില്ലാതെ രാജ്യത്തേക്കും പുറത്തേക്കും പോകാൻ ശ്രമിച്ചവർക്കെതിരെയുമാണ് നടപടി. സംഭവത്തിൽ കഴിഞ്ഞയാഴ്ച മാത്രം 21,000 പേർ അറസ്റ്റിലാവുകയും 10,000 പേരെ നാടുകടത്തുകയും ചെയ്തു.

സൗദി അറേബ്യ ആഭ്യന്തര മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ ദേശവ്യാപകമായി പരിശോധന നടത്തി വരികയാണ്. ഇതിലാണ് നിയമലംഘകർ പിടിയിലാവുന്നത്. ആകെ കഴിഞ്ഞയാഴ്ച അറസ്റ്റിലായ 21,000 പേരിൽ 14,000 പേർ താമസവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചവരാണ്. 4,600 പേർ അതിർത്തിയിലെ സുരക്ഷാപ്രശ്നങ്ങളിൽ ലംഘിച്ചതിനും 3,000 പേർ രാജ്യത്തെ തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനുമാണ് പിടിയിലായത്.

ഇതുവരെ 27,000ലധികം നിയമലംഘകരെ പിടികൂടി അതാത് എംബസികളെ ഏല്പിച്ചു എന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരെയൊക്കെ വൈകാതെ തന്നെ നാടുകടത്തും. ഇവരിൽ 1477 പേർ സൗദി അറേബ്യയിലേക്ക് അനധികൃതമായി കടന്നുവന്നതിന് പിടിയിലായവരാണ്. ഇവരിൽ 55 ശതമാനവും എത്യോപ്യയിൽ നിന്നുള്ളവരാണ്. 41 പേർ യമൻ പൗരന്മാരാണ്. അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 90 പേരും പിടിയിലായവരിലുണ്ട്. നിയമലംഘകർക്കെതിരായ നടപടി രാജ്യത്ത് നീതിനിർവ്വഹണം നടപ്പിലാക്കാനാണെന്ന് ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു. 2024 ഡിസംബറിലും നിയമലംഘകരായ 20,000ലധികം പ്രവാസികൾ അറസ്റ്റിലായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയായ 10,000ലധികം ആളുകളെ അതാത് നാടുകളിലേക്ക് തിരികെ അയക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. ഇവരിൽ 4000 പേരെ മടക്കി അയക്കുകയും ചെയ്തു. നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന ഏറെക്കാലമായി ആഭ്യന്തര മന്ത്രാലയം നടത്തുന്നുണ്ട്. ഇതിൻ്റെ ഭാഗമായാണ് ഈ നടപടികൾ.

Also Read: Wild Bull: ഒമാനില്‍ കാള വിരണ്ടോടി; കാറുമായി കൂട്ടിയിടിച്ച് അപകടം, വീഡിയോ

ഗൾഫ് ന്യൂസിൻ്റെ റിപ്പോർട്ട് പ്രകാരം 18 സൗദി പൗരന്മാരെയും പിടികൂടിയിട്ടുണ്ട്. മതിയായ രേഖകളില്ലാത്ത വിദേശതൊഴിലാളികൾക്ക് ജോലി കൊടുത്തതിനും താമസിപ്പിച്ചതിനുമാണ് ഇവർ പിടിയിലായത്. ഇങ്ങനെ പിടിക്കപ്പെട്ട പൗരന്മാർക്ക് 15 വർഷം വരെ തടവ് ശിക്ഷയും 10 ലക്ഷം സൗദി റിയാൽ വരെ പിഴയും ലഭിച്ചേക്കും. ഒപ്പം, വാഹനവും നിയമലംഘനം നടന്ന സ്ഥാപനവും പിടിച്ചെടുക്കുകയും ചെയ്യും. മതിയായ രേഖകളില്ലാത്ത വിദേശതൊഴിലാളികളെ സംരക്ഷിക്കരുതെന്ന് പൗരന്മാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. ഇത്തരത്തിലുള്ള നിയമലംഘകരെപ്പറ്റി വിവരമറിയിക്കണമെന്നും അധികൃതർ സൗദി പൗരന്മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന് തയ്യാറാവാതെ നിയമലംഘകരായ വിദേശതൊഴിലാളികൾക്ക് ജോലി കൊടുക്കുന്നതും സംരക്ഷിക്കുന്നതും ശിക്ഷാർഹമായ തെറ്റാണ്.