Cyclone Ditwah: ഡിറ്റ്‌വ പോയിട്ടും കരകയറാനാകാതെ ശ്രീലങ്ക, പൊലിഞ്ഞത് നാനൂറിലേറെ ജീവനുകള്‍
Sri Lanka Post Cyclone Ditwah Crisis: ഡിറ്റ്‌വ തകര്‍ത്തെറിഞ്ഞ ജീവനുകളുടെയും ജീവിതങ്ങളുടെയും കണക്കുകള്‍ കണ്ട് പകച്ചുനില്‍ക്കുകയാണ് ശ്രീലങ്ക. സമീപകാലത്ത് ശ്രീലങ്ക കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു ഇത്
കൊളംബോ: ഒട്ടനവധി പ്രതിസന്ധികളെ അതിജീവിച്ച രാജ്യമാണെങ്കിലും, ഡിറ്റ്‌വ തകര്‍ത്തെറിഞ്ഞ ജീവനുകളുടെയും ജീവിതങ്ങളുടെയും കണക്കുകള്‍ കണ്ട് പകച്ചുനില്‍ക്കുകയാണ് ശ്രീലങ്ക. സമീപകാലത്ത് ശ്രീലങ്ക കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു ഇത്. ഇന്ത്യയുടെ അയല്‍രാജ്യമായ ഈ കൊച്ചുദ്വീപ് രാഷ്ട്രത്തിന് മറ്റ് രാജ്യങ്ങളുടെ സഹായമില്ലാതെ പിടിച്ചുനില്‍ക്കാനാകാത്ത അവസ്ഥയാണ്. നിരവധി രാജ്യങ്ങളാണ് ലങ്കയ്ക്ക് സഹായവുമായി രംഗത്തെത്തിയത്. ദുരന്തമുണ്ടായപ്പോള്‍ തന്നെ സഹായഹസ്തവുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് എന്‍ഡിആര്‍എഫ് സംഘത്തെ വിന്യസിച്ചു. തുടര്‍ന്നും സഹായം നല്‍കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ ഉറപ്പ്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം 474 പേരാണ് ഇതുവരെ മരിച്ചത്. യഥാര്‍ത്ഥ സംഖ്യ ഇതിലും കൂടുതലാകാം. 356 പേരെ ഇപ്പോഴും കാണാനില്ല. ജീവനുകള്‍ മാത്രമല്ല, പലരുടെയും ജീവിതോപാധികളും ഡിറ്റ്‌വ തകര്‍ത്തെറിഞ്ഞു. റോഡുകള്‍, വീടുകള്‍, കെട്ടിടങ്ങള്‍…സര്‍വവിനാശികാരിയായി മാറിയ ഡിറ്റ്‌വ സര്‍വതും തകര്‍ത്തെറിഞ്ഞു. നാശനഷ്ടങ്ങളുടെ കണക്കുകള്‍ വളരെ വലുതാണ്. ഇതില്‍ നിന്നും കരകയറാന്‍ ശ്രീലങ്കയ്ക്ക് ഇനിയും ഏറെ സമയം വേണ്ടിവരും.
കാന്‍ഡി ഞെട്ടി
ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത് കാന്‍ഡി ജില്ലയിലാണ്. 118 പേരാണ് കാന്‍ഡിയില്‍ മാത്രം മരിച്ചത്. കാണ്ടിയില്‍ മണ്ണിടിച്ചില്‍ കൂടുതലായിരുന്നു. ഇതാണ് മരണസംഖ്യ വര്‍ധിപ്പിച്ചത്. രാജ്യത്തെ 15 ലക്ഷത്തിലധികം പേരെയാണ് ദുരിതം ബാധിച്ചത്. രണ്ട് ലക്ഷം പേരെയെങ്കിലും മാറ്റിപ്പാര്‍പ്പിച്ചു. ലങ്കയിലെ വിവിധ ഭാഗങ്ങളിലുള്ള 53,758 കേന്ദ്രങ്ങളിലായി ഇവരെ പാര്‍പ്പിച്ചിരിക്കുകയാണ്. 971 വീടുകൾ പൂര്‍ണമായും തകര്‍ന്നു. 40,358 വീടുകൾക്ക് ഭാഗികമായ നാശനഷ്ടങ്ങളുണ്ടായി. കൊളംബോ ജില്ലയില്‍ ഏകദേശം മൂന്ന് ലക്ഷത്തോളം പേരാണ് ദുരിതക്കയത്തില്‍ അകപ്പെട്ടത്.
Also Read: Cyclone Ditwah: ഡിറ്റ്‌വ ശ്രീലങ്കയില്‍ വിതച്ചത് കനത്ത നാശം, ഒപ്പമുണ്ടെന്ന് മോദി
ഓപ്പറേഷൻ സാഗർ ബന്ധു
ചുഴലിക്കാറ്റ് സര്‍വനാശം വിതച്ച ശ്രീലങ്കയ്ക്ക് ഓപ്പറേഷന്‍ സാഗര്‍ ബന്ധുവിലൂടെ ഇന്ത്യ നല്‍കിയ സഹായം ഏറെ ആശ്വാസകരമായി. ഐഎൻഎസ് സുകന്യ ട്രിങ്കോമലിയിലേക്ക് എത്തിച്ച സാധനങ്ങൾ ശ്രീലങ്കൻ വ്യോമസേന കിഴക്കൻ പ്രവിശ്യയിലെ ദുരിതബാധിതര്‍ക്ക് വ്യോമമാർഗം എത്തിച്ചു. പുട്ടലത്ത് എൻഡിആർഎഫ് ഗർഭിണികളും പരിക്കേറ്റവരും ഉൾപ്പെടെ ഏകദേശം 800 ഓളം പേരെ സഹായിച്ചു.
ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ 5.5 ടണ്ണിലധികം ദുരിതാശ്വാസ വസ്തുക്കൾ വ്യോമമാർഗം ഇറക്കി. 73 മെഡിക്കല്‍ ജീവനക്കാര്‍, മെഡിക്കല്‍ സംവിധാനങ്ങള്‍ എന്നിവയുമായി ‘സി-17 ഗ്ലോബ്മാസ്റ്റർ’ കഴിഞ്ഞ ദിവസം ലങ്കയില്‍ പറന്നിറങ്ങിയിരുന്നു.