Mozambique Boat Tragedy: മൊസാംബിക്കില്‍ ബോട്ട് മറിഞ്ഞ് 3 ഇന്ത്യക്കാര്‍ മരിച്ചു; മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേരെ കാണാനില്ല
Indians Dead in Mozambique: ബോട്ട് മറിയാനുണ്ടായ കാരണം വ്യക്തമല്ല. ആകെ 21 പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ പതിനാല് പേര്‍ ഇന്ത്യക്കാരായിരുന്നു. അഞ്ച് പേരെ രക്ഷപ്പെടുത്തിയതായും അവര്‍ സുരക്ഷിതരാണെന്നും ഹൈക്കമ്മീഷന്‍ സ്ഥിരീകരിച്ചു.
മപുറ്റോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ ബെയ്‌റ തുറമുഖത്ത് ലോഞ്ച് ബോട്ട് മറിഞ്ഞ് മൂന്ന് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേരെ കാണാതായതാണ് വിവരം. വെള്ളിയാഴ്ചയാണ് അപകടം നടന്നതെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പുറത്തുവിട്ട വിവരത്തില്‍ പറയുന്നു. കടല്‍തീരത്ത് നങ്കൂരമിട്ട എംടി സീ ക്വസ്റ്റ് എണ്ണ കപ്പലിലെ നാവികരാണ് അപകടത്തില്‍ പെട്ടത്.
എന്നാല്‍ ബോട്ട് മറിയാനുണ്ടായ കാരണം വ്യക്തമല്ല. ആകെ 21 പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ പതിനാല് പേര്‍ ഇന്ത്യക്കാരായിരുന്നു. അഞ്ച് പേരെ രക്ഷപ്പെടുത്തിയതായും അവര്‍ സുരക്ഷിതരാണെന്നും ഹൈക്കമ്മീഷന്‍ സ്ഥിരീകരിച്ചു. ഒരാള്‍ നിലവില്‍ ബെയ്‌റ ആശുപത്രിയില്‍ ചികിത്സയിലാണ്. കാണാതായവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്.
മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അനുശോചനം രേഖപ്പെടുത്തികൊണ്ട് മൊസാബിക്കിലെ ഇന്ത്യന്‍ കമ്മീഷന്‍ പോസ്റ്റ് പങ്കുവെച്ചു.




ബെയ്‌റ തുറമുഖത്തുണ്ടായ ബോട്ട് അപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധി പേരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. അപകടത്തെ തുടര്‍ന്ന് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി മിഷന്‍ നിരന്തരം ബന്ധപ്പെടുകയും, അവര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുകയും ചെയ്യുന്നു, ഹൈക്കമ്മീഷന്റെ എക്‌സ് പോസ്റ്റില്‍ പറയുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കായി ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് ബന്ധപ്പെടുന്നതിനായി ഹൈക്കമ്മീഷന്‍ ടെലിഫോണ്‍ നമ്പറും പുറത്തുവിട്ടിട്ടുണ്ട്. +258-870087401 (m), +258-821207788 (m), +258-871753920 -WhatsApp നിങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണ്.